അന്ന് അവൻ എന്റെ കൈപിടിച്ച് ചോദിച്ചു, ‘എന്നെ മകളുടെ പങ്കാളിയാക്കിക്കൂടെ’?; നിക്കിനെക്കുറിച്ച് മധു ചോപ്ര
Mail This Article
ഗായകൻ നിക് ജൊനാസും നടി പ്രിയങ്ക ചോപ്രയും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ചു താൻ ചിന്തിക്കുന്നുപോലുമില്ലെന്ന് പ്രിയങ്കയുടെ അമ്മ മധു ചോപ്ര. രണ്ടുപേരും നല്ലവരാണെന്നും അതിനപ്പുറമുള്ള ഒന്നിനെക്കുറിച്ചും താൻ ആലോചിക്കാറില്ലെന്നും മധു വെളിപ്പെടുത്തി. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരദമ്പതികളെക്കുറിച്ച് മധു ചോപ്ര മനസ്സു തുറന്നത്.
‘പ്രിയങ്കയും നിക്കും നല്ലവരാണ്. അവർ പരസ്പരം കരുതലും സ്നേഹവും പ്രകടമാക്കുന്നു. അതിനപ്പുറം ഒന്നിനെക്കുറിച്ചും ഞാൻ ആലോചിക്കുന്നതേയില്ല. അവർ ഒരുമിച്ചതിൽ ഞാൻ അങ്ങേയറ്റം സന്തോഷവതിയാണ്, അതീവ ആഹ്ലാദത്തിലുമാണ്. അവരുടെ പ്രായവ്യത്യാസം സംബന്ധിച്ച് പല ചർച്ചകളും നടന്നിട്ടുണ്ട്. പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും.
നിക് ഇന്ത്യയിലേക്ക് ആദ്യമായി വന്നപ്പോൾ ഒരു ദിവസം ഉച്ചഭക്ഷണം കഴിക്കാൻ എന്നെ കൂട്ടിക്കൊണ്ടു പോയി. അപ്പോൾ പ്രിയങ്ക കൂടെ ഉണ്ടായിരുന്നില്ല. ഞാനും നിക്കും മാത്രം. ഭക്ഷണം കഴിക്കുന്നതിനിടെ ഞങ്ങൾ ഒരുപാട് സംസാരിച്ചു. മകൾക്കു വേണ്ട പങ്കാളി എങ്ങനെ ആയിരിക്കണമെന്ന് നിക് എന്നോടു ചോദിച്ചു. ഞാൻ ആഗ്രഹിക്കുന്ന വ്യക്തിത്വഗുണങ്ങൾ എന്തൊക്കെയാണ് അവനു വ്യക്തമാക്കിക്കൊടുത്തു. നിക് എന്റെ കൈപിടിച്ച് എന്നോടു ചോദിച്ചു, ‘ഞാൻ അങ്ങനെയൊരു വ്യക്തിയാണ്. എന്നെ പ്രിയങ്കയുടെ പങ്കാളിയാക്കാമോ?’ എന്ന്. ഞാൻ എന്റെ മകളുടെ പങ്കാളിയെക്കുറിച്ച് എന്തൊക്കെയാണോ ആഗ്രഹിച്ചത്, ആ ഗുണങ്ങളെല്ലാം നിക്കിൽ ഉണ്ട്’, മധു ചോപ്ര പറഞ്ഞു.
പ്രിയങ്ക ചോപ്രയേക്കാൾ 10 വയസ്സിന് ഇളയതാണ് നിക് ജൊനാസ്. പ്രായവ്യത്യാസം ഉള്ളതുകൊണ്ടുതന്നെ താൻ നിക്കിൽ നിന്നും മനപ്പൂർവം ഒഴിഞ്ഞുമാറി നിന്നിട്ടുണ്ടെന്നും ആ ഒറ്റ കാരണത്താൽ നിക്കുമായി വിവാഹം വേണ്ടെന്ന് ആദ്യം തീരുമാനിച്ചിരുന്നെന്നും മുൻപ് പ്രിയങ്ക തന്നെ വെളിപ്പെടുത്തിയിരുന്നു. പ്രായം കൊണ്ടു വളരെ ചെറുപ്പമാണെങ്കിലും നിക്കിന് എഴുപത് വയസ്സുകാരന്റെ പക്വതയുണ്ടെന്നും പ്രിയങ്ക പറഞ്ഞത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
2017–ലെ മെറ്റ് ഗാല പുരസ്കാര വേദിയിൽ വച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുക്കുകയും ആ ബന്ധം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു. നിക്കിന്റെ സഹോദരനും ഗായകനുമായ കെവിന്‍ ജൊനാസ് ആണ് ഇരുവരുടെയും ബന്ധത്തിന് ഇടനിലക്കാരനായത്. കെവിൻ ആണ് നിക്കിനോട് പ്രിയങ്കയെ ഫോണിൽ ബന്ധപ്പെടാൻ ആവശ്യപ്പെട്ടത്. അങ്ങനെ പതിയെ ഇരുവരും തമ്മിൽ അടുത്തു.
2018 ഡിസംബർ 1ന് നിക്കും പ്രിയങ്കയും വിവാഹിതരായി. മൂന്നു ദിവസം നീണ്ട രാജകീയ പ്രൗഢിയോടുള്ള ആഘോഷങ്ങളോടെയായിരുന്നു പരമ്പരാഗതരീതിയിലുള്ള വിവാഹം. 4 കോടിയോളം രൂപയാണ് പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹാഘോഷത്തിനു വേണ്ടി ചെലവായത്. നിക്കും പ്രിയങ്കയും ഒരു വർഷത്തിൽ കൂടുതൽ ഒരുമിച്ചു ജീവിക്കില്ലെന്നും ഇരുവരും ഉടൻ വേർപിരിയുമെന്നുമുൾപ്പെടെയുള്ള പ്രവചനങ്ങള്‍ വിവാഹസമയത്തു പുറത്തുവന്നിരുന്നു. എന്നാൽ താരദമ്പതികൾ വിവാഹജീവിതത്തിൽ അഞ്ചു വർഷങ്ങൾ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 2022 ജനുവരി 22ന് നിക്കിനും പ്രിയങ്കയ്ക്കും പെൺകുഞ്ഞ് പിറന്നു. വാടകഗർഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്. മാൾട്ടിക്ക് സമൂഹമാധ്യമലോകത്ത് ഏറെ ആരാധകരുമുണ്ട്.