‘ഇടിത്തീ’ മാറി, ഇനി ഇടനെഞ്ചിലേക്ക്; കൊറിയൻ പടയെ കാത്ത് ‘ആർമി’, ആദ്യം അംഗം പുറത്തേക്ക്
Mail This Article
ലോകമെമ്പാടും പടർന്നുപിടിച്ച ബിടിഎസ് തരംഗത്തിനു മങ്ങലേൽപ്പിച്ചാണ് ആ ഏഴു പയ്യന്മാർ രണ്ടു വർഷം മുൻപ് ഒരു അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ‘അതെ, ഞങ്ങൾ പിരിയുന്നു’! ഡൈനമൈറ്റും ബട്ടറും ഫയറും ഫെയ്ക്ക് ലവുമെല്ലാം കൊണ്ടുവന്ന് കൂളായി ഇടനെഞ്ചുകളിൽ ഇടം പിടിച്ച ആ കൊറിയൻ പടയിൽ നിന്നും ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യം. ബിടിഎസിലെ പിളർപ്പ് സ്വപ്നത്തിൽ പോലും കാണാൻ ഇഷ്ടപ്പെടാത്ത കോടിക്കണക്കിനു കൗമാരഹൃദയങ്ങളിലേക്ക് ഇടിത്തീ പോലെയാണ് ആ വാക്കുകൾ ചെന്നുപതിച്ചത്. ഒരുമിച്ചുള്ള അത്താഴവിരുന്നിനു ശേഷം പ്രസരിപ്പു മാഞ്ഞ മുഖത്തോടെ വേർപിരിയൽ വാർത്ത പറഞ്ഞൊപ്പിച്ച ബിടിഎസ്, വൈകാതെ തിരിച്ചുവരുമെന്ന മോഹനവാഗ്ദാനവും ആരാധകർക്കു നൽകിയിരുന്നു. സംഘത്തിന്റെ വേർപിരിയലിനോടു പൊരുത്തപ്പെടാനാകാതെ ലോകമെമ്പാടുമുള്ള ‘ബിടിഎസ് ആർമി’ എന്നറിയപ്പെടുന്ന ആരാധകവൃന്ദം ആ ഏഴു പേരുടെയും മടങ്ങിവരവിനു വേണ്ടി നിമിഷങ്ങൾ പോലുമെണ്ണി കാത്തിരുന്നു. ഇപ്പോഴിതാ, ആർമിയെത്തേടി ശുഭവാർത്തയെത്തിയിരിക്കുകയാണ്.
കണ്ടു, കൈട്ടിപ്പിടിച്ചു, കണ്ണീരണിഞ്ഞു
സൈനിക സേവനം പൂർത്തിയാക്കി ബിടിഎസിലെ മുതിർന്ന അംഗം ജിൻ മടങ്ങിയെത്തി. നിലവിൽ സേവനത്തിലേർപ്പെട്ടിരിക്കുന്ന ബാൻഡിലെ മറ്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജിൻ ഔദ്യോഗികമായി പുറത്തിറങ്ങിയത്. ജംഗൂക്, ആർഎം, ജെ-ഹോപ്പ്, ജിമിൻ, വി എന്നിവർ ജിന്നിനെ കാത്ത് പൂച്ചെണ്ടുമായി ഗേറ്റിനു സമീപം നിൽപ്പുണ്ടായിരുന്നു. സംഘാംഗങ്ങളെ കണ്ടപ്പോൾ ഓടിച്ചെന്നു കെട്ടിപ്പിടിച്ച ജിൻ, വികാരാധീനനായി. ഗ്രാമിയിലേക്കു നാമനിർദേശം ചെയ്യപ്പെട്ട സംഘത്തിന്റെ പാട്ട് ‘ഡയനാമൈറ്റ്’ സാക്സഫോണിൽ വായിച്ചാണ് സംഘാംഗം ആർഎം പ്രിയസുഹൃത്തിനെ വരവേറ്റത്. 2022 ഡിസംബറിൽ ആണ് ജിൻ സൈനികസേവനം ആരംഭിച്ചത്.
