‘റഫിനൈറ്റുകളി’ലെ സ്ഥിരസാന്നിധ്യം; ഇടതടവില്ലാതെ അബൂബക്കർ പാടുന്നു, ഇഷ്ടഗായകന്റെ പാട്ടുകൾ
Mail This Article
"ബഹാരോ ഫൂൽ ബർസാവോ, മേരാ മെഹബൂബ് ആയാ ഹെ, മേരാ മെഹബൂബ് ആയാഹേ"........
ഗായകൻ മുഹമ്മദ് റഫിയുടെ പാട്ടുകൾ പാടുമ്പോൾ പൂക്കയിൽ അബൂബക്കറിന്റെ കണ്ണുകൾക്കു തിളക്കം കൂടും. മുഖത്തു സന്തോഷം തിരതല്ലും. എന്നാൽ, റഫിയുടെ ഗാനങ്ങൾ എത്രയെണ്ണം, എവിടെയൊക്കെ പാടിയെന്നു അദ്ദേഹത്തിനു കൃത്യമായി അറിയില്ല. നന്നേ ചെറുപ്പത്തിൽ തുടങ്ങിയതാണ്. വയസ്സ് 73ൽ എത്തിയിട്ടും ഇപ്പോഴും "റഫിനൈറ്റു"കളിൽ സജീവമാണ് അദ്ദേഹം.
തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശിയായ പിതാവ് അബ്ദുറഹിമാൻ മുംബൈയിൽ വ്യാപാരിയായിരുന്നു. അബൂബക്കറും സഹോദരങ്ങളും ജനിച്ചതും പഠിച്ചതുമെല്ലാം അവിടെയാണ്. അബൂബക്കർ പഠിച്ച കല്യാണിലെ സ്കൂളിൽ പ്രോഗ്രാമുകൾക്കു വരുമായിരുന്നു റഫി. അദ്ദേഹം പാടുന്നതു കേട്ടാണ് സംഗീതത്തോടു താൽപര്യം തോന്നിയത്. എന്നാൽ, പാട്ടുപഠനത്തിനു പിതാവിന്റെ മോശമായ സാമ്പത്തിക അവസ്ഥ തടസ്സമായി. ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിക്കുന്ന ഇടങ്ങളിൽ പോയി കേൾവിക്കാരനായി നോക്കിനിന്ന അനുഭവവും അബൂബക്കറിനുണ്ട്. റേഡിയോ പാട്ടുകളുടെ ശ്രോതാവായും ഗസൽരാവുകളിൽ കേൾവിക്കാരനായും സംഗീതത്തോടുള്ള പ്രതിപത്തി നിലനിർത്തി. മുംബൈയിലെയും ചെന്നൈയിലെയും കോളജ് വിദ്യാഭ്യാസത്തിനുശേഷം ജോലി ആവശ്യാർഥം കുവൈറ്റിൽ എത്തിയതാണ് ജീവിതത്തെ മാറ്റിമറിച്ചത്. എം.എസ്.ബാബുരാജിന്റെ തബലിസ്റ്റ് നല്ലളം റസാഖിനെ പരിചയപ്പെട്ടതോടെ അദ്ദേഹം വഴി ഒട്ടേറെ അവസരങ്ങൾ. എണ്ണമറ്റ വേദികളിൽ റഫിയുടെ പാട്ടുകൾ ആലപിച്ചു.
30 വർഷം മുൻപ് തിരിച്ചെത്തിയശേഷം "ഖയാൽ" എന്ന കൂട്ടായ്മ വഴി നാട്ടിലെ വേദികളിൽ സജീവമായി. 2015 മുതൽ തുടർച്ചയായി ജൂലൈ 31ന് റഫിയുടെ ചരമ വാർഷിക ദിനത്തിലും ഡിസംബർ 24ന് ജൻമ വാർഷിക ദിനത്തിലും കോഴിക്കോട്ടു നടക്കുന്ന റഫി നൈറ്റിൽ പാടാറുണ്ട്. കൊല്ലത്തും മറ്റും നടത്താറുള്ള റഫി ഗാനാലാപന മത്സരത്തിലും പങ്കെടുക്കുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ വേദികളിൽ പാടാനുള്ള അവസരവുമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയൻ, ശത്രുഘ്നൻസിൻഹ തുടങ്ങിയവർക്കൊപ്പമെല്ലാം വേദി പങ്കിട്ടു.
ദീർഘകാലമായി കോട്ടയ്ക്കലിലാണ് അബൂബക്കർ താമസിക്കുന്നത്. ഭാര്യ: റുഖിയ. മക്കൾ: ഷക്കീല, സുൽഫിക്കർ, മുഹമ്മദ് റഷീൻ.