ADVERTISEMENT

പാടുകയല്ല മുഹമ്മദ് റഫി; നാദശലഭമായി പറന്നുയരുകയാണ്. "യേ ദേഖ് കെ ദിൽ ജൂമാ" എന്ന വരിയിലെ ജൂമാ എന്ന വാക്കിലെത്തുമ്പോൾ ആ ശലഭം ആകാശത്താരകളെ ചെന്നു തൊടുന്നു.

വെറുതെയല്ല ഒരിക്കൽ എസ്പിബി പറഞ്ഞത്: "മുഹമ്മദ് റഫിക്കല്ലാതെ ലോകത്തൊരാൾക്കും ആ ജൂമായിൽ ഇത്രയേറെ പ്രണയം നിറക്കാനാവില്ല. ഇന്നും ആ വരി റഫി സാഹിബ് പാടിക്കേൾക്കുമ്പോൾ എന്റെ കണ്ണുകൾ നിറയും. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ജീവിക്കാൻ എനിക്ക് അവസരം നൽകിയതിന് ദൈവത്തിന് നന്ദി പറയും."

"കശ്മീർ കി കലി"യിലെ "ദീവാനാ ഹുവാ ബാദൽ" എന്ന ഗാനം ഒരു പ്രണയപാഠശാലയാണെന്ന് തോന്നും ചിലപ്പോൾ. വരികളിൽ, വാക്കുകളിൽ, അക്ഷരങ്ങളിൽ പോലും പ്രണയോന്മാദം നിറച്ചുവച്ച പാട്ട്. റഫിയുടേയും ആശ ഭോസ്‌ലെയുടേയും സ്വർഗീയ നാദങ്ങൾക്കൊപ്പം ഉസ്താദ് റയീസ് ഖാന്റെ സിത്താറും പണ്ഡിറ്റ് രാംനാരായണിന്റെ സാരംഗിയും ഐസക് ഡേവിഡിന്റെ മാൻഡലിനും ചേരുമ്പോൾ അതൊരു അവിസ്മരണീയ സംഗീതസംഗമമാകുന്നു. "ഈ പാട്ടിൽ സിത്താറും സാരംഗിയും മാൻഡലിനും അകമ്പടി വാദ്യങ്ങളല്ല, പാട്ടുകാരാണ്." - ഫേമസ് സ്റ്റുഡിയോയിലെ റെക്കോർഡിങ്ങിനു മുൻപ് നയ്യാർ പറഞ്ഞു. "റഫിക്കും ആശയ്ക്കും ഒപ്പം പാടിക്കൊണ്ടേയിരിക്കണം അവ." അക്ഷരം പ്രതി ആ നിർദേശം പാലിച്ചു റയീസ്-രാംനാരായൺ-ഡേവിസ് സഖ്യം.

ഈണത്തിനൊത്ത് അനുയോജ്യമായ വരികളെഴുതാൻ ഷാഹുൽ ഹുദാ ബിഹാരി പ്രയാസപ്പെട്ട കഥ നയ്യാർ തന്നെ ഒരഭിമുഖത്തിൽ പറഞ്ഞു കേട്ടിട്ടുണ്ട്. പ്രണയവും ഉന്മാദവും ഉദ്ദേശിച്ചത്ര വന്നില്ലെന്നു പറഞ്ഞ് പലതവണ മാറ്റിയെഴുതിക്കുകയായിരുന്നു ആ പാട്ട്. ഒടുവിൽ "ദീവാനാ ഹുവാ ബാദൽ യേ ദേഖ് കെ ദിൽ ജൂമാ, ലീ പ്യാർ നെ അംഗഡായീ" എന്ന പല്ലവി പിറന്നുവീണപ്പോൾ ആദ്യവായനയിൽ തന്നെ നയ്യാർ പറഞ്ഞു: "യേ ദേഖ് കെ ദിൽ ജൂമാ എന്ന വരിയിൽ നിന്നാണ് ഞാനീ പാട്ട് തുടങ്ങുക. കൈകൾ രണ്ടും വിടർത്തിക്കൊണ്ട് ഷമ്മി കപൂർ ആ വരിയിലൂടെ ഒഴുകിപ്പോകുന്നത് ഉൾക്കണ്ണുകളാൽ കാണാമെനിക്ക്."

