'മക്കൾക്ക് വേണ്ടി എന്റെ പാട്ടുകൾ സൂക്ഷിച്ചു വയ്ക്കണം'; കണ്ണു നനയിച്ച പി.ലീലയുടെ വാക്കുകൾ
Mail This Article
2005 ഒക്ടോബർ 31നായിരുന്നു അനുഗൃഹീത ഗായിക പി ലീലയുടെ വേർപാട്. രണ്ടു മാസം കൂടി കഴിഞ്ഞ് ആ വർഷത്തെ പദ്മ അവാർഡ് ജേതാക്കളുടെ പട്ടിക പുറത്തു വന്നപ്പോൾ, അതില്‍ ലീലച്ചേച്ചിയുടെ പേരും ഉണ്ടായിരുന്നു. ലീലയ്ക്കു പദ്മഭൂഷൺ ശുപാര്‍ശ ചെയ്തത് ജന്മനാടായ കേരളമല്ല; തമിഴ്‌നാടാണ്. സിനിമയ്ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച കലാകാരികളെ അംഗീകരിക്കാനും ആദരിക്കാനും എന്നും സന്മനസ്സു കാണിച്ചിട്ടുള്ള ജയലളിതയ്ക്ക് നന്ദി. പക്ഷേ, വൈകിയെത്തിയ ആ അംഗീകാരം കൊണ്ട് ആർക്കെന്തു പ്രയോജനം?
ജീവിച്ചിരുന്ന കാലത്തായിരുന്നെങ്കിൽ അത്തരമൊരു ബഹുമതി ലീല ചേച്ചിക്ക് നല്‍കാൻ ഇടയുണ്ടായിരുന്ന അഭിമാനവും ആഹ്ളാദവും എനിക്ക് സങ്കൽപ്പിക്കാനാകും. ഇത്ര കാലം കഴിഞ്ഞിട്ടും ആരെങ്കിലുമൊക്കെ നമ്മെ ഓർക്കുന്നു എന്ന അറിവ് ആരിലാണ് സന്തോഷമുളവാക്കാത്തത്? ആ ആഹ്‌ളാദം അനുഭവിക്കാൻ പക്ഷേ, ലീലയ്ക്കു ഭാഗ്യമുണ്ടായില്ല.
വൈകി വന്ന അംഗീകാരങ്ങള്‍ പുത്തരിയല്ല ലീലയുടെ സംഗീത ജീവിതത്തില്‍ എന്നു കൂടി അറിയുക. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡ് അവരെ തേടിയെത്തിയത് 1994ലാണ്. സിനിമയില്‍ നിന്നു മിക്കവാറും അപ്രത്യക്ഷമായി കഴിഞ്ഞ് ഏതാണ്ട് രണ്ടു പതിറ്റാണ്ടിനു ശേഷം, അന്നും കനിവു കാട്ടിയത് ജയലളിത തന്നെ. തനിക്കു പിന്നാലെയും അത് കഴിഞ്ഞും വന്ന തലമുറക്കാര്‍ പലരും അതിനകം കലൈമാമണിമാരായിക്കഴിഞ്ഞിരുന്നു. പക്ഷേ, പരിഭവലേശമില്ലാതെ ലീല ആ ബഹുമതി ഏറ്റുവാങ്ങി.
മുഖ്യമന്ത്രിയായിരുന്ന ജയലളിത അന്ന് നടത്തിയ വികാര നിര്‍ഭരമായ പ്രസംഗം ഓർമയുണ്ട്: "എത്രയോ കാലം മുന്‍പ് ലീലാമ്മയെ തേടി എത്തേണ്ടിയിരുന്ന പട്ടമാണിത്. എന്റെ അമ്മ (പഴയകാല നടി സന്ധ്യ) അവരുടെ വലിയൊരു ആരാധികയായിരുന്നു. പിന്നെ ഈ ഞാനും. ഈ തലമുറയില്‍ എത്ര പേര്‍ക്ക് ലീല എന്ന ഗായികയെ കുറിച്ച് അറിയാം? തെന്നിന്ത്യയുടെ ഒരേയൊരു വാനമ്പാടിയായിരുന്നു അവര്‍. ലീലയ്ക്ക് പകരം ലീല മാത്രം."
