മദ്യപിച്ച് വാഹനമോടിച്ചു: ബിടിഎസ് അംഗത്തിന്റെ ലൈസൻസ് റദ്ദാക്കി; പരസ്യമായി മാപ്പ് പറഞ്ഞ് താരം
Mail This Article
മദ്യലഹരിയിൽ വൈദ്യുത സ്കൂട്ടർ ഓടിച്ചതിന് മാപ്പുപറഞ്ഞ് ബിടിഎസ് അംഗം സുഗ. മദ്യപിച്ച് വാഹനമോടിച്ചതിനു പൊലീസ് പിഴ ചുമത്തിയതിനു പിന്നാലെയാണ് സുഗ പരസ്യമായി ക്ഷമാപണം നടത്തിയത്. ഗതാഗതനിയമം ലംഘിച്ചതിൽ കുറ്റബോധമുണ്ടെന്നും ആർക്കും ഇതുകാരണം അപകടമുണ്ടായില്ലെങ്കിലും തന്റെ പ്രവൃത്തി ന്യായീകരിക്കാനാവില്ലെന്നും സുഗ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഇനി മേലിൽ അത് ആവർത്തിക്കില്ലെന്നും സുഗ ഉറപ്പ് നൽകി.
സുഹൃത്തുക്കൾക്കൊപ്പമുള്ള അത്താഴവിരുന്നിനു ശേഷം മടങ്ങി വരുമ്പോഴാണ് സുഗ പൊലീസ് പിടിയിലായത്. വീടിനു മുന്നിൽ സ്കൂട്ടർ പാർക്ക് ചെയ്യാൻ തുടങ്ങവെ ഗായകൻ നിലതെറ്റി വീണു. ഇതുകണ്ട് സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ബ്രെത്ത് അനലൈസർ പരിശോധന നടത്തുകയായിരുന്നു. ഇതോടെ സുഗ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നു തെളിഞ്ഞു. പൊലീസ് പരിശോധനയിൽ സുഗയുടെ രക്തത്തിൽ മദ്യത്തിന്റെ അളവ് കണ്ടെത്തി. ഇതോടെ പിഴ ഈടാക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്തു.
ബിടിഎസ് രൂപീകരിച്ച ബിഗ് ഹിറ്റ് എന്റർടെയിൻമെന്റ് കമ്പനിയും സംഭവത്തിൽ മാപ്പ് പറഞ്ഞ് രംഗത്തെത്തി. തങ്ങളുടെ കലാകാരന്റെ ഭാഗത്തു നിന്നുണ്ടായ അനുചിതമായ പെരുമാറ്റത്തിൽ എല്ലാവരോടും മാപ്പ് ചോദിക്കുകയാണെന്നും സുഗയ്ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.