വാണി പറഞ്ഞു, ‘അയ്യോ, പ്രണയഗാനമോ?’; ബാബു ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ലെന്നും പ്രതികരണം: ബാബുരാജ് പറയുന്നു
Mail This Article
സാന്ദ്ര തോമസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്നു നിർമിക്കുന്ന ‘ലിറ്റിൽ ഹാർട്ട്സ്’ എന്ന ചിത്രത്തിൽ നടൻ ബാബുരാജും നടി രമ്യ സുവിയും ചേർന്നഭിനയിച്ച പ്രണയ ഗാനം വൈറലാണ്. "നാം ചേർന്ന വഴികളിൽ" എന്നു തുടങ്ങുന്ന ഗാനത്തിൽ മധ്യവയസ്സ് പിന്നിട്ട പ്രണയികൾ മഴ നനഞ്ഞു ബസ് സ്റ്റാൻഡിലേക്ക് ഓടിക്കയറുന്നതും ബസിൽ മുട്ടിയുരുമ്മി ഇരിക്കുന്നതും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഒരാൾ ഇറങ്ങുമ്പോൾ മറ്റൊരാളുടെ കണ്ണിൽ നിറയുന്ന വിരഹവും അതിനു പശ്ചാത്തലമാകുന്ന പാട്ടും കാണികളിൽ ഏറെ ഗൃഹാതുരതയുണർത്തുന്നുണ്ട്.
എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും കൈവിട്ടുപോയ സുന്ദരമായൊരു പ്രണയകാലം. ആസ്വാദകനെ നഷ്ടപ്രണയത്തിന്റെ ഓർമകളിലേക്ക് ഒരിക്കൽ കൂടി കൂട്ടികൊണ്ടുപോവുകയാണ് ലിറ്റിൽ ഹാർട്ട്സിലെ ഈ പ്രണയഗാനം. പരുക്കൻ വേഷങ്ങളിൽ അഭിനയിച്ചിരുന്ന ബാബുരാജിന് ഈ പ്രണയഗാനത്തിലെ കമിതാവിന്റെ വേഷം പുത്തൻ ആനുഭവമാണ്. ആദ്യമായി ഒരു പ്രണയഗാനത്തിൽ അഭിനയിച്ച അനുഭവം മനോരമ ഓൺലൈനോടു ബാബുരാജ് പങ്കുവച്ചത് ഇങ്ങനെ:
‘ലിറ്റിൽ ഹാർട്സിൽ ബേബി എന്നൊരു കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ബേബി ഒരുകാലത്ത് സ്നേഹിച്ചിരുന്ന പെൺകുട്ടിയാണ് സിസിലി. പക്ഷേ വീട്ടുകാർ അവരെ തമ്മിൽ പിരിച്ചു. വല്ലപ്പോഴും ബസ് സ്റ്റോപ്പിൽ വച്ച് കാണുന്ന അവർക്കിടയിൽ ഉണ്ടാകുന്ന പ്രണയ നിമിഷങ്ങളാണ് പാട്ടിൽ ആവിഷ്കരിച്ചിരിക്കുന്നത്. ഞാൻ ആദ്യമായിട്ടാണ് ഒരു മുഴുനീള പ്രണയ ഗാനത്തിൽ അഭിനയിക്കുന്നത്. പ്രണയം ഏതു പ്രായത്തിലാണെങ്കിലും മധുരമാണ്. ടീനേജിലെ പ്രണയവും ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരുടെ പ്രണയവും അതിനേക്കാൾ മുതിർന്നവരുടെ പ്രണയവും പല തരത്തിലാണ്.
പ്രായമായതിനു ശേഷം ഉപാധികളില്ലാതെ പ്രണയിക്കുന്നതിന് ഒരു സുഖമുണ്ട്. ഭാര്യ മരിച്ച ബേബിക്കും ഭർത്താവ് നഷ്ടപ്പെട്ട സിസിലിക്കും ഒരുമിക്കാൻ ഇപ്പോഴും വീട്ടുകാർ തടസമാണ്. ഇതുപോലെ പുറത്തിറങ്ങുന്ന സമയത്ത് ഒന്നു കാണുക, ബസിൽ അടുത്തിരിക്കുക ഇതൊക്കെയാണ് അവരുടെ സന്തോഷം. സാന്ദ്ര ആണ് എന്നോട് ഇതൊരു പാട്ടു സീൻ ആയി ചെയ്യാൻ പറഞ്ഞത്. തിരക്കുപിടിച്ച കട്ടപ്പന ബസ് സ്റ്റാൻഡിൽ ആയിരുന്നു ഷൂട്ട്. ഇടയ്ക്കിടെ സാന്ദ്ര വന്നു പറയും, പ്രണയം... പ്രണയം! കൈലാസ് മേനോന്റെ സംഗീതത്തിൽ വിജയ് യേശുദാസും ജൂഡിത്ത് ആനും ചേർന്നാണ് ഈ പാട്ട് മനോഹരമായി ആലപിച്ചത്. രമ്യ സുവി എനിക്കൊപ്പം അഭിനയിച്ചിരിക്കുന്നു. രമ്യ വളരെ അസാധ്യമായി ആ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
പണ്ടൊക്കെ ചെറുപ്പത്തിൽ പള്ളിയിൽ കുർബാനയ്ക്കു പോകുമ്പോൾ ഇഷ്ടമുള്ള ആളെ കാണാനുള്ള ഒരു വെപ്രാളം ഉണ്ട്. മെഴുകുതിരി വെളിച്ചത്തിലുള്ള ഒരു ചിരി... നോട്ടം... ഇതിനൊക്കെ പ്രത്യേക ഫീൽ ആണല്ലോ. ആ ഒരു കാലത്തേക്ക് ഈ പാട്ട് നമ്മെ കൈപിടിച്ച് കൊണ്ടുപോകും. പാട്ടിനു വളരെ മികച്ച അഭിപ്രായങ്ങളാണു ലഭിക്കുന്നത്. എല്ലാവരും പറഞ്ഞു, പാട്ട് പലതവണ കണ്ടുവെന്ന്! ‘‘ബാബു ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല’’ എന്നാണ് ചിലരുടെ അഭിപ്രായം. സംവിധായകൻ രഞ്ജിത്ത് ഏട്ടനും വളരെ നല്ല അഭിപ്രായം അറിയിച്ചു. ഈ പാട്ട് ഞാൻ ആദ്യം കാണിച്ചത് വാണിയെ ആണ്. വാണി പറഞ്ഞു "അയ്യോ, പ്രണയഗാനമോ?", ബാബുരാജ് ചിരിയോടെ പറഞ്ഞവസാനിപ്പിക്കുന്നു.
മഹിമ നമ്പ്യാർ, ഷെയ്ൻ നിഗം എന്നിവർ നായികാനായകന്മാരായി എത്തുന്ന ചിത്രമാണ് ‘ലിറ്റിൽ ഹാർട്സ്’. എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നു ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. ഏഴു പാട്ടുകളാണ് ചിത്രത്തിലുള്ളത്.