‘നിക്, മിസ് യു’; മകൾക്കൊപ്പം ക്യൂട്ട് ചിത്രവുമായി പ്രിയങ്ക, കമന്റിട്ട് നിക് ജൊനാസ്
Mail This Article
പങ്കാളിയും ഗായകനുമായ നിക് ജൊനാസിനെ മിസ് ചെയ്യുന്നുവെന്ന് നടി പ്രിയങ്ക ചോപ്ര. മകൾ മാൾട്ടി മേരിക്കൊപ്പമുള്ള അതിമനോഹര ചിത്രം പങ്കിട്ടുകൊണ്ടാണ് പ്രിയങ്കയുടെ കുറിപ്പ്. ഒരേ പാറ്റേണിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. പ്രിയങ്കയുടെ നെഞ്ചോരത്തിരിക്കുന്ന മകളെ ചിത്രത്തിൽ കാണാനാകും. മാൾട്ടിയുടെ ക്യൂട്ട് ലുക്ക് ആരാധകർ ചർച്ചയാക്കിക്കഴിഞ്ഞു.
പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പ്രിയങ്ക ചോപ്ര ഓസ്ട്രേലിയയിൽ ആണുള്ളത്. നിക് ജൊനാസ് സ്വന്തം രാജ്യമായ അമേരിക്കയിലും. പ്രിയങ്ക മകളെയും കൂട്ടിയാണ് സിനിമാ ചിത്രീകരണത്തിനായി പോയത്. സഹപ്രവർത്തകർക്കൊപ്പം മകൾ കുസൃതി കാണിക്കുന്ന ഹൃദ്യമായ ദൃശ്യങ്ങൾ മുൻപ് പ്രിയങ്ക ചോപ്ര പങ്കുവച്ചിരുന്നു. ഇപ്പോൾ പോസ്റ്റ് ചെയ്ത ചിത്രവും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ‘എന്റെ ലോകം’ എന്നാണ് നിക് ജൊനാസ് പ്രിയങ്കയുടെ പോസ്റ്റിനോടു പ്രതികരിച്ചത്.
പ്രിയങ്ക ചോപ്ര പങ്കുവയ്ക്കുന്ന ചിത്രങ്ങളോടെല്ലാം നിക് ജൊനാസ് പ്രതികരണം അറിയിക്കുന്നത് പതിവാണ്. മാൾട്ടി മേരിക്കൊപ്പം സമയം ചെലവഴിക്കുന്ന നടിയുടെ ചിത്രങ്ങളും വിഡിയോകളും നിക് പങ്കുവയ്ക്കാറുമുണ്ട്. 2018 ഡിസംബറിലാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും വിവാഹിതരായത്. 2022 ജനുവരിയിൽ ഇരുവർക്കും കുഞ്ഞ് പിറന്നു. വാടകഗർഭപാത്രത്തിലൂടെയാണ് താരദമ്പതികൾ മാതാപിതാക്കളായത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവൻ പേര്. മാൾട്ടിക്ക് സമൂഹമാധ്യമലോകത്ത് ഏറെ ആരാധകരുണ്ട്.