അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്ത് വിസ്മയ; ആർത്തുവിളിച്ച് തുള്ളിച്ചാടി സുചിത്ര മോഹൻലാൽ
Mail This Article
ഇഷ്ടഗായകന്റെ സംഗീതപരിപാടി കാണാനെത്തി ആവേശം കൊണ്ട് തുള്ളിച്ചാടുന്ന സുചിത്ര മോഹൻലാലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കൗമാരകാലം മുതലുള്ള ആരാധനാപാത്രമായ ബ്രിട്ടിഷ് ഗായകനും ഗാനരചയിതാവുമായ സർ റോഡ്രിക് ഡേവിഡ് സ്റ്റിവാർട്ടിന്റെ പാട്ടുകേൾക്കാനാണ് സുചിത്ര എത്തിയത്. വേദിയിൽ സ്റ്റിവാർട്ട് പാടുന്നതുകേട്ട് മതിമറന്ന് ആവേശം കൊള്ളുകയാണ് സുചിത്ര.
വിസ്മയ മോഹൻലാൽ ആണ് സുചിത്രയുടെ ദീർഘകാലമായുള്ള ആഗ്രഹം സാധിച്ചുകൊടുത്തത്. വിസ്മയ തന്നെയാണ് സുചിത്രയുടെ ആസ്വാദന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും, ‘എന്റെ അമ്മയുടെയും ആന്റിയുടെയും സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. സ്റ്റിവാർട്ടിനു ഹൃദയം നിറഞ്ഞ നന്ദി. എന്റെ അമ്മയെ അറിയുന്നവർക്കു മനസ്സിലാകും ഈ നിമിഷം അമ്മയ്ക്ക് എത്രമാത്രം പ്രിയപ്പെട്ടതും വിശിഷ്ടവുമാണെന്ന്’, വിഡിയോ പങ്കിട്ട് വിസ്മയ മോഹൻലാൽ കുറിച്ചു.
സുചിത്രയുടെ വിഡിയോ ദൃശ്യങ്ങൾ ഇതിനകം സമൂഹമാധ്യമലോകത്ത് വ്യാപകമായി പ്രചരിച്ചുകഴിഞ്ഞു. സുചിത്രയെ ആദ്യമായാണ് ഇത്രയും ആവേശഭരിതയായി കാണുന്നതെന്ന് പ്രേക്ഷകർ കുറിക്കുന്നു. അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്ത വിസ്മയയെ പ്രശംസിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്.