'മുടി അഴിച്ചു തന്നെ അവൻ ഇനിയും പാടും'; ഗായകൻ സന്നിധാനന്ദനെ പിന്തുണച്ച് ബി.കെ ഹരിനാരായണൻ
Mail This Article
ഗായകൻ സന്നിധാനന്ദനെ പിന്തുണച്ച് കവിയും ഗാനരചയിതാവുമായ ബി.കെ ഹരിനാരായണൻ. പാട്ടിനോടുള്ള കമ്പം തുടങ്ങിയ കാലം മുതൽ നിറത്തിന്റെയും രൂപത്തിന്റെയും പേരിലുള്ള കളിയാക്കലുകൾ കേൾക്കാൻ തുടങ്ങിയ ഗായകനാണ് സന്നിധാനന്ദനെന്നും ഏറ്റു തഴമ്പിച്ച അവഗണനകളാണ് അദ്ദേഹത്തിന്റെ ഇന്ധനമെന്നും ഹരിനാരായണൻ പറയുന്നു. മുടി വളർത്തിയതിന്റെ പേരിൽ സന്നിധാനന്ദനെ സമൂഹമാധ്യമത്തിൽ ഉഷാ കുമാരി എന്ന വ്യക്തി അധിക്ഷേപിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ഹരിനാരായണന്റെ കുറിപ്പ്. 'മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും, പാടിക്കൊണ്ടേയിരിക്കും,' ഹരിനാരായണൻ കുറിച്ചു.
ഹരിനാരായണന്റെ വാക്കുകൾ: 1994 ആണ് കാലം. പൂരപ്പറമ്പിൽ, ജനറേറ്ററിൽ, ഡീസലു തീർന്നാൽ, വെള്ളം തീർന്നാൽ ഒഴിച്ചു കൊടുക്കാനായി ഉടമസ്ഥൻ കാവൽ നിർത്തിയിരിക്കുന്ന പയ്യൻ, ടൂബ് ലൈറ്റുകൾ കെട്ടാൻ സഹായിച്ച്, രാത്രി മുഴുവൻ കാവൽ നിന്നാൽ അവന് 25 ഏറിയാൽ 50 രൂപ കിട്ടും. വേണമെങ്കിൽ ഭീകര ശബ്ദമുള്ള ആ പെരും ജനറേറ്ററിനടുത്ത് കീറച്ചാക്ക് വിരിച്ച് കിടക്കാം. പക്ഷേ, ജനറേറ്ററിലേക്ക് ഒരു കണ്ണ് വേണം. ഈ ഭീകര ശബ്ദത്തിന്റെ അടുത്തു കിടന്ന് എങ്ങനെ ഉറങ്ങാനാണ്? അപ്പുറത്തെ സ്‌റ്റേജിൽ ഗാനമേളയാണ് നടക്കുന്നതെങ്കിൽ പിന്നെ പറയുകയേ വേണ്ട. അവൻ കണ്ണ് മിഴിച്ച് കാതും കൂർപ്പിച്ച് തന്നെ ഇരിക്കും. പിന്നെ സ്റ്റേജിന്റെ പിന്നിൽ ചെന്ന് ഗാനമേളക്കാരോട് ചോദിക്കും, ചേട്ടാ ഞാനൊര് പാട്ട് പാടട്ടെ?
ചെലോര് കളിയാക്കും, ചിരിക്കും. ചെലോര് "പോയേരാ അവിടന്ന്" എന്ന് ആട്ടിപ്പായിക്കും. അതവന് ശീലാമാണ്. എന്നാലും അടുത്ത പൂരപ്പറമ്പിലും, ഗാനമേള കണ്ടാൽ അവരുടെ അടുത്ത് ചെന്ന് അവൻ അവസരം ചോദിച്ചിരിക്കും.
നാവില്ലാത്ത, ശബ്ദമില്ലാതിരുന്ന കാലത്തു തുടങ്ങിയതാണ് പാട്ടിനോടുള്ള ഈ കമ്പം. അന്ന് തന്നെ കേൾക്കാൻ തുടങ്ങിയതാണ് നിറത്തിന്റെ, രൂപത്തിന്റെ പേരിലുള്ള കളിയാക്കലും.
ഒരു ദിവസം, ഏതോ സ്കൂൾ ഗ്രൗണ്ടിൽ, വലിയൊരു ഗാനമേള നടക്കുകയാണ്. ജനറേറ്ററിനടുത്ത്, കുറച്ച് നേരം പാട്ട് കേട്ടിരുന്ന്, അവൻ സ്റ്റേജിന് പിന്നിലേക്ക് നടന്നു. ആദ്യം കണ്ട ആളോട് ചോദിച്ചു. "ചേട്ടാ ഇയ്ക്കൊരു പാട്ട് പാടാൻ ചാൻസ് തര്വോ ?" അയാളവന്റെ മുഷിഞ്ഞ വസ്ത്രത്തിലേക്കും, മെലിഞ്ഞ രൂപത്തിലേക്കും, മുറി കൂട്ടി തുന്നിയ പോലുള്ള ചുണ്ടിലേക്കും നോക്കി
"വാ... പാട്"
ആ ഉത്തരം അവൻ ഒട്ടും പ്രതീക്ഷിച്ചില്ല .അതിന്റെ ആവേശത്തിൽ, നേരെ ചെന്ന്, ജീവിതത്തിൽ ആദ്യമായി മൈക്ക് എടുത്ത് ചെക്കനങ്ങട്ട് പൊരിച്ചു. "ഇരുമുടി താങ്കീ... "
മൊത്തത്തിൽ താഴെ പോയിരുന്ന ഗാനമേള അങ്ങട്ട് പൊന്തി. ആൾക്കാര് കൂടി കയ്യടിയായി. പാട്ടിന്റെ ആ ഇരു "മുടി"യും കൊണ്ടാണ് അവൻ ജീവിതത്തിൽ നടക്കാൻ തുടങ്ങിയത്. കാൽച്ചുവട്ടിലെ കനലാണ് അവന്റെ കുരല്. ഏറ്റു തഴമ്പിച്ച അവഗണനകളാണ് അവന്റെ ഇന്ധനം. അടിത്തട്ടിൽ നിന്ന് ആർജ്ജിച്ച മനുഷ്യത്വമാണ് അവന്റെ ബലം. മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും, പാടിക്കൊണ്ടേയിരിക്കും. സന്നിധാനന്ദന് ഒപ്പം.