ആ ഉൾക്കാഴ്ച എത്രത്തോളം കൃത്യമായിരുന്നു എന്നറിയാൻ കശ്‌മീരിലെ ദാൽ തടാകക്കരയിൽ ചിത്രീകരിച്ച ഗാനരംഗം കണ്ടാൽ മതി നമുക്ക്. റഫി സാഹിബിന്റെ മോഹിപ്പിക്കുന്ന ഹമ്മിങ്ങിൽ നിന്നാണ് പാട്ടിന്റെ തുടക്കം. ഉന്മാദഭരിതമായ മേഘജാലത്തെ നോക്കി കൈചൂണ്ടി ദീവാനാ ഹുവാ ബാദൽ എന്നു ഷമ്മി പാടുമ്പോൾ കാമുകിയായ ശർമിള ടാഗോറിന്റെ മാത്രമല്ല കണ്ടിരിക്കുന്ന നമ്മുടെ ഹൃദയങ്ങളും കോരിത്തരിച്ചുപോകുന്നു. ഷമ്മിക്കു വേണ്ടി, ഷമ്മിക്ക് വേണ്ടി മാത്രം, സൃഷ്ടിക്കപ്പെട്ട പാട്ടാണതെന്നു തോന്നുന്ന നിമിഷം. അല്ലെങ്കിൽത്തന്നെ ഒ.പി.നയ്യാർ -- റഫി -- ഷമ്മി കൂട്ടുകെട്ടിന്റെ ഏത് പാട്ടാണ് നമ്മിൽ പ്രണയം നിറക്കാതിരിക്കുക? എസ്.എച്ച്.ബിഹാരിയുടെ രചനകളിൽ ഏറ്റവും ദൃശ്യചാരുതയും "ദീവാനാ ഹുവാ ബാദ"ലിനു തന്നെ. "ഐസി തോ മേരി തഖ്‌ദീർ ന ഥി, തുംസാ ജോ കോയി മെഹബൂബ് മിലെ, ദിൽ ആയി ഖുശി സെ പാഗൽ ഹേ, ഏ ജാനെ വഫാ തും ഖൂബ് മിലെ, ദിൽ ക്യോ ന ബനേ പാഗൽ?" എന്ന് റഫി ചോദിക്കുമ്പോൾ ആരുടെ മനസ്സാണ് ഉന്മാദഭരിതമാകാതിരിക്കുക?

റഫിയായിരുന്നു എക്കാലവും ഷമ്മിയുടെ സ്ക്രീൻ വോയ്‌സ്; മറ്റു ഗായകരും അദ്ദേഹത്തിന് വേണ്ടി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ടെങ്കിലും. "എന്റെ സൂക്ഷ്മചലനങ്ങൾ പോലും ആഴത്തിൽ ഉൾക്കൊണ്ടാണ് റഫി പാടുക. ഞാൻ കൈ വീശുന്നതും കാലുകൾ ചലിപ്പിക്കുന്നതും തല വെട്ടിക്കുന്നതും എല്ലാം റഫി മനസ്സിൽ കാണും. അജ്ഞാതമായ എന്തോ ഒരു രസതന്ത്രം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.''-ആത്മകഥയിൽ ഷമ്മി എഴുതി. താരതമ്യങ്ങൾക്കതീതമായ ആ കെമിസ്ട്രിയുടെ ഉദാത്ത ഉദാഹരങ്ങളാണ് ഷമ്മിക്കു വേണ്ടി റഫി പാടി അവിസ്മരണീയമാക്കിയ ഓരോ ഗാനവും: ജവാനിയാ യേ മസ്ത് മസ്ത്, ചുപ്നെ വാലേ സാമ്നേ ആ, സർ പർ തോപി  (തുംസാ നഹി ദേഖാ), ഏ ഗുൽബദൻ (പ്രഫസർ), ബാർ ബാർ ദേഖോ (ചൈനാടൗൺ), ഇസ് രംഗ് ബദൽതി ദുനിയാ മേ, തുംനെ പുകാരാ ഔർ ഹം ചലേ ആയേ (രാജ് കുമാർ), ദിൽ തേരാ ദീവാനാ ഹേ സനം (ദിൽ തേരാ ദീവാനാ), ദിൽ ദേകെ ദേഖോ (ദിൽ ദേകെ ദേഖോ),  യേ ചാന്ദ് സാ രോഷൻ ചെഹരാ, ഇഷാരോം ഇഷാരോം (കശ്മീർ കി കലി), അകേലേ അകേലേ കഹാം ജാ രഹേ ഹേ, ആസ്മാൻ സേ ആയാ ഫരിഷ്താ, രാത് കേ ഹംസഫർ (ആൻ ഈവനിംഗ് ഇൻ പാരിസ്), ദിൽ കേ ജരോഖേ മേ, ആജ്കൽ തെരേ മേരെ, മേ ഗാവൂം തും സോ ജാവോ (ബ്രഹ്മചാരി), ബദൻ പേ സിതാരേ (പ്രിൻസ്), തും സേ അഛാ കോൻ ഹേ (ജാൻവർ), ഓ ഹസീനാ ജുല്ഫോംവാലി, ആജാ ആജാ (തീസ്റി മൻസിൽ)....

