മക്കളേ... രക്ഷിക്കാനെത്തിയത് നിങ്ങളുടെ ആരുമല്ല, ഇത് കണ്ട് വളരുക: സുജാത മോഹൻ
Mail This Article
ദുരന്തഭൂമിയായി മാറിയ വയനാടിനു വേണ്ടി പ്രാർഥിച്ച് ഗായിക സുജാത മോഹൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. മുണ്ടക്കൈയിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിച്ചുകൊണ്ടുപോകുന്ന രക്ഷാപ്രവർത്തകരുടെ ഹൃദയം തൊടും ചിത്രം പങ്കിട്ടുകൊണ്ടാണ് സുജാതയുടെ ഫെയ്സ്ബുക് പോസ്റ്റ്. സിനിമാ സംഗീതരംഗത്തെ നിരവധി പ്രമുഖരാണ് വയനാട് ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തിയത്.
സുജാത പങ്കുവച്ച കുറിപ്പ്:
മക്കളെ... നിങ്ങളെ ഇന്ന് ഈ രക്ഷിച്ചുകൊണ്ട് പോകുന്നവർ നിങ്ങളുടെ മതത്തിൽ ഉള്ളവരല്ല, നിങ്ങളുടെ അച്ഛന്റെ പാർട്ടിക്കാരല്ല, നിങ്ങളുടെ ചോരയല്ല... നിങ്ങളുടെ ആരുമല്ല.... ഇത് കണ്ടു നിങ്ങൾ വളരുക..... നിങ്ങളുടെ സഹജീവികളെ സ്നേഹിച്ചു നിങ്ങൾ വളരുക.... നിങ്ങൾ വളരുമ്പോൾ ആരാകാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോൾ നിങ്ങൾ പറയണം, ഡോക്‌ടർ ആവണം എൻജിനീയർ ആവണം എന്നല്ല. 'നല്ലൊരു മനുഷ്യൻ' ആവണമെന്ന്. വയനാടിനൊപ്പം, പ്രാർഥനകളോടെ.
അതേസമയം, വയനാട്ടിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 277 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 240 പേരെ കാണാതായെന്നാണ് അനൗദ്യോഗിക വിവരം. 82 ദുരിതാശ്വാസ ക്യാംപുകളിലായി 8302 പേരുണ്ട്.