വൈകാതെ അവരും എത്തും
ബിടിഎസ് അംഗങ്ങൾ സൈനികസേവനം പൂർത്തിയാക്കി മടങ്ങുന്ന തീയതികൾ സംബന്ധിച്ച് നേരത്തേ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിരുന്നു. ജിന്നിനു പിന്നാലെ ഈ മാസം തന്നെ ജംഗൂക്കും തിരിച്ചെത്തും. ഒക്ടോബറിൽ ആണ് ജെ–ഹോപിന്റെ സൈനികസേവനം പൂർത്തിയാവുക. ബിടിഎസിലെ മറ്റ് അംഗങ്ങളുടെ സൈനികസേവനം അടുത്തവർഷമേ അവസാനിക്കൂ. 2025 ജൂൺ 10നാണ് ആർഎമ്മും വിയും മടങ്ങിയെത്തുക. അതേ മാസം തന്നെ ജിമിന്റെയും സുഗയുടെയും സേവന കാലാവധി അവസാനിക്കും. ജിമിൻ ആണ് ഏറ്റവുമൊടുവിലായി സൈനിക സേവനത്തിനിറങ്ങിയത്. സുഗ തോളെല്ലിനു പരുക്ക് പറ്റി കുറച്ചു നാൾ പട്ടാള ക്യാംപിൽ ചികിത്സയിലായിരുന്നു.
രാജ്യം അവരെ നിർബന്ധിച്ചു
ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാരും നിർബന്ധമായും സൈനിക സേവനത്തിലേര്‍പ്പെട്ടിരിക്കണം. 18 മുതൽ 21 മാസം വരെ നീളുന്ന സേവനമാണിത്. എന്നാൽ വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ച് രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ പ്രതിഭകളെ നിർബന്ധിത സേവനത്തിൽ നിന്നും ഒഴിവാക്കുന്ന രീതിയുമുണ്ട്. ഇതിലേക്കു ബിടിഎസ് പരിഗണിക്കപ്പെട്ടെങ്കിലും അന്തിമ തീരുമാനം നിരാശാജനകമായിരുന്നു. ഇതിൻപ്രകാരമാണ് ബിടിഎസും രാജ്യ സേവനത്തിനിറങ്ങിയത്. ബിടിഎസ് താരങ്ങളുടെ തിരക്കുള്ള കരിയർ കൊണ്ടും സംഗീതത്തിലൂടെ അവർ രാജ്യത്തിന്റെ യശസ്സുയർത്തിയതു കൊണ്ടും നിർബന്ധിത സേവനത്തിൽ നിന്നും അവരെ ഒഴിവാക്കണമെന്ന വാദം ഉയർന്നിരുന്നു. എന്നാൽ കൊറിയൻ മിലിറ്ററി കമിഷണറായ ലീ കീ സിക്ക് ആണ് ബിടിഎസ് അംഗങ്ങളെ പട്ടാളത്തിലേക്ക് നിർബന്ധപൂർവം ക്ഷണിച്ചത്. അവർ പട്ടാളത്തിൽ ചേർന്നാലും രാജ്യത്തിന്റെ യശസ്സുയർത്തും എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
ആ ശബ്ദം ഇനിയുമൊഴുകും, ഹൃദയങ്ങളിലേക്ക്
ബിടിഎസ് ബാൻഡ് രൂപീകരിച്ച് ഒൻപതു വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷവേളയില്‍ 2022 ജൂണിലാണ് ലോകത്തെ ഞെട്ടിച്ച ബാൻഡിന്റെ പ്രഖ്യാപനം. സംഗീതലോകത്തു നിന്നു തങ്ങൾ അനിശ്ചിതകാല ഇടവേള എടുക്കുകയാണെന്നും വൈകാതെ തിരികെ വരുമെന്നുമുള്ള ബാൻഡ് അംഗങ്ങളുടെ അറിയിപ്പ് ലോകമെമ്പാടുമുള്ള ആരാധകരെ ഒന്നായി ഉലച്ചു. സ്വതന്ത്ര സംഗീത ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിരിയുന്നതെന്നായിരുന്നു ബാൻഡ് അന്നു പറഞ്ഞ കാരണം. എന്നാൽ, നിര്‍ബന്ധിത സൈനികസേവനത്തിനിറങ്ങാന്‍ വേണ്ടിയായിരുന്നു ഇതെന്ന് പിന്നീട് ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. 2025ൽ തങ്ങൾ മടങ്ങിവരുമെന്ന് ബിടിഎസ്, ആരാധകർക്ക് ഉറപ്പ് നൽകിയിരുന്നു. ഇപ്പോഴിതാ, ബാൻഡിലെ ആദ്യ അംഗം പുറത്തിറങ്ങിയതിന്റെ ആവേശത്തിലാണ് ആർമി. മറ്റ് അംഗങ്ങളുടെയും സൈനിക സേവന കാലാവധി ഉടൻ അവസാനിക്കുമെന്ന വിവരം പുറത്തുവന്നതോടെ ലോകവേദികൾ കീഴടക്കാൻ ഏഴംഗസംഘം വരുന്നതും കാത്ത് കഴിയുകയാണ് ആരാധകവൃന്ദം.