12 വർഷത്തെ കാത്തിരിപ്പ്, ആദ്യ കൺമണിയെ കാത്ത് ഗോവിന്ദ് വസന്തയും പങ്കാളിയും; വികാരനിർഭരമായി കുറിപ്പ്
Mail This Article
ആദ്യകൺമണിയെ വരവേൽക്കാനൊരുങ്ങി സംഗീതസംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്തയും പങ്കാളി രഞ്ജിനി അച്യുതനും. നിറവയർ ചിത്രങ്ങൾ പങ്കിട്ട് രഞ്ജിനിയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിച്ചത്. ഗ്ലാമറസ് ലുക്കിലാണ് രഞ്ജിനി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഓഫ് വൈറ്റ് നിറത്തിലുള്ള സാരി പ്രത്യേക രീതിയിൽ ഉടുത്ത് ബ്ലൗസ്‌ലെസ് ആയാണ് രഞ്ജിനി മറ്റേണിറ്റി ഫോട്ടോഷൂട്ടിനൊരുങ്ങിയത്. വെയിസ്റ്റ് ചെയിൻ മാത്രമാണ് ആഭരണമായി അണിഞ്ഞത്. ഓപ്പൺ ഹെയർസ്റ്റൈലും ന്യൂഡ് മേക്കപ്പും രഞ്ജിനിയുടെ സിംപിൾ ആൻഡ് എലഗന്റ് ലുക്ക് പൂർണമാക്കി.
നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഗോവിന്ദ് വസന്തയും രഞ്ജിനിയും മാതാപിതാക്കളാകാനൊരുങ്ങുന്നത്. ‘എന്റെ അചഞ്ചലമായ വിശ്വാസത്തിന് പ്രപഞ്ചം ഉത്തരം നൽകി’ എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിനി അമ്മയാകാനൊരുങ്ങുന്ന വിവരം അറിയിച്ചത്. അമ്മയാകാനുള്ള ദീർഘകാലത്തെ കാത്തിരുപ്പിനെക്കുറിച്ച് വികാരാധീനമായ കുറിപ്പും രഞ്ജിനി പങ്കുവച്ചു.
‘ഇത്രയും കാലം അമ്മമാരുടെ ഒരു കടൽ തന്നെ എനിക്കു ചുറ്റുമുണ്ടായിരുന്നു. അപ്പോഴെല്ലാം ഞാൻ കാത്തിരുന്നു, ഒരു കുഞ്ഞിനു വേണ്ടി. പക്ഷേ ചിലപ്പോഴൊക്കെ ചില സംശയങ്ങൾ എന്നെ അലട്ടി. അമ്മയാകാനൊരുങ്ങുന്ന സ്ത്രീകളുടെ വയർ കാണുമ്പോൾ, എന്റെ വയറിനും ഭാരമുള്ളതായി എനിക്കു തോന്നി. അമ്മമാരുടെ പാൽ നിറയും സ്തനങ്ങൾ കാണുമ്പോൾ എന്റെ സ്തനങ്ങളിലും നനവ് പടരുന്ന പോലെ തോന്നി. അപ്പോഴൊന്നും ഞാൻ തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ഇന്ന് ഈ മറ്റേണിറ്റി ഫോട്ടേഷൂട്ട് നടത്തിയത് എന്നെ സംബന്ധിച്ച് ഒരു സ്വപ്നസാക്ഷാത്കാരമാണ്’, രഞ്ജിനി അച്യുതൻ കുറിച്ചു.
നിരവധി പേരാണ് ഗോവിന്ദ് വസന്തയ്ക്കും രഞ്ജിനിക്കും ആശംസകൾ അറിയിച്ചു രംഗത്തെത്തുന്നത്. 2012ലാണ് ഇരുവരും വിവാഹിതരായത്. തൈക്കൂടം ബ്രിഡ്ജ് എന്ന സംഗീത ബാൻഡിലൂടെയാണ് ഗോവിന്ദ് വസന്ത ശ്രദ്ധ നേടിയത്. സിനിമാരംഗത്ത് എഴുത്തുമായി ബന്ധപ്പെട്ട് സജീവമാണ് രഞ്ജിനി അച്യുതൻ.