‘അവിടെവച്ച് നിനക്ക് ഞാനെന്റെ പ്രേമം തരും’; സോളമൻ പൂർത്തിയാക്കാത്തത് ശ്വാസമടക്കിപ്പിടിച്ച് അവൾ വായിച്ചു!
Mail This Article
തിരശ്ശീലയിൽ ഞാൻ കണ്ട ഏറ്റവും തീക്ഷ്ണ പ്രണയനായകനാണ് സോളമനെന്നു തോന്നാറുണ്ട്. അതുകൊണ്ടായിരിക്കും അയാളുടെ കാമുകി സോഫിയയെ എനിക്ക് തെല്ലൊരു അസൂയയോടെയല്ലാതെ ഓർക്കാൻ കഴിയാറില്ല. നായകനെ പരിചയപ്പെടും മുമ്പേ ജീവിതത്തിലെ വില്ലനെ കണ്ടുമുട്ടിയൊരു പാവം പെൺകുട്ടിയായിരുന്നു സോഫിയ. റെയിൽവേ ഗാർഡായ ആന്റണി പൈലോക്കാരൻ മമ്മയെ വിവാഹം ചെയ്‌തതോടെ സോഫിയയുടെ ജീവിതത്തിൽ എന്നെന്നേക്കുമായി അപായച്ചുവപ്പു പടരുകയായിരുന്നു. മറ്റാരോടും പറയാൻ വയ്യാത്ത പുതിയ സങ്കടങ്ങൾ അവൾക്കുണ്ടാകുകയായിരുന്നു.
അയൽവീട്ടിൽ വല്ലപ്പോഴും വിരുന്നുപാർക്കാൻ വരുന്ന ചെറുപ്പക്കാരനായിരുന്നു സോളമൻ. ധനികനസ്രാണികുടുംബത്തിലെ ഏകമകൻ. തരക്കേടില്ലാത്ത തല്ലുകൊള്ളിയും ധൂർത്തനുമായിരിക്കണം. മരക്കൂട്ടങ്ങൾക്കിടയിലൂടെ പാളിവീഴുന്ന നോട്ടങ്ങൾ, ചൂളം കുത്തിവരുന്ന മൂളിപ്പാട്ടുകൾ, വേലിക്കൽ നിന്നുള്ള കൊച്ചുവർത്തമാനങ്ങൾ...
ഒരു പോക്കുവെയിൽന്നേരം. വേലിക്കൽ വന്നു വർത്തമാനം പറഞ്ഞ ആ ചെറുപ്പക്കാരന്റെ നോട്ടം അവളുടെ വെള്ളാരം കണ്ണാഴത്തിലേക്കു ചൂഴ്‌ന്നിറങ്ങുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. ഒരു മുങ്ങിനിവരാച്ചുഴിയിൽ പെട്ടു ശ്വാസം മുട്ടും പോലെ.... അന്നാദ്യമായി അയാൾ വാക്കുകൾക്കു വേണ്ടി പ്രയാസപ്പെടുന്നതു പോലെ.
സോഫിയ മുന്തിരിപ്പാടം കണ്ടിട്ടുണ്ടോ എന്നായിരുന്നു അയാളുടെ ആദ്യചോദ്യം. ഇല്ലെന്നു പറഞ്ഞു തലയാട്ടിയപ്പോൾ അയാൾ പതിഞ്ഞ ശബ്‌ദത്തിൽ അവൾക്കു വാക്കുകൊടുത്തു, ഒരിക്കൽ അവളെ അവിടെ കൊണ്ടുപോകാമെന്ന്, എന്നിട്ട്, ‘‘അതികാലത്തെഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്‌തുവോ എന്നു നോക്കാം. അവിടെ വച്ച്...’’
ആ വാചകം അയാൾ മുഴുമിച്ചില്ല.
‘‘അവിടെവച്ച്?’’
