'അവിശ്വസനീയമായ കാര്യം ചെയ്തു'; അരങ്ങേറ്റ കച്ചേരി നടത്തി അഭയ ഹിരൺമയി
Mail This Article
അരങ്ങേറ്റ കച്ചേരി നടത്തി ഗായിക അഭയ ഹിരൺമയി. തിരുവനന്തപുരം കുണ്ടമൺഭാഗം ദേവി ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചാണ് അഭയ ശാസ്ത്രീയ സംഗീത കച്ചേരി നടത്തിയത്. ആദ്യമായി കച്ചേരി അവതരിപ്പിച്ചതിന്റെ അനുഭവവും ആത്മവിശ്വാസവും അഭയ ആരാധകരുമായി പങ്കുവച്ചു. 'അവിശ്വസനീയമായ കാര്യം ചെയ്തു' എന്ന ആമുഖത്തോടെയാണ് കരിയറിലെ ഈ വലിയ സന്തോഷം ഗായിക ആരാധകരെ അറിയിച്ചത്.
അഭയ ഹിരൺമയിയുടെ വാക്കുകൾ: "ഒരു അരങ്ങേറ്റ കച്ചേരി നടത്തുക എന്ന അവിശ്വസനീയമായ കാര്യം ഞാൻ ചെയ്തു. പലപ്പോഴും എനിക്കു തന്നെ വിശ്വസിക്കാൻ സാധിച്ചിട്ടില്ല. കുടുംബത്തിലെ സംഗീത വിദ്വാൻമാർ പലരും ചെയ്യാത്ത കാര്യം ഞാൻ ചെയ്തുവെന്ന അഹങ്കാരം അല്ല. അവരിതു ചെയ്തില്ലല്ലോ, അപ്പോൾ ഞാൻ എങ്ങനെ ചെയ്യും എന്ന ഞായമില്ലായ്മയാണ് എന്റെ മുന്നിൽ ഉണ്ടായിരുന്നത്. തെറ്റുകൾ ഉണ്ടായിരുന്നു, പക്ഷേ കച്ചേരി കഴിഞ്ഞപ്പോൾ അതൊരു വല്യ ആത്മവിശ്വാസമായി മാറി. ചെയ്യാൻ പറ്റും എന്നൊരു തോന്നൽ ഉണ്ടായി."
കച്ചേരി ആത്മവിശ്വാസത്തോടെ പൂർത്തിയാക്കാൻ കൂടെ നിന്ന എല്ലാവരെയും പ്രത്യേകം പരാമർശിക്കാനും അഭയ മറന്നില്ല. അമ്മ, ഗുരു, പക്കമേളക്കാർ എന്നിവർക്കൊപ്പം അദൃശ്യശക്തിയായി അച്ഛനും കൂടെ ഉണ്ടായിരുന്നുവെന്ന് അഭയ പറയുന്നു. "എന്തെങ്കിലും മഹത്തരമായ കാര്യങ്ങൾ ചെയ്യുമ്പോൾ അത് ആരോ നമ്മളെ കൊണ്ട് ചെയ്യുക്കുന്നു എന്നു മാത്രമെ എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നുള്ളൂ. അത് അച്ഛൻ ആണെന്നു വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം," അഭയ കുറിച്ചു.
അരങ്ങേറ്റ കച്ചേരിക്ക് പ്രോത്സാഹനം നൽകിയ എല്ലാവർക്കും അഭയ നന്ദി അറിയിച്ചു. ഖൽബിൽ തേനൊഴുകണ കോയിക്കോട് എന്ന പാട്ടിലൂടെയാണ് അഭയ മലയാളികളുടെ പ്രിയങ്കരിയാകുന്നത്. മലൈക്കോട്ടൈ വാലിബനു വേണ്ടി ശ്രീകുമാർ വാക്കിയിലിന് ഒപ്പം പാടിയ 'പുന്നാരക്കാട്ടിലെ' എന്ന പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വന്തം ബാൻഡിനൊപ്പം ലൈവ് മ്യൂസിക് ഷോകളുമായി സംഗീതരംഗത്ത് സജീവമാണ് അഭയ.