"കശ്മീർ കി കലി"യിൽ സംഗീതസംവിധായകനായി വരേണ്ടിയിരുന്നത് യഥാർഥത്തിൽ നയ്യാറല്ല; ശങ്കർ ജയ്കിഷനാണ് എന്ന് പറയുന്നു ശക്തി സാമന്തയുടെ മകൻ അഷീം സാമന്ത (ഗാത്താ രഹേ മേരാ ദിൽ-- അനിരുദ്ധ ഭട്ടാചാർജി, ബാലാജി വിട്ടൽ). ആ സമയത്ത് അത്ര നല്ല അവസ്ഥയിലല്ല നയ്യാർ. തൊട്ടുമുൻപ് അദ്ദേഹം സംഗീതം പകർന്ന ചില പടങ്ങൾ ബോക്സ്ഓഫീസിൽ തലകുത്തി വീണതാണു കാരണം. സൂപ്പർ ഹിറ്റായ ഹൗറാ ബ്രിഡ്ജ് ഉൾപ്പെടെ ശക്തിയുടെ ആദ്യകാല സിനിമകളിലെല്ലാം സംഗീത സംവിധായകൻ നയ്യാർ ആയിരുന്നെങ്കിലും പിന്നീടൊരു ഘട്ടത്തിൽ സംവിധായകനും സംഗീതസംവിധായകനും മാനസികമായി അകന്നു. ആ അകൽച്ച മായ്ച്ചു കളയാൻ ആത്മാർഥമായി ആഗ്രഹിച്ചിരുന്നു നയ്യാർ. പ്രിയ സുഹൃത്ത് ഷമ്മി കപൂറിന്റെ പിന്തുണയോടെ, കൈനിറയെ മനം മയക്കുന്ന ഈണങ്ങളുമായി നയ്യാർ ശക്തിയെ കാണാനെത്തുന്നത് അങ്ങനെയാണ്.

ചരിത്രപ്രസിദ്ധമായ ആ കൂടിക്കാഴ്ച്ച ഷമ്മി കപൂർ ഓർത്തെടുത്തതിങ്ങനെ: "മഹാലക്ഷ്മി സ്റ്റുഡിയോയിലെ ഷൂട്ടിങ്ങിനു ശേഷം ശർമിള ടാഗോർ, എസ്.എച്ച്.ബിഹാരി, ആശ ഭോസ്‌ലെ, ശക്തി എന്നിവർക്കൊപ്പം നയ്യാറിന്റെ ഓഫിസിലെത്തുമ്പോൾ സമയം രാത്രി എട്ടു മണി. ചെന്നയുടൻ വിസ്കിയും എത്തി. ആദ്യത്തെ പെഗ്ഗും ചിയേഴ്‌സും കഴിഞ്ഞയുടൻ ഹാർമോണിയത്തിൽ നയ്യാർ ആദ്യത്തെ ഈണം വായിക്കുന്നു. പിൽക്കാലത്ത് ദീവാനാ ഹുവാ ബാദൽ ആയി നാം കേട്ട അതേ  ഈണം. ആദ്യ കേൾവിയിലേ ട്യൂൺ എനിക്ക് ഓക്കേ. പിന്നെ വന്നത് താരീഫ് കരൂം എന്ന പാട്ടിന്റെ ട്യൂൺ. അതും എനിക്ക് ഓക്കേ. മധുചഷകങ്ങൾ നിറയുകയും ഒഴിയുകയും ചെയ്യുന്നു ഒരു വശത്ത്. മറുവശത്ത് ഈണങ്ങളുടെ നിലയ്ക്കാത്ത  മഹാപ്രവാഹം. 52 ഈണങ്ങളാണ് ആ രാത്രി നയ്യാർ ഞങ്ങൾക്കു വേണ്ടി വായിച്ചത്. അതിൽ നിന്ന്  കശ്മീർ കി കലിക്ക് വേണ്ടി ഒമ്പതെണ്ണം തിരഞ്ഞെടുക്കുക എളുപ്പമായിരുന്നില്ല. ഒഴിവാക്കപ്പെട്ട ട്യൂണുകളിൽ ചിലത് പിന്നീട് സാവൻ കി ഘട്ട എന്ന ചിത്രത്തിൽ ഉപയോഗിച്ചു ശക്തി സാമന്ത."

