സ്റ്റേജിൽ അശ്ലീലം; മഡോണയ്ക്കെതിരെ കേസ്
Mail This Article
പോപ്പ് സംഗീതത്തിലെ ഇതിഹാസം മഡോണയ്ക്കെതിരെ യുഎസിൽ കേസ്. സ്റ്റേജിൽ മഡോണയ്ക്കൊപ്പമുണ്ടായിരുന്ന നർത്തകിമാർ നഗ്നതയും രതി ചേഷ്ടകളും കാട്ടിയെന്നാരോപിച്ച് ജസ്റ്റിൻ ലിപെൽസ് എന്നയാളാണു പരാതി നൽകിയത്.
മാർച്ച് ആദ്യവാരം ലൊസാഞ്ചലസിൽ നടത്തിയ സംഗീത പരിപാടിയിലാണു സംഭവമെന്നു ജസ്റ്റിൻ പറയുന്നു. ഈ പരിപാടി കേൾക്കാൻ ജസ്റ്റിനും സുഹൃത്തുക്കളും 4 ടിക്കറ്റുകൾ എടുത്തിരുന്നു. പരിപാടി ഒന്നര മണിക്കൂർ താമസിച്ചാണ് തുടങ്ങിയതെന്നും മഡോണയുടെ നിർദേശമനുസരിച്ച് വേദിയിലെ എസി ഓഫ് ചെയ്തെന്നും ജസ്റ്റിൻ ആരോപിക്കുന്നു. കടുത്ത ചൂട് മൂലം തനിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായെന്നും പറഞ്ഞു.
ടിക്കറ്റ് തുകയും നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. സംഗീതപരിപാടി താമസിച്ചു തുടങ്ങിയത് സാങ്കേതിക കാരണങ്ങൾ മൂലമാണെന്ന് മഡോണയുടെ പ്രതിനിധികൾ അറിയിച്ചു. 80 വേദികൾ പൂർത്തിയാക്കിയ പുതിയ സംഗീത ടൂറിന്റെ ഭാഗമായിരുന്നു ലൊസാഞ്ചലസിലെ പരിപാടി.