ആദ്യമായി ഗുരുവായൂരപ്പ ഭക്തിഗാനം പാടി ശങ്കർ മഹാദേവൻ; നേരെ ഹൃദയത്തിലേക്കെന്ന് ആരാധകർ
Mail This Article
പ്രണയരസത്തിൽ അലിഞ്ഞ് ശങ്കർ മഹാദേവന്റെ ആദ്യ ഗുരുവായൂരപ്പ ഭക്തിഗാനം. 'പാടൂ ബാസുരീ നീ' എന്നു തുടങ്ങുന്ന ഗാനം കൃഷ്ണനും ഓടക്കുഴലും തമ്മിലുള്ള നിതാന്ത പ്രണയമാണ് പങ്കുവയ്ക്കുന്നത്. ഹൃദയത്തോടു ചേർന്നിരുന്ന് പ്രണയാർദ്രമായ സ്വകാര്യം പറയുന്നതു പോലെയാണ് ഗാനത്തിന്റെ അനുഭവം.
പ്രകാശ് ഉള്ളിയേരിയുടെ സംഗീതത്തിൽ ബി.കെ.ഹരിനാരായണനാണ് ഗാനത്തിന്റെ രചന. പുല്ലാങ്കുഴൽ വാദകൻ എസ്.ആകാശ്, കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസി, മധു പോൾ തുടങ്ങിയവര്‍ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നു. സജി.ആർ.നായരാണ് ശബ്ദമിശ്രണം.
ബാസുരി ആന്റ് ബീറ്റ്സിലൂടെ പുറത്തിറങ്ങിയ ഗാനത്തിന് മികച്ച പ്രതികരണങ്ങളാണ് ആസ്വാദകരിൽ നിന്നു ലഭിക്കുന്നത്. 'നേരെ ഹൃദയത്തിലേക്ക്' എന്നാണ് ഒരു ആരാധകന്റെ കമന്റ്. പ്രതിഭകൾ ഒത്തുചേർന്ന ഗാനം അതിമനോഹരമായ അനുഭവമാണ് സമ്മാനിക്കുന്നതെന്ന് ആസ്വാദകർ പറയുന്നു.