പറന്നൊരായിരം ഹിപ്പി....
Mail This Article
ഹിപ്പികളാണെങ്ങും. മുടിയും താടിയും നീട്ടി കുളിക്കാതെയും പല്ലു തേക്കാതെയും നടക്കുന്ന താന്തോന്നികൾ എന്നു നാട്ടുകാർ. പാരമ്പര്യം അഴിച്ചുപണിയുക എന്ന മഹത്തായ ലക്ഷ്യവുമായി പിറവിയെടുത്ത ആഗോള സാംസ്‌കാരിക മുന്നേറ്റം എന്ന് ഹിപ്പിയിസത്തിന്റെ വക്താക്കൾ.
1970 കളുടെ തുടക്കത്തിൽ ചെന്നൈ മറീനാ ബീച്ചിലൂടെയുള്ള ഒരു അലസനടത്തത്തിനിടെയാണ് ഒരു കൂട്ടം ഹിപ്പികൾ ജയവിജയന്മാരുടെ ശ്രദ്ധയാകർഷിക്കുന്നത്. ഗിറ്റാർ മീട്ടി പാടിയും ആടിയും ലഹരി നുണഞ്ഞും സായാഹ്നം ആഘോഷമാക്കുകയാണവർ. ‘‘നാട്ടിലെങ്ങും ചർച്ചാവിഷയമാണ് ഹിപ്പികൾ അക്കാലത്ത്. ഹിപ്പികളെക്കുറിച്ചൊരു പാട്ടുണ്ടാക്കിയാൽ കേൾക്കാൻ ആളുണ്ടാകും എന്ന് തോന്നി. വിജയനും ഉണ്ടായിരുന്നില്ല ഭിന്നാഭിപ്രായം.’’- സംഗീത സംവിധായകൻ ജയൻ മാസ്റ്ററുടെ ഓർമ.
എച്ച്എംവി ചലച്ചിത്രേതര ഗാനങ്ങൾ ഗ്രാമഫോൺ റിക്കോർഡ് ആയി ഇറക്കിത്തുടങ്ങിയ കാലം. സിനിമയിൽ പാടാനുള്ള ആഗ്രഹവുമായി ചെന്നൈയിൽ തങ്ങിയിരുന്ന എം.ജി.രാധാകൃഷ്ണനെ ഗായകനായി നിശ്ചയിക്കുന്നു ജയവിജയ. ആകാശവാണിയിൽ സ്ഥിരമായി നാടകങ്ങളും പാട്ടുകളും എഴുതിക്കൊണ്ടിരുന്ന കെ.ജി.സേതുനാഥിനെ പാട്ടെഴുതാൻ ചുമതലപ്പെടുത്തിയത് രാധാകൃഷ്ണനാണ്.
ദിവസങ്ങൾക്കകം എച്ച്എംവിയുടെ ചെന്നൈ സ്റ്റുഡിയോയിൽ ‘ട്രെൻഡി’ ആയ ആ ലളിതഗാനം പിറന്നുവീഴുന്നു: ‘ഹിപ്പി ഹിപ്പി ഹിപ്പി പറന്നൊരായിരം ഹിപ്പി, കടലിനക്കരെ കൽപവൃക്ഷത്തിലെ കടന്നൽ കൂടൊന്നു പൊട്ടി, തകർന്നു ജീവിതച്ചിപ്പീ പറന്നൊരായിരം ഹിപ്പി...’
അടുത്ത വരികളിൽ സേതുനാഥ് രസകരമായി വരച്ചിട്ടത് ഹിപ്പികളുടെ രൂപഭാവങ്ങൾ: "നേർത്ത ചെമ്പു കമ്പി കൊണ്ട് നെയ്തെടുത്ത തലമുടി, കവിളിൽ രണ്ടു വീതുളി കണ്ണിലുണ്ടു ചാന്തുളി; മിഥ്യയാണ് ലോകമെന്നു നീയറിഞ്ഞു, മദ്യമാണ് സത്യമെന്ന് നീ പറഞ്ഞു, പഞ്ചറായ പാന്റുമിട്ട് പാപ്പരായി നീയലഞ്ഞു പഞ്ചഭൂതവും നിനക്ക് വഴിമാറുന്നു..’ എഴുപതുകളിലെ മലയാളി യുവത്വം ഏറ്റുപാടിയ പാട്ട്.
ആകാശവാണിയിൽ ആ ഗാനം ആദ്യം കേട്ട നിമിഷങ്ങൾ ഇന്നുമുണ്ട് ഓർമയിൽ. വ്യത്യസ്തമായ വരികൾ, ഈണം, ശബ്ദം. അന്നത്തെ കാലത്തെ ഒരു ന്യൂജൻ സൃഷ്ടി. ആ പാട്ട് ചിട്ടപ്പെടുത്തിയത് ജയവിജയന്മാർ ആണെന്നറിഞ്ഞത് പിന്നീടാണ്; വർഷങ്ങൾ കഴിഞ്ഞ്. അതേ ഗ്രാമഫോൺ റിക്കോർഡിന്റെ മറുപുറത്ത് എംജിആർ തന്നെ ശബ്ദം പകർന്ന മറ്റൊരു നല്ല ഗാനം കൂടിയുണ്ടായിരുന്നു: ‘നേരമില്ലാത്ത നേരത്ത് വന്നൊരു കാര്യം പറഞ്ഞ കാറ്റേ... ’ സ്‌കൂളിലെ വാർഷികാഘോഷവേളയിൽ വില്യംസ് എന്നൊരു സഹപാഠി ഈ പാട്ടുകൾ രണ്ടും മനോഹരമായി പാടിക്കേട്ട ഓർമയുണ്ട്.
മറക്കാനാവാത്ത ഒരു ഭക്തിഗാനപ്രപഞ്ചം തന്നെ മലയാളികൾക്ക് സൃഷ്ടിച്ചു നൽകിയ കൂട്ടുകെട്ടിന്റെ വ്യത്യസ്തമായ സൃഷ്ടികളിൽ ഒന്നായിരുന്നു ഹിപ്പി ഹിപ്പി ഹിപ്പി. ‘‘എല്ലാ ജനുസ്സിൽ പെട്ട പാട്ടുകളും ഞങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. മാപ്പിളപ്പാട്ടുകളും ഹാസ്യഗാനങ്ങളും ക്രിസ്തീയ ഭക്തിഗാനങ്ങളും ഉൾപ്പെടെ. ഹിന്ദു ഭക്തിഗാനങ്ങളാണ് അധികം ആസ്വദിക്കപ്പെട്ടതെന്ന് മാത്രം.’’ -ജയൻ മാസ്റ്റർ ഒരിക്കൽ പറഞ്ഞു.
എച്ച്എംവിയുടെ ജനറല്‍ മാനേജര്‍ തങ്കയ്യ ആണ് ആദ്യമായി ഒരു റെക്കോർഡ് ഈണമിട്ടു പാടി പുറത്തിറക്കാന്‍ ജയവിജയന്മാരെ പ്രേരിപ്പിച്ചത്: വാണക്കുറ്റി എഴുതിയ കുട്ടികള്‍ക്കായുള്ള ഒരു തമാശപ്പാട്ട്: ‘ഉറുമ്പുറുമ്പു തന്നാന.’ ഏറെ കഴിയും മുമ്പ് ആദ്യ അയ്യപ്പഭക്തി ഗാനങ്ങളുടെ റിക്കോര്‍ഡും പുറത്തിറങ്ങി. പി. ലീല പാടിയ ‘ഇഷ്ടദൈവമേ സ്വാമീ ശരണമയ്യപ്പ’, ‘ഹരിഹര സുതനേ’ എന്നീ ഗാനങ്ങള്‍. സംഗീത സംവിധായകന്‍ പുകഴേന്തിയുടെ ഗുരുവായ എം.പി.ശിവമാണ് പാട്ടെഴുതിയത്. മലയാളത്തില്‍ അത്തരത്തിലുള്ള ആദ്യസംരംഭം. അന്ന് തുടങ്ങിയ അയ്യപ്പഗാന ആല്‍ബങ്ങളുടെ പ്രവാഹം ഇപ്പോഴും നിലച്ചിട്ടില്ല.
