കഞ്ചാവ് കൈവശം വച്ചതിന് ഗായിക അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്
Mail This Article
കഞ്ചാവ് കൈവശം വച്ചതിന് അമേരിക്കൻ ഗായിക നിക്കി മിനാജ് അറസ്റ്റിൽ. ആംസ്റ്റർഡാം എയർപോർട്ടിൽ വച്ചാണ് ഗായികയെ പൊലീസ് അറസ്റ്റ് ചെയ്തത്. തന്നെ പൊലീസ് പിടികൂടുന്നതിന്റെ മുഴുവൻ ദൃശ്യങ്ങളും നിക്കി തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. പൊലീസ് നിക്കിയുടെ അടുത്തേക്ക് എത്തുന്നതും വാഹനത്തിൽ കയറാൻ ആവശ്യപ്പെടുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്.
സോഫ്റ്റ് ഡ്രഗ് കൈവശം വച്ചതിനാണ് നിക്കി മിനാജിനെ അറസ്റ്റ് ചെയ്തതെന്ന് ഡച്ച് പൊലീസ് അറിയിച്ചു. ഇത്തരം വസ്തുക്കൾ നെതർലൻഡ്സിൽ നിന്നു പുറത്തേക്കു കൊണ്ടുപോകുന്നതിനു നിയന്ത്രണങ്ങൾ ഉണ്ട്. പ്രതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായില്ലെങ്കിലും ഗായിക തന്നെയാണ് താൻ പിടിയിലായ വിവരം പുറത്തുവിട്ടത്.
മാഞ്ചസ്റ്ററിൽ സംഗീതപരിപാടി അവതരിപ്പിക്കാൻ പോകവെയാണ് 41കാരിയായ നിക്കി മിനാജ് പൊലീസ് പിടിയിലായത്. തന്റെ യാത്ര തടസ്സപ്പെടുത്താനും ഷോ തകർക്കാനുമുള്ള ആസൂത്രിതശ്രമമാണ് നടന്നതെന്ന് നിക്കി ആരോപിക്കുന്നു. തന്റെ സംഗീതപരിപാടി തടസ്സപ്പെടുത്താനായി പൊലീസ് പണം കൈപ്പറ്റിയെന്നും ഗായിക പറയുന്നു. നിക്കിയുടെ വിഡിയോ പുറത്തുവന്നതോടെ പിന്തുണയുമായി ആരാധകരും രംഗത്തെത്തി. ‘ഫ്രീ നിക്കി’ എന്ന പേരിൽ ക്യാംപെയ്നും ആരംഭിച്ചിട്ടുണ്ട്.