ADVERTISEMENT

കേൾവിശക്തിക്കു തകരാർ സംഭവിച്ചെന്നു വെളിപ്പെടുത്തി ബോളിവുഡ് ഗായിക അൽക്ക യാഗ്നിക്. വൈറസ് ബാധയെത്തുടർന്ന് തന്റെ കേൾവിക്കു തകരാർ സംഭവിച്ചെന്നും ഇപ്പോൾ ചികിത്സയിലാണെന്നും ഗായിക ആരാധകരെ അറിയിച്ചു. അപൂർവമായി സംഭവിക്കുന്ന സെൻസറിനറൽ ശ്രവണ നഷ്ടം എന്ന അവസ്ഥയാണ് അൽക്കയ്ക്കുണ്ടായത്. അപ്രതീക്ഷിതമായുണ്ടായ രോഗാവസ്ഥയിൽ താൻ മാനസികമായി ഏറെ തളർന്നു പോയെന്നും മടങ്ങിവരവിനു വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്നും അൽക്ക പറഞ്ഞു. 

‘പ്രിയപ്പെട്ട സ്നേഹിതരേ, ഏതാനും ആഴ്ചകൾക്കു മുമ്പ് ഞാൻ ഒരു വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ കേൾവിശക്തിക്കു തകരാർ സംഭവിച്ചതായി തോന്നി. കുറച്ചു നാളുകളായി എന്നെ മുഖ്യധാരയിൽ കാണാതെ വന്നതോടെ പലരും അന്വേഷിക്കാൻ തുടങ്ങിയിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ ഞാൻ മൗനം വെടിയുന്നത്. അപൂർവമായി സംഭവിക്കുന്ന കേൾവിനഷ്ടമാണ് എനിക്കുണ്ടായത്. പെട്ടെന്നുണ്ടായ ഈ അപ്രതീക്ഷിത രോഗാവസ്ഥ എന്നെ പൂർണമായും ഉലച്ചു. ഇപ്പോൾ ഞാൻ അതിനോടു പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. ദയവായി നിങ്ങളുടെ പ്രാർഥനയിൽ എന്നെ ഓർമിക്കണം. നിങ്ങളുടെ സ്നേഹത്തിലൂടെയും പിന്തുണയിലൂടെയും പഴയജീവിതത്തിലേക്കു മടങ്ങിവരാനാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ഈ നിർണായകമായ നിമിഷത്തിൽ നിങ്ങളുടെ സ്നേഹം എനിക്കു ശക്തി നൽകട്ടെ’, അൽക്ക യാഗ്നിക് കുറിച്ചു. 

അൽക്കയുടെ വാക്കുകൾ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ഗായിക എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് സ്നേഹിതർ ആശംസിക്കുന്നു. അൽക്കയ്ക്ക് എന്തോ ആരോഗ്യപ്രശ്നമുണ്ടെന്നു നേരത്തേ മനസ്സിലായിരുന്നുവെന്നും എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഗായകൻ സോനു നിഗം കമന്റ് ചെയ്തു. അൽക്ക പഴയതുപോലെ തന്നെ പാട്ടിലൂടെ നമ്മെ ത്രസിപ്പിക്കാൻ എത്തുമെന്നും വേഗം അസുഖം ഭേദമാകുമെന്നും ഗായകൻ ശങ്കർ മഹാദേവൻ കുറിച്ചു. 

ബോളിവുഡിൽ ഏറ്റവുമധികം സോളോ ഗാനങ്ങൾ പാടിയ ഗായികമാരിൽ ഒരാളാണ് അൽക്ക യാഗ്നിക്. മാധുരി ദീക്ഷിത്, ജൂഹി ചൗള, ശ്രീദേവി തുടങ്ങിയവർക്കു വേണ്ടിയായിരുന്നു അൽക്കയുടെ കൂടുതൽ പാട്ടുകളും. വ്യത്യസ്തവും മനോഹരവുമായ ശബ്ദവും പാട്ടിന്റെ ആത്മാവറിഞ്ഞുള്ള ആലാപനവും ഗായികയ്ക്കു നിരവധി ആരാധകരെ നേടി കൊടുത്തു. 90കളിലെ അൽക്ക യാഗ്നിക് പ്രണയ ഗാനങ്ങൾ ഇന്നും സംഗീതാസ്വാദകർക്കു പ്രിയപ്പെട്ടവയാണ്.

2022ൽ ലോകത്ത് ഏറ്റവുമധികം ആളുകൾ കേട്ടതും യൂട്യൂബിൽ സ്ട്രീം ചെയ്തതും ഗായിക അൽക്ക യാഗ്നിക്കിന്റെ പാട്ടുകളായിരുന്നു. കോടിക്കണക്കിന് ആരാധകരുള്ള ടെയ്‌ലര്‍ സ്വഫ്റ്റ്, ഷക്കീറ തുടങ്ങിയ പോപ് ഗായകരെയും ബിടിഎസ്, ബ്ലാക് പിങ്ക് തുടങ്ങിയ വിഖ്യാത സംഗീത ബാൻഡുകളെയും പിന്‍തള്ളിയാണ് അൽക്ക യാഗ്നിക് ഒന്നാമതെത്തിയത്. 2020 ലും 21 ലും ഈ നേട്ടം അൽക്കയുടെ പേരിൽ തന്നെയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com