ഇളയരാജയ്ക്ക് നഷ്ടപരിഹാരം നൽകി മഞ്ഞുമ്മൽ ബോയ്സ്: തർക്കം അവസാനിച്ചു
Mail This Article
'കണ്മണി അൻപോട്' എന്ന ഗാനം മഞ്ഞുമ്മൽ ബോയ്സ് സിനിമയിൽ ഉപയോഗിച്ചതിനെ തുടർന്ന് ചിത്രത്തിന്റെ നിർമാതാക്കളും സംഗീത സംവിധായകൻ ഇളയരാജയും തമ്മിലുണ്ടായ തർക്കം ഒത്തുതീർപ്പായി. ചർച്ചകൾക്കൊടുവിൽ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക്കൾ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ ഇളയരാജയ്ക്ക് നൽകിയെന്നാണ് റിപ്പോര്‍ട്ടുകൾ.
സിനിമ വൻ വിജയമായതിൽ തന്റെ പാട്ടിനും പങ്കുണ്ടെന്നും, പാട്ട് ഉപയോഗിക്കാൻ സമ്മതം വാങ്ങിയിരുന്നില്ലെന്നും കാണിച്ച് രണ്ടു കോടി രൂപയാണ് ഇളയരാജ ആവശ്യപ്പെട്ടിരുന്നത്. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ മെയ് മാസമായിരുന്നു ഇളയരാജ വക്കീൽ നോട്ടീസ് അയച്ചത്. ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്സ് കരസ്ഥമാക്കിയിരുന്നു എന്നായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ് നിർമാതാക്കളുടെ വാദം. എന്നാൽ ഇളയരാജ ഇത് അംഗീകരിച്ചില്ല.
1991-ൽ സന്താന ഭാരതി സംവിധാനം ചെയ്ത് കമൽ ഹാസൻ നായകനായ ‘ഗുണ’ എന്ന സിനിമയ്ക്ക് വേണ്ടി ഇളയരാജ ഈണം നല്‍കിയ ഗാനമാണ് ‘കൺമണി അൻപോട് കാതലൻ’. ചിദംബരം സംവിധാനം ചെയ്ത ഗുണ കേവ് പാശ്ചത്തലമായി വരുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിലൂടെ 'കൺമണി അൻപോട്' വീണ്ടും മലയാളത്തിലും തമിഴിലും ഹിറ്റായിരുന്നു. ഇതോടെയാണ് ഇളയരാജ നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ചത്. തമിഴ്, തെലുങ്ക് തുടങ്ങി ഭാഷകളിലും ഡബ്ബ് ചെയ്ത് ചിത്രം റിലീസ് ചെയ്തു. മെയ് 5ന് ചിത്രം ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. തിയറ്ററിൽ 73 ദിവസം പൂർത്തിയാക്കിയാണ് ചിത്രം ഒടിടിയിൽ എത്തിയത്. ആകെ 242.3 കോടിയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ എന്നാണ് റിപ്പോർട്ടുകൾ.