ജയചന്ദ്രന്‍ പാടിയ ‘ശ്രീ ശബരീശ ദീനദയാളാ’ ആണ് ജയവിജയയുടെ ഈണത്തില്‍ പുറത്തു വന്ന രണ്ടാമത്തെ ഭക്തിഗാന റിക്കോർഡ്. പാട്ടെഴുതിയതും സംഗീത സംവിധായകര്‍ തന്നെ. ജയചന്ദ്രന്‍ പതിവായി തന്റെ ഗാനമേളകള്‍ക്ക് തുടക്കം കുറിക്കുക ഈ ഗാനം പാടിക്കൊണ്ടാണ്. അതുകഴിഞ്ഞു യേശുദാസിന്റെ ‘ദര്‍ശനം പുണ്യദര്‍ശനം’. ‘‘ദാസിനെ നേരത്തേ അറിയാം. അഭിരാമപുരത്തെ വീട്ടില്‍ വച്ച് ദാസിന്റെ ഭാര്യ പ്രഭയെയും സഹോദരി ജയമ്മയെയും മൂന്നു വര്‍ഷത്തോളം സംഗീതം അഭ്യസിപ്പിച്ചുട്ടുണ്ട് ഞങ്ങള്‍. ഒരുപക്ഷേ ദാസിന്റെ ശബ്ദത്തില്‍ പുറത്തു വന്ന ആദ്യത്തെ അയ്യപ്പഭക്തി ഗാന റിക്കോര്‍ഡ് ആയിരിക്കും ദര്‍ശനം പുണ്യദര്‍ശനം. എം.പി.ശിവമാണ് ആ പാട്ടും എഴുതിയത്.’’
ജയവിജയ സ്വയം ഈണമിട്ടു പാടിയ ഗാനങ്ങളും അസാമാന്യ ജനപ്രീതി നേടി. വിഷ്ണുമായയില്‍ പിറന്ന, പതിനെട്ടുപടി കേറി, ശങ്കരനന്ദന, പാഹികൃപാലയ, അയ്യപ്പ തിന്തകതോം, കാലം കാര്‍ത്തിക, ശ്രീകോവില്‍ നട തുറന്നു തുടങ്ങി എണ്ണമറ്റ പാട്ടുകള്‍. ഭക്തിഗാനരംഗത്ത് വേറിട്ട ഒരു സരണി തന്നെ സ്വന്തം ഗാനങ്ങളിലൂടെ സൃഷ്ടിച്ചു ജയവിജയ. ‘‘പലരും ചോദിക്കാറുണ്ട് നിങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് എങ്ങനെയാണ് പാട്ടുകള്‍ ചിട്ടപ്പെടുത്തിയിരുന്നതെന്ന്. മനപ്പൊരുത്തം തന്നെയാണ് അതിനു പിന്നിലെ പ്രധാന ഘടകം. ഒരുമിച്ചു ചര്‍ച്ച ചെയ്തും പാടിയും ഞങ്ങള്‍ ഈണം ആദ്യം നിശ്ചയിക്കും. അത് കഴിഞ്ഞ് ഒരു അറേഞ്ചറുടെ സഹായത്തോടെ വാദ്യവിന്യാസവും. പലപ്പോഴും ആര്‍.കെ.ശേഖര്‍ ആയിരിക്കും അറേഞ്ചര്‍.’’
വിജയന്റെ അപ്രതീക്ഷിത വിയോഗത്തോടെ 1985 ല്‍ ഈ സംഗീത സഖ്യത്തിന് വിരാമമാകുന്നു. ‘‘എന്നെ തളര്‍ത്തിയ വേർപാടായിരുന്നു അനിയന്റെത്. ജീവിതത്തില്‍ വിവരിക്കാനാവാത്ത ശൂന്യത അനുഭവപ്പെട്ട നാളുകള്‍. ഇനി ഒരിക്കലും സംഗീതവേദിയിലേക്ക് ഇല്ലെന്നുവരെ മനസ്സില്‍ ഉറച്ച ഘട്ടം.’’
എന്നാൽ വിധി ജയനെ വീണ്ടും സംഗീത ലോകത്തെത്തിച്ചു. "മയിൽപ്പീലി" പോലുള്ള ആൽബങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിന്റെ ഭാഗമായി മാറി ജയൻ മാസ്റ്റർ. ഭക്തിഗാനചരിത്രത്തിലെ ഊർജസ്വലമായ ഒരു യുഗത്തിനാണ് ജയന്റെ വിയോഗം തിരശ്ശീല വീഴ്ത്തുന്നത്.