സോഫിയ വീണ്ടും ആവർത്തിച്ചു ചോദിച്ചപ്പോൾ വീട്ടിൽ ചെന്നു വേദപുസ്‌തകത്തിലെ ശലോമോന്റെ ഉത്തമഗീതം ഏഴാമധ്യായത്തിലെ പതിമൂന്നാം വാചകം വായിച്ചുനോക്കാൻ പറഞ്ഞു. അവിടെവച്ചു ഞാൻ നിനക്കെന്റെ പ്രേമം തരും എന്ന വാചകം സോഫിയ ശ്വാസമടക്കി വായിച്ചപ്പോൾ പ്രണയത്തിനു മാത്രമാകുന്നൊരു പെൺനാണം എന്റെ ചുണ്ടിലും വിരിഞ്ഞതോർക്കുന്നു.
ആരുമില്ലാവീട്ടുനേരത്ത് പോൾ പൈലോക്കാരൻ എന്ന രണ്ടാനച്‌ഛനു മുന്നിൽ കീഴടങ്ങേണ്ടിവന്ന അവളുടെ നിസ്സഹായതയെ എത്ര ധീരതയോടെയാണ് സോളമൻ അയാളുടെ പ്രണയംകൊണ്ട് ചേർത്തുപിടിക്കുന്നത്. ഒരു കരച്ചിലിനുപോലും നാവുയരാത്ത അവളുടെ നിശ്ശബ്ദതയ്ക്കു മുന്നിലേക്ക് മുൻപൊരിക്കൽ വാക്കുകൊടുത്തപോലെ സോളമൻ തന്റെ ലോറിയുമായി വരുന്ന ആ രാത്രി ഓർമയില്ലേ. മൂന്നാമത്തെ ഹോൺ മുഴങ്ങുന്നതിനു മുമ്പേ സോഫിയയ്ക്ക് ഇറങ്ങി വരാതെ വയ്യ. കാരണം പടിവാതിൽക്കൽ വന്നു വിളിക്കുന്നത് സോളമനാണ്, അവളുടെ വിശുദ്ധപ്രണയപുസ്‌തകത്തിലെ ഉത്തമഗായകൻ. സോളമൻ സോഫിയയെ ലോറിയുടെ മുൻസീറ്റിലേക്ക് എടുത്തുയർത്തുന്ന മനോഹരമായൊരു വിഷ്വലിലാണ് ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ’ എന്ന ചിത്രം അവസാനിക്കുന്നത്. പ്രണയത്തിനു മാത്രം സാധ്യമാകുന്ന ഈ ഹീറോയിസം കൊണ്ടാകാം സോളമാ, നീയെന്റെ ഏറ്റവും പ്രിയപ്പെട്ട നായകനായത്.
ഗാനം: ആകാശമാകെ
ചിത്രം: നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ
രചന: ഒഎൻവി
സംഗീതം: ജോൺസൺ
ആലാപനം: കെ.ജെ യേശുദാസ്
ആകാശമാകേ... കണിമലർ കതിരുമായ് പുലരി പോൽ വരൂ(2)
പുതു മണ്ണിനു പൂവിടാൻ കൊതിയായ് നീ വരൂ...
(ആകാശമാകേ ...)
വയലിനു പുതു മഴയായ് വാ കതിരാടകളായ്
വയണകൾ കദളികൾ ചാർത്തും കുളിരായ് വാ (2)
ഇളവേൽക്കുവാൻ ഒരു പൂങ്കുടിൽ നറു മുന്തിരി തളിർ പന്തലും
ഒരു വെൺപട്ടു നൂലിഴയിൽ ...മുത്തായ് വരൂ...
(ആകാശമാകേ...)
പുലരിയിലിളവെയിലാടും പുഴ പാടുകയായ്
പ്രിയമൊടു തുയിൽമൊഴി തൂകും കാവേരി നീ (2)
മലർവാക തൻ നിറതാലവും അതിലായിരം കുളുർ ജ്വാലയും
വരവേൽക്കയാണിതിലേ ... ആരോമലേ...