‘സ്വന്തം കൊച്ചച്ഛനോട് ഇത് വേണ്ടായിരുന്നു’, പ്രാർഥനയുടെ പാട്ടിനു വിമർശനം; കട്ട സപ്പോർട്ടുമായി സോഷ്യൽ മീഡിയ
Mail This Article
പൃഥ്വിരാജ്–ബ്ലെസി ചിത്രം ആടുജീവിതത്തിനു വേണ്ടി എ.ആർ.റഹ്മാൻ ഈണമൊരുക്കിയ സൂപ്പർഹിറ്റ് ഗാനം ‘പെരിയോനേ എൻ റഹ്മാനേ’ പാടി ഇന്ദ്രജിത്–പൂർണിമ ദമ്പതികളുടെ മകളും ഗായികയുമായ പ്രാർഥന. ലോകമെമ്പാടുമുള്ള എല്ലാവർക്കും ചെറിയപെരുന്നാളിന്റെ ആശംസകൾ നേർന്നുകൊണ്ട് പ്രാർഥന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ഇതിനകം 25ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു.
സാനിയ ഇയ്യപ്പൻ, വിനയ് ഫോർട്ട്, ശിവദ തുടങ്ങി നിരവധി പ്രമുഖർ പ്രാർഥനയുടെ പാട്ടിനു കമന്റുമായി എത്തി. ആടുജീവിതത്തിനു വേണ്ടി ഈ ഗാനം ആലപിച്ച ജിതിൻ രാജും സ്നേഹം അറിയിച്ചു. 'ഈ മനോഹര ഗാനം സമ്മാനിച്ചതിനു നന്ദി' എന്നാണ് ജിതിൻ രാജിന്റെ കമന്റിനോടു പ്രാർഥന പ്രതികരിച്ചത്. അതേസമയം പ്രാർഥനയുടെ ആലാപനത്തെ ചിലർ വിമർശിക്കുകയും ചെയ്തു. 'ആ പാട്ടിനെ പാടി നശിപ്പിച്ചു' എന്നും 'സ്വന്തം കൊച്ചച്ഛനോട് ഇത് വേണ്ടായിരുന്നു' എന്നുമാണ് കമന്റുകൾ. എന്നാൽ വിമർശകർക്കു മറുപടിയുമായി മറ്റുചിലർ രംഗത്തെത്തി. ‘മോൾ പാടുന്നതിന്റെ രണ്ടു വരി പോലും പാടാൻ അറിയാത്തവരാണ് കമന്റിൽ വന്നു വിധിക്കുന്നത്’, ‘പാട്ട് കൊള്ളാല്ലോ. കമന്റ് ബോക്സിൽ ചില ജഡ്ജസിനു പിടിച്ചില്ല’ എന്നിങ്ങനെയാണ് അവരുടെ പ്രതികരണം.
പാട്ടും ഡാൻസുമായി സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണു പ്രാർഥന ഇന്ദ്രജിത്. 2018ൽ പുറത്തിറങ്ങിയ ‘മോഹൻലാൽ’ എന്ന ചിത്രത്തിലെ ‘ലാലേട്ടാ...’ എന്ന പാട്ടിലൂടെയാണ് പ്രാർഥന ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലൻ, ഓ ബേബി എന്നീ ചിത്രങ്ങൾക്കു വേണ്ടിയും ഗാനങ്ങൾ ആലപിച്ചു. ഗായകൻ വരുൺ ജോണിനൊപ്പം പ്രാർഥന പുറത്തിറക്കിയ വിത്ത് /ഔട്ട് യു എന്ന സംഗീത വിഡിയോയും ഏറെ ശ്രദ്ധേയമായിരുന്നു.