വിയോഗത്തിൽ ആശ്വസിപ്പിക്കാനെത്തി, ഒടുവിൽ പൊട്ടിക്കരഞ്ഞ് സോനു നിഗം: വിഡിയോ
Mail This Article
ബോളിവുഡിലെ പ്രമുഖ നിർമാതാവ് കൃഷന്‍ കുമാറിന്റെ മകള്‍ തിഷ കുമാറിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനെത്തിയ ഗായകൻ സോനു നിഗത്തിന്റെ വികാരനിർഭരമായ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നു. ഗായകൻ പൊട്ടിക്കരയുന്നതും വികാരധീനനാകുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്.
കൃഷൻ കുമാറിനെ ആശ്വസിപ്പിക്കാനെത്തിയ സോനു, അദ്ദേഹത്തെ കണ്ടയുടൻ പൊട്ടിക്കരഞ്ഞു. വാക്കുകൾ മുറിഞ്ഞ്, കണ്ണീരൊഴുക്കി ഗായകൻ കൃഷൻ കുമാറിന്റെ മടിയിൽ തലവച്ച് കരഞ്ഞു. വേദനാജനകമായ ഇൗ രംഗങ്ങൾ പുറത്തു വന്നതോടെ അത് കണ്ട് പലരും കണ്ണീരോടെ പ്രതികരണങ്ങൾ അറിയിക്കാൻ ആരംഭിച്ചു. കഴിഞ്ഞ 3 പതിറ്റാണ്ടിലേറെയായുള്ള സൗഹൃദമാണ് സോനു നിഗവും കൃഷൻ കുമാറും തമ്മിൽ. സംഗീത കമ്പനിയായ ടി–സീരീസിന്റെ ഉടമകളില്‍ ഒരാള്‍ കൂടിയാണ് കൃഷന്‍ കുമാര്‍. സിനിമയിലെ തുടക്കക്കാലത്ത് സോനുവിന് വലിയ പിന്തുണയായിരുന്നു കൃഷന്‍ കുമാര്‍ കൊടുത്തത്. ഇരുവരുെടയും കുടുംബാംഗങ്ങൾ തമ്മിലും വലിയ അടുപ്പമുണ്ട്.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് കൃഷന്‍ കുമാറിന്റെ മകള്‍ തിഷ അന്തരിച്ചത്. അർബുദത്തെ തുടർന്നു ചികിത്സയിൽ കഴിയവെയായിരുന്നു 20–കാരിയുടെ വിയോഗം. തിഷയുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ സിനിമാരംഗത്തെ പ്രമുഖർ എത്തിയിരുന്നു.