ADVERTISEMENT

മലയാള കവിതയുടെ ഗതിവിഗതികളിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ ഒഎൻവി കുറുപ്പിന്റെ ജന്മവാർഷികമാണിന്ന്. ഒഎൻവി എന്ന മൂന്നക്ഷരം മലയാളികൾക്ക് കവിതയുടെ പര്യയമാണ്. കൊല്ലം ജില്ലയിലെ ചവറയിൽ ഒ.എൻ.കൃഷ്ണകുറുപ്പിന്റെയും കെ.ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി 1931 മേയ് 27നാണ് ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്ന ഒഎൻവി കുറുപ്പിന്റെ ജനനം. വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒഎൻവി, തന്റെ ആദ്യ കവിതയായ ‘മുന്നോട്ട്’ എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്.

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനതലത്തിൽ നടത്തിയ മത്സരത്തിൽ ‘അരിവാളും രാക്കുയിലും’ എന്ന കവിതയ്ക്ക് ഒന്നാം സ്ഥാനം നേടിയതോടെയാണ് മലയാള സാഹിത്യ ലോകം ഒൻഎൻവി എന്ന 17 കാരനെ ശ്രദ്ധിച്ചു തുടങ്ങിയത്. 1949 ൽ ആദ്യ കവിതാസമാഹാരമായ ‘പൊരുതുന്ന സൗന്ദര്യം’ പ്രസിദ്ധീകരിച്ചു. പിന്നീട് ദാഹിക്കുന്ന പാനപാത്രം, മരുഭൂമി, മയിൽപ്പീലി, അഗ്നിശലഭങ്ങൾ, അക്ഷരം, കറുത്തപക്ഷിയുടെ പാട്ട്, ഉപ്പ്, ഭൂമിക്കൊരു ചരമഗീതം, ശാർങ്ഗകപ്പക്ഷികൾ, മൃഗയ, തോന്ന്യാക്ഷരങ്ങൾ, അപരാഹ്നം, ഉജ്ജയിനി, വെറുതെ, സ്വയംവരം, ഭൈരവന്റെ തുടി തുടങ്ങി നിരവധി കൃതികൾ.

ചവറ ഇംഗ്ലിഷ് ഹൈസ്കൂളിലായിരുന്നു ഒഎൻവിയുടെ പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം എസ്എൻ കോളജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലുമായി പഠനം പൂർത്തിയാക്കി. യൂണിവേഴ്സിറ്റി കോളജിലും എറണാകുളം മഹാരാജാസ് കോളജിലും തിരുവന്തപുരം ആർട്സ് ആന്‍ഡ് സയൻസ് കോളജിലും കണ്ണൂർ ബ്രണ്ണൻ കോളജിലും അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ഗവ.വിമൻസ് കോളജിലെ മലയാള വിഭാഗം മേധാവിയായി 1986 ൽ വിരമിച്ചു.

മലയാള സാഹിത്യ വേദിക്കു മാത്രമല്ല മലയാള സിനിമഗാന ശാഖയ്ക്കും ഒഎൻവി നൽകിയ സംഭാവന വിസ്മരിക്കാനാവാത്തതാണ്. 1955ൽ പുറത്തിറങ്ങിയ കാലം മറന്നു എന്ന ചിത്രത്തിലൂടെയാണ് ഗാനരചയിതാവായി ഒഎൻവി അരങ്ങേറ്റം കുറിക്കുന്നത്. ആ ചിത്രത്തിലൂടെ മലയാള സിനിമയ്ക്കു ലഭിച്ചത് ഒഎൻവി, ജി.ദേവരാജൻ എന്നീ മഹാരഥൻമാരെയാണ്. തുടർന്ന് കളിയാട്ടം, പുത്രി, കരുണ, കറുത്ത രാത്രികൾ, അധ്യാപിക, കുമാരസംഭവം, നിശാഗന്ധി, സ്വപ്നം, മദനോത്സവം, ഉൾക്കടൽ, ദേവദാസി, ചില്ല് തുടങ്ങിയ നിരവധി ചിത്രങ്ങൾക്കു വേണ്ടി ഗാനങ്ങൾ രചിച്ചു.

വൈശാലി എന്ന ചിത്രത്തിലൂടെ കേന്ദ്രസർക്കാറിന്റെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരവും കേരളസർക്കാരിന്റെ പുരസ്കാരം 13 തവണയും ഒഎൻവിയെ തേടിയെത്തി. 1971 ൽ ‘അഗ്നിശലഭങ്ങൾ‘ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം. 1975 ൽ ‘അക്ഷര’ത്തിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ‘ഉപ്പ്’ എന്ന കൃതിക്ക് 1981ൽ സോവിയറ്റ്ലാൻഡ് നെഹ്റു പുരസ്കാരവും 1982 ൽ വയലാർ പുരസ്കാരവും ലഭിച്ചു. 1998 ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. 2008 ൽ സംസ്ഥാന സർക്കാരിന്റെ എഴുത്തച്ഛൻ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

2005 ൽ പത്മപ്രഭാ പുരസ്കാരം, 2009 ൽ രാമാശ്രമം ട്രസ്റ്റ് പുരസ്കാരം എന്നിവയ്ക്കും അർഹനായി. 2007 ൽ ജ്ഞാനപിഠം പുരസ്കാരവും 2011 ൽ പത്മവിഭൂഷൺ പുരസ്കാരവും ഒഎൻവിക്കു ലഭിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്രസാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗം, കേരള കലാമണ്ഡലം ചെയർമാൻ, കേരള സാഹിത്യ അക്കാദമി ഫെലോ തുടങ്ങിയ നിലകളിലും ഒഎൻവി പ്രവർത്തിച്ചു.

English Summary:

Remembering legend O. N. V. Kurup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com