വന്നു, പാടി, മടങ്ങി! അംബാനി കുടുംബത്തിൽ നിന്നും 83 കോടി വാങ്ങി ബീബർ; ഏറ്റവും ഉയർന്ന പ്രതിഫലം
Mail This Article
അനന്ത് അംബാനി–രാധിക മെർച്ചന്റ് വിവാഹത്തോടനുബന്ധിച്ചു നടന്ന സംഗീത് ചടങ്ങിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച് പോപ് താരം ജസ്റ്റിൻ ബീബർ. മുംബൈ ബികെസിയിൽ ജൂലൈ 5ന് വൈകിട്ടായിരുന്നു പരിപാടി. വേദിയിലെ ബീബറിന്റെ പവർപാക്ഡ് പ്രകടനം അതിഥികൾക്കു വിശിഷ്ട വിരുന്നായി. ശനിയാഴ്ച പുലർച്ചെ ബീബർ അമേരിക്കയിലേക്കു മടങ്ങിയെന്നാണു വിവരം.
വെള്ളി രാവിലെയായിരുന്നു കനത്ത സുരക്ഷയിൽ ജസ്റ്റിൻ ബീബർ മുംബൈയിലെത്തിയത്. ഗായകൻ വിമാനത്താവളത്തിൽ നിന്നു പുറത്തുവരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അംബാനിക്കുടുംബം ബീബറിനു വേണ്ടി എവിടെയാണ് താമസസൗകര്യം ഒരുക്കിയതെന്ന കാര്യത്തിൽ വ്യക്തതയില്ല.
സംഗീത് പരിപാടിയിൽ പാടാനായി 83 കോടി രൂപ ജസ്റ്റിൻ ബീബർ പ്രതിഫലമായി കൈപ്പറ്റിയെന്നാണു വിവരം. സാധാരണയായി സ്വകാര്യ ആഘോഷ വേദികളിൽ പാടുന്നതിന് 20 മുതൽ 50 കോടി വരെയാണ് ബീബർ വാങ്ങാറുള്ളത്. ഏറ്റവും ഉയർന്ന പ്രതിഫലമാണ് അംബാനിക്കുടുംബത്തിൽ നിന്നും ബീബർ കൈപ്പറ്റിയിരിക്കുന്നത്.
റാപ്പർ ഡ്രേക്ക്, അഡെൽ, ലാനാ ഡെൽ റേ എന്നീ ഗായകരും അംബാനിക്കല്യാണം കൊഴുപ്പിക്കാൻ എത്തുമെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. എന്നാൽ ഇവരുടെ പ്രതിഫലത്തുകകൾ വ്യക്തമല്ല. മാർച്ചിൽ ജാംനഗറിൽ നടന്ന അനന്ത്–രാധിക പ്രീവെഡ്ഡിങ് ആഘോഷവേളയിൽ പാടാൻ പോപ് ഇതിഹാസം റിയാനയാണ് എത്തിയത്. ഒരു മണിക്കൂർ പ്രകടനത്തിന് 74 കോടി റിയാന പ്രതിഫലമായി കൈപ്പറ്റി.
2018ൽ മകൾ ഇഷയുടെ വിവാഹത്തിന് ഇതിഹാസ ഗായിക ബിയോൺസിയെയാണ് മുകേഷ് അംബാനി പാടാനായി ക്ഷണിച്ചത്. അതിനു വേണ്ടി 50 കോടിയിലേറെ രൂപ ചിലവഴിച്ചിരുന്നു. ഇഷയുടെ വിവാഹം കഴിഞ്ഞ് 6 വർഷം പിന്നിടുമ്പോഴാണ് അനന്തിന്റെ വിവാഹത്തിന് പൊന്നുവിലയുള്ള ഗായകരെ അംബാനി പാടാനായി എത്തിക്കുന്നത്.
ജൂലൈ 12നാണ് മുകേഷ് അംബാനി–നിത അംബാനി ദമ്പതികളുടെ ഇളയ മകന്‍ അനന്തിന്റെയും എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ ഉടമ വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും ഷൈല വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും മകൾ രാധികയുടെയും വിവാഹം. മുംബൈയിലെ ജിയോ കൺവൻഷൻ സെന്ററിൽ വച്ചാണ് ചടങ്ങുകൾ നടക്കുക. രാജ്യം കാത്തിരിക്കുന്ന ആഡംബര വിവാഹം സംബന്ധിച്ച വിവരങ്ങളെല്ലാം ആകാംക്ഷയോടെ ജനം സ്വീകരിക്കുന്നത്.