നാട്ടഴക് നിറച്ച് ‘മഞ്ജിമം മലയാളം’; ബിജു നാരായണന്റെ സ്വരമികവിൽ സംഗീത വിഡിയോ
Mail This Article
ഗായകൻ ബിജു നാരായണന്റെ സ്വരഭംഗിയിൽ പുറത്തിറങ്ങിയ ‘മഞ്ജിമം മലയാളം’ സംഗീത വിഡിയോ ആസ്വാദകഹൃദയങ്ങളിൽ ഇടം നേടുന്നു. ടോജോമോൻ ജോസഫ് മരിയാപുരം ആണ് പാട്ടിനു വരികൾ കുറിച്ചത്. വിൻസൻ ജേക്കബ് കണിച്ചേരി ഈണമൊരുക്കി. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്.
‘ഹരിതചാരു പുതുപട്ടുടുത്തു
സ്മൃതിമധുരമാം കേരളം.
മഴമൊഴിച്ചേല് പുഴയിലലിയുമൊരു
കേരനാദമാം കേരളം.
ഏതു കോണിലായ് ചിതറിയെങ്കിലും,
സ്നേഹനൂലിനാൽ കൊരുത്തിണങ്ങും കേരളം...’
മലയാളനാടിന്റെ സൗന്ദര്യം വരച്ചിട്ടാണ് ‘മഞ്ജിമം മലയാളം’ പ്രേക്ഷകർക്കരികിലെത്തിയത്. നാട്ടഴക് നിറയുന്ന കാഴ്ചകളും സാംസ്കാരിക തനിമ നിറയുന്ന അവതരണവും പാട്ടിനെ വേഗത്തിൽ സ്വീകാര്യമാക്കി. നാടൻ ചേലൊത്ത കാഴ്ചകൾ മനസ്സിനു കുളിർമയേകുന്നു.
നെൽസൻ പീറ്റർ ആണ് ‘മഞ്ജിമം മലയാള’ത്തിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചത്. ജോസി ആലപ്പുഴ ഓടക്കുഴലിലും വേദ മിത്ര വയലിനിലും ഈണമൊരുക്കി. രഞ്ജിത് രാജൻ പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. ജെസ് ഫിലിപ് ആണ് ഗാന ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചത്.