ADVERTISEMENT

വേദിയിൽ ലൈവായി പാടുന്നതിന് ഇടയിൽ ഗായിക സുനിധി ചൗഹാനു നേരെ കുപ്പിയേറ്. ഡെറാഡൂണിലെ ശ്രീ ഗുരു രാം റായ് (എസ്ജിആർആർ) സർവകലാശാലയിൽ സംഗീതപരിപാടി അവതരിപ്പിക്കവെയാണ് കാണികൾക്കിടയിൽ നിന്ന് ഇത്തരമൊരു പ്രതികരണം. അപ്രതീക്ഷിതമായുള്ള സംഭവത്തിൽ പകച്ചുപോയ സുനിധി, പാട്ട് അൽപനേരത്തേക്കു നിർത്തിവച്ചു. പിന്നീട് പുഞ്ചിരിയോടെ സദസ്സിനു നേരെ നോക്കി പ്രതികരിച്ചു. 

‘കുപ്പികൾ എറിയുന്നതിലൂടെ ഒരാൾക്ക് എന്തു നേടാനാവും? ഈ സംഗീതപരിപാടി കുറച്ചു നേരത്തേക്കു തടസപ്പെടും. നിങ്ങൾക്ക് അതാണോ വേണ്ടത്?’ സുനിധി ചൗഹാൻ ആസ്വാദകരോടു ചോദിച്ചു. 'അല്ല' എന്നായിരുന്നു സദസ്സിൽ നിന്നുള്ള മറുപടി. കാണികളിലൊരാളുടെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തിന് സുനിധി നൽകിയ മറുപടി കേട്ടു കയ്യടിക്കുകയാണ് സമൂഹമാധ്യമലോകം. ഗായികയുടെ മാന്യമായ പ്രതികരണത്തെ ആരാധകർ പ്രശംസിച്ചു. സംഭവത്തിന്റെ വിഡിയോ ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

സംഗീതപരിപാടി അവതരിപ്പിക്കവെ ഗായകർക്കു നേരെ അക്രമാസക്തമായ ഇത്തരം പ്രവൃത്തികൾ ഉണ്ടാകുന്നത് പതിവായിരിക്കുകയാണ്. നിക് ജൊനാസ്, ബേബ് റെക്സ, ഹാരി സ്റ്റൈൽസ്, കാർഡി ബി തുടങ്ങി ലോകവേദികളിലെ പ്രമുഖ ഗായകർക്കു നേരെ ആക്രമണങ്ങളുണ്ടായത് വലിയ വാർത്തയായിരുന്നു. സംഗീതപരിപാടി നടക്കുമ്പോൾ ഗായകരുടെ സുരക്ഷാ കാര്യത്തിൽ വേണ്ടത്ര മുൻകരുതലുകളെടുക്കേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണെന്നും ഇത്തരത്തിലുള്ള ആക്രമണങ്ങളെ നിസ്സാരമായി തള്ളിക്കളയാനാകില്ലെന്നുമാണ് സമൂഹമാധ്യമങ്ങളിലൂടെ പലരും പ്രതികരിക്കുന്നത്.

English Summary:

Singer Sunidhi Chauhan hit by bottle on stage while performing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com