വെള്ള കുർത്തയണിഞ്ഞ് നിക്, മഞ്ഞ സാരിയിൽ പ്രിയങ്ക; മകള്‍ക്കൊപ്പം താരദമ്പതികൾ അയോധ്യയിൽ
Mail This Article
ജീവിതപങ്കാളി പ്രിയങ്ക ചോപ്രയ്ക്കും മകൾ മാൾട്ടി മേരിക്കുമൊപ്പം അയോധ്യ രാമക്ഷേത്രം സന്ദർശിച്ച് അമേരിക്കൻ ഗായകൻ നിക് ജൊനാസ്. വെളുത്ത നിറത്തിലുള്ള കുർത്ത ധരിച്ചാണ് നിക് ജൊനാസ് എത്തിയത്. മഞ്ഞ സാരിയായിരുന്നു പ്രിയങ്കയുടെ വേഷം. മകളേയും കയ്യിലെടുത്ത് ക്ഷേത്രത്തില്‍ പ്രവേശിച്ച നിക്കിനേയും പ്രിയങ്കയേയും ക്ഷേത്ര ഭാരവാഹികള്‍ സ്വീകരിച്ചു. താരദമ്പതികൾ എത്തിയതറിഞ്ഞ് നിരവധിയാളുകളാണ് ഇവരെ കാണാൻ ക്ഷേത്രപരിസരത്തു തടിച്ചുകൂടിയത്.
പ്രിയങ്ക ചോപ്രയുമായുള്ള വിവാഹം കഴിഞ്ഞതോടെയാണ് നിക് ജൊനാസ് ഇന്ത്യയിലെ പതിവ് സന്ദർശകനായത്. പ്രിയങ്കയെ വിവാഹം കഴിച്ചതോടെ തനിക്ക് ഇന്ത്യൻ സംസ്കാരങ്ങളും മതപരമായ ആചാരങ്ങളും പഠിക്കാൻ സാധിച്ചുവെന്ന് നിക് മുൻപ് പറഞ്ഞിട്ടുണ്ട്. അമേരിക്കൻ വംശജനായിട്ടു പോലും താൻ പ്രിയങ്കയുടെ മതത്തെയും വിശ്വാസത്തെയും ബഹുമാനിക്കുന്നുവെന്നും ഗായകൻ അഭിമുഖങ്ങളിലൂടെ വെളിപ്പെടുത്തി. പ്രിയങ്കയോടൊപ്പം ക്ഷേത്രപൂജകളിലും മറ്റ് ആചാരങ്ങളിലും നിക് പങ്കെടുക്കുന്നതും പതിവാണ്. അടുത്തിടെ മകളുടെ പിറന്നാളിന് ലൊസാഞ്ചലസിലെ ക്ഷേത്രത്തിൽ താരദമ്പതികൾ പ്രത്യേക പൂജകൾ നടത്തിയിരുന്നു.
2018 ഡിസംബർ 1നാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും വിവാഹിതരായത്. മൂന്നു ദിവസം നീണ്ട രാജകീയ പ്രൗഢി നിറയുന്ന ആഘോഷങ്ങളോടെയായിരുന്നു ഇന്ത്യൻ പാരമ്പര്യമനുസരിച്ചുള്ള വിവാഹം. പിന്നീട് നിക്കിന്റെ രാജ്യമായ അമേരിക്കയിൽ വച്ചും ചടങ്ങളുകൾ നടത്തി. 2022 ജനുവരി 22ന് നിക്കിനും പ്രിയങ്കയ്ക്കും പെൺകുഞ്ഞ് പിറന്നു. വാടകഗർഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്. മാൾട്ടിക്കും സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറെയുണ്ട്.