‘ജാനിയില്ലാതെ എനിക്ക് പറ്റില്ല’; അന്ന് ഉഷ തിരിച്ചറിഞ്ഞു, ദീദിയുടെ ‘ജാനേമൻ’ വിടവാങ്ങുമ്പോൾ!
Mail This Article
എല്ലായ്പ്പോഴും പ്രിയപ്പെട്ട ജാനിക്കൊപ്പമിരിക്കാനായിരുന്നു ഉഷ ഉതുപ്പിന് ഇഷ്ടം. എന്നാൽ, ചിലപ്പോഴൊക്കെ ഇരുവർക്കും പിരിഞ്ഞിരിക്കേണ്ടതായും വന്നു. ഇടവേളയ്ക്കു ശേഷം കണ്ടുമുട്ടുമ്പോഴൊക്കെ അവർ 70കളിലെ ആ പ്രണയവസന്തത്തിലേതെന്നതുപോലെ തളിർത്തു, പൂവിട്ടു, സുഗന്ധം വീശി. 53 വർഷത്തെ പ്രണയകാലത്തിനു ശേഷം ഇരുവരുടെയും പ്രിയപ്പെട്ട കൊൽക്കത്ത നഗരത്തിൽ വച്ചാണ് ഉഷയെ തനിച്ചാക്കി ഇപ്പോൾ ജാനി വിടപറഞ്ഞിരിക്കുന്നത്. ടിവി കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഉഷ വളർന്നത് മുംബൈയിൽ ആണ്. എന്നാൽ ഉഷയിലെ ഗായികയ്ക്കു ജന്മം നൽകി വളർത്തിയത് കൊൽക്കത്ത നഗരവും. ഉഷയെ സംബന്ധിച്ച് കൊൽക്കത്ത നൽകിയ നേട്ടങ്ങൾ ചെറുതല്ല. ഗായിക എന്ന നിലയിൽ പേരെടുത്തു എന്നതിലുപരി, സ്വകാര്യജീവിതത്തിലെ സന്തോഷങ്ങളും സമ്മാനിച്ച നഗരം.
1969 ൽ കൊൽക്കത്തയിലെ നിശാക്ലബ്ബുകളിൽ പാടുന്നതിനിടെയാണ് ഉഷയും ജാനി ചാക്കോ ഉതുപ്പും ആദ്യമായി കണ്ടുമുട്ടുന്നത്. ക്ലബ്ബിൽ ലൈവ് പാടിക്കൊണ്ടിരുന്ന ഉഷയെ ജാനി ശ്രദ്ധിച്ചു തുടങ്ങി. പിന്നീടുള്ള ദിവസങ്ങളിൽ ഉഷയെ കാണാൻ വേണ്ടി മാത്രം ക്ലബ്ബിലെ പതിവ് സന്ദർശകനായി അദ്ദേഹം. ഒടുവിൽ ഇരുവരും നല്ല സൗഹൃദത്തിലേക്ക്.
ജീവിതത്തിൽ എല്ലായ്പ്പോഴും ജാനി കൂടെ വേണമെന്നും ജാനി ഇല്ലാതെ ജീവിക്കാനാകില്ലെന്നും തിരിച്ചറിഞ്ഞ ഉഷ, ഒരു ദിവസം ജാനിയോട് പ്രണയാഭ്യർഥന നടത്തി. കേട്ടമാത്രയിൽ ജാനി സമ്മതം പറഞ്ഞു. പിന്നീടിങ്ങോട്ട് ഇരുവരുടെയും പ്രണയത്തിന്റെ പൂക്കാലം! തുടർന്നുള്ള ദിവസങ്ങളിൽ ഉഷ വേദികളിൽ പാടിയപ്പോൾ കാണികളെ നോക്കിയില്ല. മറിച്ച്, ആ കണ്ണുകൾ ചെന്നുടക്കിയത് കാണികളിലൊരാളായി മുൻനിരയിലിരുന്ന ജാനിയിലായിരുന്നു. വേദിയെ ഹരം കൊള്ളിച്ച്, നൃത്തം ചെയ്യിച്ച്, ആവേശത്തിമിർപ്പിൽ ഉഷ പാടുമ്പോഴും ഒരു മധുരമനോഹര പ്രണയഗീതം ഇരുവരും ഹൃദയത്തിൽ എഴുതിച്ചേർത്തു.
‘Sunny, yesterday my life was filled with rain...’ ഉഷ എല്ലായ്പ്പോഴും ജാനിക്കുവേണ്ടി പാടിക്കൊടുക്കാൻ ഇഷ്ടപ്പെട്ട ഗാനം അതായിരുന്നു. ആ പാട്ടിനോടുള്ള പ്രണയം കൊണ്ട് ഒരിക്കൽ ഉഷ ജാനിയോട് പറഞ്ഞു, ‘നമ്മൾ വിവാഹം കഴിക്കുകയും നമുക്ക് ഒരു മകൻ ഉണ്ടാവുകയും ചെയ്താൽ തീർച്ചയായും അവന് സണ്ണി എന്ന പേര് നൽകണം’. പറഞ്ഞതുപോലെ തന്നെ സംഭവച്ചു. 1971 ൽ ഉഷയും ജാനിയും വിവാഹിതരായി. വിവാഹശേഷം ഇരുവർക്കും രണ്ട് മക്കളുണ്ടായി. മകന് ആഗ്രഹിച്ചതു പോലെ സണ്ണി എന്ന പേര് നൽകി. മകൾ അഞ്ജലി.
ഇന്ന് പ്രിയപ്പെട്ട ജാനി, ഉഷയുടെ ‘ജാനേമൻ’ വിടവാങ്ങുമ്പോൾ സിനിമാ–സംഗീതരംഗത്തെ നിരവധി പ്രമുഖർ അനുശോചനം അറിയിക്കുകയാണ്. മകൾ അഞ്ജലി ഉതുപ്പാണ് ജാനി ചാക്കോ ഉതുപ്പിന്റെ വിയോഗവാർത്ത ഒദ്യോഗികമായി പുറത്തുവിട്ടത്.