അവരുടെ നീചവും നികൃഷ്ടവുമായ പ്രസ്താവന ഒരു ഓർമപ്പെടുത്തൽ കൂടിയാണ്: സിതാര കൃഷ്ണകുമാർ
Mail This Article
അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ.ആർഎൽവി രാമകൃഷ്ണനെതിരെ നർത്തകി സത്യഭാമ നടത്തിയ ജാതി–വർണ അധിക്ഷേപത്തിൽ പ്രതികരിച്ച് ഗായിക സിതാര കൃഷ്ണകുമാർ. സത്യഭാമയുടെ വാക്കുകൾ ഒരു ഓർമപ്പെടുത്തലാണെന്നും തെറ്റു പറ്റുന്നതിലും അപകടമാണ് അത് തിരിച്ചറിയാതെ പോകുന്നതെന്നും സിതാര സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പലപ്പോഴും തമാശയെന്നു കരുതി പലരും പറയുന്ന വാക്കുകൾ കേൾക്കുന്നവരെ ഏതു തരത്തിൽ ബാധിക്കുമെന്നതിനെക്കുറിച്ചും സിതാര വിശദീകരിച്ചു.
‘ശ്രീമതി സത്യഭാമയുടെ അതി നീചവും നികൃഷ്ടവുമായ പ്രസ്താവന ഒരു ഓർമപ്പെടുത്തൽ കൂടിയാവേണ്ടതുണ്ട്! തെറ്റ് പറ്റുന്നതിലും അപകടമാണ് അത് തിരിച്ചറിയാത്തത്തും ഇനി മനസ്സിലായാൽ പോലും അത് അംഗീകരിച്ച് മനസ്സറിഞ്ഞ് മാപ്പുപറയാൻ തയ്യാറാവാത്തതും. മറ്റൊന്നുകൂടെ കൂട്ടി ചേർക്കേണ്ടതുണ്ട്, "നല്ല വെളുത്ത സുന്ദരിക്കുട്ടി", "ഒരു കറുത്ത് തടിച്ച സാധനം'', "ചെറുമക്കുടിയിലെ പോലെ ഒച്ചപ്പാട്", "കല്യാണപെണ്ണിന് നല്ല നിറം! ചെക്കനെ പോലെയല്ലാത്തതുകൊണ്ട് ഉണ്ടാവുന്ന കൊച്ചിന് ചിലപ്പോ വെളുപ്പ് കിട്ടും", അങ്ങനെ അങ്ങനെ നിരുപദ്രവകരം എന്നും, തമാശയെന്നും കരുതി പലരും പറയുന്ന അശ്രദ്ധമായ അനവധി നിരവധി വാചകങ്ങൾ നിങ്ങളുടെ ഉള്ളിലും ഉണ്ടോ, അത്തരം പ്രസ്താവനകളെ നിങ്ങളും ചിരിച്ച് തള്ളാറുണ്ടോ? ഇങ്ങനെ ആത്മപരിശോധനയ്ക്കുള്ള ഒരവസരം കൂടിയാണ് സത്യഭാമ ടീച്ചറുടെ ആക്രോശം’, സിതാര കുറിച്ചു.
സിതാരയുടെ വാക്കുകൾ ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണു പിന്തുണച്ചു രംഗത്തെത്തുന്നത്. സത്യഭാമയ്ക്കെതിരെ സംഗീതസംവിധായകൻ ബിജിബാൽ പങ്കുവച്ച ഒറ്റവരി പോസ്റ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവിധമേഖലകളിലെ നിരവധി പ്രമുഖരാണ് സത്യഭാമയുടെ അധിക്ഷേപപരാമർശങ്ങൾക്കെതിരെ വിമർശനസ്വരമുയർത്തുന്നത്.
അടുത്തിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ആർഎൽവി രാമകൃഷ്ണനെതിരെ സത്യഭാമ വിവാദപരമാർശം നടത്തിയത്. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ. ഇത് വിവാദത്തിനു തിരികൊളുത്തി. പറഞ്ഞവാക്കുകളിൽ ഖേദപ്രകടനം നടത്താൻ തയ്യാറാകാതെ വീണ്ടും വീണ്ടും അധിക്ഷേപിക്കും വിധത്തിൽ പ്രതികരിച്ച സത്യഭാമയ്ക്കെതിരെ വിമർശനം രൂക്ഷമാവുകയാണ്.