നാട്ടഴക് നിറയുന്ന കാഴ്ചയുമായി ‘പഞ്ചവത്സര പദ്ധതി’യിലെ പാട്ട്; ഏറ്റെടുത്ത് പ്രേക്ഷകർ
Mail This Article
സിജു വിൽസൺ നായകനായെത്തുന്ന ‘പഞ്ചവത്സര പദ്ധതി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘ആരാരൊരു മലയരികിൽ...’ എന്നു തുടങ്ങുന്ന ഗാനത്തിന് റഫീഖ് അഹമ്മദ് ആണ് വരികൾ കുറിച്ചത്. ഷാൻ റഹ്മാൻ ഈണമൊരുക്കിയ ഗാനം കെ.എസ്.ഹരിശങ്കർ ആലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.
‘ആരാരൊരു മലയരികിൽ
കാണാ വഴി തിരയുവാൻ ..
ആരാരുണ്ടവിടെ വിളയും
ഞാവൽക്കനി കവരുവാൻ ..
അതു മധുരസമോ ..
മിഴിനനവലിവോ
കിനിയുമൊരെരിവോ..
അറിയുവതാരോ...’
പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പഞ്ചവത്സര പദ്ധതി’. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ.ജി.അനിൽകുമാർ ചിത്രം നിർമിക്കുന്നു. സാമൂഹിക ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രമാണിത്. സജീവ് പാഴൂരിന്റേതാണു തിരക്കഥയും സംഭാഷണവും. വയനാട്, ഗുണ്ടൽപ്പേട്ട്, ഡൽഹി എന്നീ സ്ഥലങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഏപ്രിൽ 26ന് തിയറ്ററുകളിലെത്തും.
പുതുമുഖം കൃഷ്ണേന്ദു.എ.മേനോൻ ആണ് ‘പഞ്ചവത്സര പദ്ധതി’യിലെ നായിക. പി.പി.കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ്, രഞ്ജിത് മണംബ്രക്കാട്ട്, മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ,സിബി തോമസ്, ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി.പി.എം തുടങ്ങിയവരും വേഷമിടുന്നു.