നയ്യാറൊരുക്കിയ ഗാനോത്സവത്തിൽ മതിമറന്നിരുന്ന ശക്തി സാമന്ത അതിനകം ശങ്കർ ജയ്കിഷനെ മാറ്റി നയ്യാറിനെ തന്റെ പുതിയ പടത്തിന്റെ സംഗീത ശില്പിയായി നിശ്ചയിച്ചു കഴിഞ്ഞിരുന്നു. ശങ്കർ ജയ്കിഷന്റെ പരിഭവം തീർക്കാനും ഒരു വഴി കണ്ടെത്തി ശക്തി. "കശ്‌മീർ കി കലി"ക്ക് പിന്നാലെ വന്ന "ആൻ ഈവനിങ് ഇൻ പാരിസി"ലെ ഗാനസൃഷ്ടിയുടെ ചുമതല  അവരെ ഏൽപ്പിച്ചു അദ്ദേഹം.

 നയ്യാറിന്റെ ട്രേഡ് മാർക്ക് ഈണങ്ങളുടെ സവിശേഷ മുദ്രകളെല്ലാം പതിഞ്ഞുകിടന്നിരുന്നു കശ്മീർ കി കലിയിലെ പാട്ടുകളിൽ; പ്രശസ്തമായ ആ "ടോംഗാ ബീറ്റ്‌സ്" ഉൾപ്പെടെ. ദീവാനാ ഹുവാ ബാദൽ തുടങ്ങുന്നത്  കുതിരക്കുളമ്പടികളുടെ താളത്തിലാണെങ്കിലും രാംനാരായണിന്റെ സാരംഗിയുടെ കടന്നുവരവോടെ പതുക്കെ അത് ഹൃദയഹാരിയായ ഭാവഗീതമായി മാറുന്നു. യേ ചാന്ദ് സാ രോഷൻ ചെഹരാ, കിസി നെ കിസി സെ എന്നീ ഗാനങ്ങളിലും കേൾക്കാം നയ്യാർ സ്റ്റൈൽ കുളമ്പടിത്താളം. റഫിയുടെയും ആശയുടെയും ആലാപന ശൈലികൾ പ്രണയാർദ്രമായി ഇഴുകിച്ചേർന്ന് ഒരൊറ്റ നദിയായി ഒഴുകുന്ന മാജിക് "ദീവാനാ ഹുവാ ബാദ"ലിന് മുൻപ്  മുൻപ് നമ്മെ അനുഭവിപ്പിച്ചത് "നയാ ദൗറി"ലെ "മാംഗ്‌ കെ സാഥ് തുംഹാര" ആയിരിക്കും. അത് കഴിഞ്ഞു ഹം ദോനോമിലെ "അഭി നാ ജാവോ ചോഡ്കർ" എന്ന പാട്ടും.

"ഹേ ദുനിയാ ഉസീ കി" ആയിരുന്നു "കശ്മീർ കി കലി"യിലെ വേറിട്ട ശ്രവ്യാനുഭവം. ഷമ്മി കപൂറിന്റെ നായകകഥാപാത്രം മദ്യപിച്ചു പാടുന്ന പാട്ട്. റഫിയും മനോഹരി സിങ്ങിന്റെ സാക്സഫോണും ചേർന്നുള്ള ജുഗൽബന്ദി എന്നാണ് ആ പാട്ടിനെ ഒരിക്കൽ ഷമ്മി വിശേഷിപ്പിച്ചത്. റെക്കോർഡിങ് കഴിഞ്ഞയുടൻ കീശയിൽ നിന്ന് നൂറു രൂപാ നോട്ടെടുത്ത് പാരിതോഷികമായി മനോഹരി സിങ്ങിന് സമ്മാനിച്ച കഥ ആത്മകഥയിൽ ഷമ്മി വിവരിച്ചിട്ടുണ്ട്. ആ രാത്രി വിസ്കിയിൽ മുങ്ങി മനോഹരി സിങ് ആഘോഷിച്ചതും വീട്ടിലേക്കു മടങ്ങും വഴി കാറപകടത്തിൽ ചെന്ന് പെട്ടതും കശ്മീർ കി കലിയെ കുറിച്ചുള്ള രസികൻ ഓർമ.

English Summary:

Superhit song Deewanaa Huaa Baadal special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com