തെലുങ്കിൽ ഭാഗ്യം പരീക്ഷിക്കാൻ ജാൻവി കപൂർ; ഗ്ലാമർ ഗാനം വൈറൽ
Mail This Article
ബിഗ് ബജറ്റിലൊരുങ്ങുന്ന കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവരയിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ജാൻവി കപൂർ. ചിത്രത്തിൽ എൻടിആറിനൊപ്പമുള്ള റൊമാന്റിക് ട്രാക്ക് തെന്നിന്ത്യയിൽ തരംഗം തീർത്ത് മുന്നേറുകയാണ്. 'കണ്ണിണതൻ കാമനോട്ടം' എന്നു തുടങ്ങുന്ന ഗാനരംഗത്ത് അതീവ ഗ്ലാമറസായാണ് ജാൻവി പ്രത്യക്ഷപ്പെടുന്നത്.
അനിരുദ്ധ് സംഗീതം നല്‍കുന്ന ഗാനത്തിന്റെ മലയാളം വരികൾ എഴുതിയിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. ശില്പ റാവുവാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വലിയ ബജറ്റില്‍ രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഗാനവും പോസ്റ്ററുകളും വിഡിയോകളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഒരു കാലത്ത് നിരവധി പരിഹാസങ്ങൾ നേരിടേണ്ടി വന്ന താരമാണ് എൻടിആർ. എന്നാൽ രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രത്തിന്റെ വമ്പൻ വിജയം എൻടിആറിനെ ഒരു ഗ്ലോബൽ താരമാക്കി. താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിനായി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ആ പ്രതീക്ഷകൾക്കൊത്തു ഉയരുന്ന ചിത്രമായിരിക്കും ദേവരയെന്നാണ് സൂചന. ഇതുവരെ ഇറങ്ങിയ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റാണ്. എൻടിആറിന്റെ നായികയായി തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ജാൻവി കപൂറും ലക്ഷ്യം വയ്ക്കുന്നത് കരിയറിലെ വലിയൊരു വിജയമാണ്.
ബോളിവുഡിൽ കാര്യമായ വിജയങ്ങളൊന്നും സ്വന്തം പേരിൽ എഴുതിച്ചേർക്കാൻ ജാൻവി കപൂറിന് കഴിഞ്ഞിട്ടില്ല. അടുത്തിടെ ഇറങ്ങിയ ഉലജ് എന്ന ചിത്രവും ബോക്സ്ഓഫിസിൽ വമ്പൻ പരാജയമാണ് ഏറ്റുവാങ്ങിയത്. ഈ പശ്ചാത്തലത്തിലാണ് എൻടിആറിന്റെ നായികയായി ജാൻവി തെലുങ്കിലെത്തുന്നത്. ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന എൻടിആറും ജാൻവിയും തമ്മിലുള്ള കെമിസ്ട്രി ഗംഭീരമാണെന്നാണ് ആരാധകരുടെ കമന്റുകൾ. ബോളിവുഡിൽ ഇതുവരെ നേടാൻ കഴിയാത്ത സൂപ്പർ നായികാ പദവി ജാൻവി കപൂറിന് തെന്നിന്ത്യയിൽ നേടാൻ കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സെപ്റ്റംബര്‍ 27ന് ചിത്രം തീയറ്ററുകളിലെത്തും. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങും.