ഇവിടെയുണ്ട് ജാനകിയമ്മ; പാടിത്തീർക്കാൻ തോന്നാത്ത പാട്ടു പോലെ!
Mail This Article
ആഘോഷങ്ങളും ആരവങ്ങളും ഒന്നുമില്ലാതെ പാട്ടിന്റെ അമ്മയുടെ പിറന്നാൾ കടന്നുപോകുമ്പോൾ അമ്മയെക്കുറിച്ച് ഒരുപാട് ഓർമകൾ മനസ്സിൽ വന്നു നിറയുന്നു. എങ്കിലും ഇക്കഴിഞ്ഞ വിഷുക്കാലം ഒരിക്കൽക്കൂടി വന്നിരുന്നെങ്കിലെന്നു കൊതിച്ചുപോവുകയാണ്. കാരണം ഇത്തവണ വിഷുകൈനീട്ടം കിട്ടിയത് നമ്മുടെയൊക്കെ എക്കാലത്തെയും പ്രിയപ്പെട്ട ഗായിക ജാനകിയമ്മയിൽ നിന്നുമാണ്. അനുഗൃഹീത നിമിഷമെന്നല്ലാതെ എന്തു പറയാൻ!
മകൻ ആത്മജിന് നിർബന്ധമായിരുന്നു, ഈ അവധിക്കാലത്ത് അബുദാബിക്ക് വരണമെന്നുള്ളത്. ചില കാരണങ്ങളാൽ അത് സാധിച്ചില്ല. അതിനു പകരം ഞാൻ നാട്ടിലേക്കെത്തി. എനിക്കൊപ്പം കളിച്ചും ചിരിച്ചും നടന്നപ്പോൾ ‘അബുദാബി മോഹത്തെ’ അവൻ മെല്ലെ മറന്നു തുടങ്ങി. അപ്പോഴാണ് എന്നെത്തേടി ജാനകിയമ്മയുടെ വിളിയെത്തിയത്. വാത്സല്യം കലർന്ന സ്വരത്തിൽ അമ്മ വീട്ടിലേക്കു ക്ഷണിച്ചു.
പിന്നെയൊന്നും ആലോചിച്ചില്ല, ഞാനും മകനും കൊച്ചിയിൽ നിന്ന് ജാനകിയമ്മയുടെ ഹൈദരാബാദിലെ വസ്തിയിലേക്കു പറന്നു. അത് വിഷുവിന്റെ തലേന്നാൾ ആയിരുന്നു. രാവിലെ പത്ത് മണിയോടെ ഞങ്ങൾ ഹൈദരാബാദിൽ എത്തി. എയർപോർട്ടിൽ നിന്നും ഇരുപത് മിനിറ്റ് കാറിൽ വീണ്ടും യാത്ര. പോകും വഴി ജാനകിയമ്മയുടെ മകൻ മുരളി കൃഷ്ണ വിളിച്ച് കൃത്യമായ വഴി പറഞ്ഞു തന്നുകൊണ്ടേയിരുന്നു. ഇളം മഞ്ഞ നിറത്തിലുള്ള ഇരുനില വില്ല. വില്ലയുടെ മുന്നിൽ മഹാഗായികയുടെ പേരൊന്നും പതിച്ചു വച്ചിട്ടില്ല.
ഞങ്ങളെ കാത്ത് ജാനകിയമ്മയുടെ മകൻ പൂമുഖത്ത് നിൽക്കുന്നുണ്ടായിരുന്നു. ചിരിച്ച മുഖവുമായി അദ്ദേഹം ഞങ്ങളെ അകത്തേക്കു വിളിച്ചിരുത്തി. വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക്കവെ ജാനകിയമ്മ വന്നു. അമ്മയുടെ കാൽ തൊട്ട് വന്ദിച്ച് ഞാൻ കെട്ടിപ്പിടിച്ചു. ‘എത്ര നാളായി മോനേ നിന്നെ കണ്ടിട്ട്...’ ജാനകിയമ്മയുടെ വാത്സല്യം നിറഞ്ഞ പരിഭവത്തോടെയുള്ള വാക്കുകൾ.
കാപ്പിയും പലഹാരവും തന്ന് അമ്മ ഞങ്ങളെ സൽക്കരിച്ചു. പിന്നെ അമ്മയ്ക്കൊപ്പമുള്ള പാട്ടും വർത്തമാനങ്ങളും വിശേഷങ്ങളും. ഉച്ചയായപ്പോൾ ഊണ് കഴിക്കാൻ ജാനകിയമ്മ അകത്തേക്കു ക്ഷണിച്ചു. വലിയ തട്ടിൽ ചോറും പിന്നെ മുളക് ചട്നി, ഗോംഗര ചട്നി, തോരൻ, സാമ്പാർ. ആത്മജിനു കഴിക്കാൻ തൈര് സാദവും സാമ്പാറും.
കഴിക്കാൻ നേരം ജാനകിയമ്മ പതിവ് പോലെ ചോറ് ഉരുട്ടി ഉരുളകളാക്കി തന്നു. പ്രസാദം കഴിക്കുന്നപോലെയുള്ള അനുഭവമായിരുന്നു അത്. ഊണിനു ശേഷം സ്വീകരണമുറിയിലെ അവാർഡുകളിലും ചിത്രങ്ങളിലും ഞാൻ കണ്ണോടിച്ചു. മലയാളത്തിൽ നിന്നു ലഭിച്ച അവാർഡുകളുടെ നടുവിലായി ഞാൻ അമ്മയെ കുറിച്ച് എഴുതിയ പുസ്തകം ‘എസ്.ജാനകി ആലാപനത്തിലെ തേനും വയമ്പും’ വച്ചിരിക്കുന്നതു കണ്ടപ്പോൾ സന്തോഷവും അഭിമാനവും കൊണ്ടെന്റെ മനസ്സു നിറഞ്ഞു. എന്റെ സന്തോഷം കണ്ട് ജാനകിയമ്മ ചിരിച്ചു. വീണ്ടും വർത്തമാനം... പാട്ട് വിശേഷം...
അങ്ങനെ സമയം നാലു മണിയായി. അമ്മയോടൊന്നിച്ച് കുറച്ച് ചിത്രങ്ങൾ എടുത്ത് ഇറങ്ങാൻ നേരം ‘നാളെ വിഷുവല്ലേ ഇതിരിക്കട്ടെ എന്റെ വിഷു കൈനീട്ടം...’ എന്നു പറഞ്ഞ് എനിക്കും ആത്മജിനും ഈ വർഷത്തെ ആദ്യത്തെ വിഷുക്കൈനീട്ടം അമ്മ തന്നു. ആത്മജിനു കൈനീട്ടം കൂടാതെ ഒരുപെട്ടി മിഠായിയും. അമ്മയുടെ കാൽ തൊട്ട് വന്ദിച്ച് ഞങ്ങൾ അവിടെ നിന്നുമിറങ്ങി, ഒരുപാട് കാലം സൂക്ഷിക്കാനുള്ള നിറമുള്ള ഓർമകളുമായി. സ്നേഹനിധിയായ ജാനകിയമ്മയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ പിറന്നാൾ ആശംസകൾ, ഉമ്മകൾ!