മലയാളിക്ക് ഒരേ സമയം ഉണർത്തുപാട്ടും ഉറക്കുപാട്ടുമായിരുന്നു ലീലയുടെ ആലാപനം. സുപ്രഭാതങ്ങളെ ധന്യവും ഭക്തിസാന്ദ്രവുമാക്കിയ ആ ശബ്ദം രാത്രികളിൽ ഒഴുകിയെത്തിയത് വാത്സല്യം വഴിയുന്ന താരാട്ടായാണ്. മാതൃത്വത്തിന്റെ മഹനീയഭാവം ലീലയുടെ ശബ്ദത്തില്‍ അനുഭവിച്ചറിഞ്ഞ തലമുറ ഇന്നു മിക്കവാറും അരങ്ങൊഴിഞ്ഞിരിക്കുന്നു. എങ്കിലും പുതിയ അമ്മമാർക്കും ആ താരാട്ടുകൾ കാണാപ്പാഠം. 'കണ്ണും പൂട്ടി ഉറങ്ങുക നീയെൻ' എന്ന പാട്ട് ഒരിക്കലെങ്കിലും മൂളാത്ത അമ്മമാർ ഉണ്ടാകുമോ? സ്നേഹസീമയിലെ ആ ഗാനമുൾപ്പെടെ നമ്മുടെ സിനിമയിൽ കേട്ട ഏറ്റവും ഹൃദ്യമായ ചില താരാട്ടു പാട്ടുകൾ സമ്മാനിച്ച (ഉണ്ണിക്കൈ വളര്, എന്തെല്ലാം കഥകളുണ്ട് അമ്മക്ക് പറയാന്‍, ഊഞ്ഞാല് പൊന്നൂഞ്ഞാല്) ഗായികയ്ക്ക് ജീവിതത്തിൽ ഒരിക്കലും സ്വന്തം മക്കളെ പാടിയുറക്കാൻ ഭാഗ്യമുണ്ടായില്ല എന്നത് വിധിവൈചിത്ര്യമായി തോന്നാം. ഒരിക്കൽ ഇക്കാര്യം പരാമർശവിഷയമായപ്പോള്‍ ചിരിച്ചു കൊണ്ട് ലീലച്ചേച്ചി പറഞ്ഞ വാക്കുകൾ ഓര്‍മയുണ്ട്: "എനിക്ക് മക്കളില്ലെന്ന് ആര് പറഞ്ഞു? എന്റെ മരുമക്കൾ എല്ലാം എനിക്ക് മക്കളാണ്. അവർക്ക് വേണ്ടി ഞാൻ പാടാത്ത താരാട്ടുകളില്ല!''
ജീവിച്ചിരുന്നെങ്കിൽ ഇന്ന് 90 വയസ്സ് തികഞ്ഞേനെ ലീല ചേച്ചിക്ക്. പാട്ടിന്റെ ഈ പഴയ താമരത്തുമ്പിയെ ഇന്ന് എത്ര പേർ ഓര്‍ക്കുന്നു? അവസാന നാളുകളില്‍ അവർ എഴുതിയ ഒരു കത്തിലെ വരികളാണ് ഓർമയിൽ: "എന്‍റെ കുറെ നല്ല പാട്ടുകൾ രവി സൂക്ഷിച്ചു വയ്ക്കണം. മക്കൾ വളര്‍ന്നാല്‍ കേൾപ്പിക്കാൻ വേണ്ടി. ഇങ്ങനെ ഒരു ചേച്ചി എനിക്ക് ഉണ്ടായിരുന്നു എന്ന് അവരോടു പറയണം!''
അന്ന് ആ വാക്കുകൾ എന്റെ കണ്ണ് നനയിച്ചതാണ്. ഇന്നും, ഇതാ ഈ നിമിഷവും ആ വാക്കുകൾ എന്നെ കരയിക്കുന്നു.