ADVERTISEMENT

പോപ്പ് താരം ടെയ്‌ലർ സ്വിഫ്റ്റിന്റെ ബ്രിട്ടനിലെ സംഗീതപരിപാടി അക്ഷരാർഥത്തിൽ ഭൂചലനമുണ്ടാക്കിയെന്ന് ബ്രിട്ടിഷ് ജിയോളജിക്കൽ സർവേ റിപ്പോർട്ട്. പരിപാടി നടന്ന എഡിൻബർഗിലെ മുറേഫീൽഡ് സ്റ്റേഡിയത്തിന് ആറു കിലോമീറ്റർ അകലെവരെ പ്രകമ്പനം അനുഭവപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു. 

സ്കോട്‌ലൻഡിന്റെ തലസ്ഥാനമായ എഡിൻബർഗിൽ ജൂൺ 7 മുതൽ 9 വരെയായിരുന്നു ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീതപരിപാടി. ആരാധ്യഗായികയുടെ പാട്ട് ആസ്വദിക്കാൻ രണ്ടുലക്ഷത്തിലേറെ കാണികളെത്തി. സ്വിഫ്റ്റിന്റെ ആഗോള സംഗീതപര്യടനമായ ‘എറാസ് ടൂറി’ന്റെ ബ്രിട്ടനിലെ ആദ്യ അവതരണമായിരുന്നു എഡിൻബർഗിലേത്.

ആരാധകരുടെ ഇഷ്ടഗാനങ്ങളായ ‘റെഡി ഫോർ ഇറ്റ്?’, ‘ക്രുവൽ സമ്മർ’, ‘ഷാംപെയ്ൻ പ്രോബ്ലംസ്’ എന്നിവ പാടിയപ്പോഴായിരുന്നു ഓരോ രാത്രിയും ഭൂകമ്പത്തിനുസമാനമായ ചലനമുണ്ടായതെന്ന് സർവേ റിപ്പോർട്ടിൽ പറയുന്നു. ‘റെഡി ഫോർ ഇറ്റ്?’ പാടിയ വേളയിൽ ജനക്കൂട്ടം ഉയർത്തിയ ആരവം 80 കിലോവാട്ട് ഊർജം പ്രസരിപ്പിച്ചു. ആരാധകരുടെ ആരവവും സംഗീതോപകരണങ്ങളുടെ ശബ്ദമുണ്ടാക്കുന്ന പ്രകമ്പനവുമാണ് ഭൂകമ്പതരംഗങ്ങൾക്കു കാരണമായത്. 

2023 മാർച്ചിലാണ് ‘എറാസ് ടൂർ’ എന്ന പേരിൽ ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീതപര്യടനം യുഎസിൽ ആരംഭിച്ചത്. ഈ വർഷം ഡിസംബറിൽ കാനഡയിൽ വച്ചായിരിക്കും പരിപാടി അവസാനിക്കുക.

English Summary:

British geological survey report on concert of Taylor Swift

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com