ചുരുട്ടിപ്പിടിച്ച കടലാസിലെ കവിത, പാട്ടെഴുത്തുകാരനിട്ട ടൈറ്റിൽ; യാദൃച്ഛികതകളും നിമിത്തങ്ങളും ഇടകലർന്ന മണിച്ചിത്രത്താഴിന്റെ സംഗീതം
Mail This Article
മണിച്ചിത്രത്താഴ് വീണ്ടും സ്ക്രീനിലെത്തുമ്പോൾ കാല യവനികയ്ക്കുള്ളിൽ മറഞ്ഞുപോയ മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരൻമാർക്കുള്ള സമർപ്പണം കൂടിയായി അത് മാറുകയാണ്. തിലകൻ, കെപിഎസി ലളിത, നെടുമുടി വേണു, ഇന്നസെന്റ്, കുതിരവട്ടം പപ്പു തുടങ്ങി മലയാളത്തിന്റെ പ്രിയതാരങ്ങളെ ഒരിക്കൽ കൂടി സ്ക്രീനിൽ കാണാനാവുന്നതിന്റെ ആവേശത്തിലാണ് പ്രേക്ഷകർ. അഭിനേതാക്കൾ മാത്രമല്ല ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ പലരും ഇന്ന് നമ്മുക്കൊപ്പം ഇല്ല. പല ലൊക്കേഷനുകളിലായി ഫാസിൽ ഉൾപ്പടെ അഞ്ച് സംവിധായകർ ഷൂട്ട് ചെയ്ത രംഗങ്ങൾ ഹൃദ്യമായി സന്നിവേശിപ്പിച്ച ടി.ആർ.ശേഖർ എന്ന എഡിറ്ററും ചിത്രത്തിന്റെ ക്യാമറമാൻമാരിൽ ഒരാളായ ആനന്ദക്കുട്ടനും സെക്കന്റ് യൂണിറ്റ് സംവിധാകൻമാരിൽ ഒരാളായ സിദ്ദീഖും ഇന്ന് നമ്മുക്കൊപ്പം ഇല്ല. ഏറ്റവും സങ്കടകരമായ കാര്യം സിനിമയുടെ ഗാനരചിയിതാക്കളായ ബിച്ചുതിരുമലയും വാലിയും സംഗീതസംവിധായകരായ എം.ജി.രാധാകൃഷ്ണനും ജോൺസണും നമ്മുക്കൊപ്പം ഇല്ല എന്നതാണ്. പാട്ടിനും പശ്ചാത്തല സംഗീതത്തിനും അത്രയേറെ പ്രധാന്യമുളള സിനിമയിലെ പിന്നണിയിൽ പ്രവർത്തിച്ച കലാകാരൻമാരെ വീണ്ടും ഓർമിക്കുമ്പോൾ
‘നീ ഈ പടം എടുക്കരുത്. ഇത് ജനത്തിന്റെ തലമണ്ടയ്ക്ക് താങ്ങാൻ പറ്റില്ല’
മണിച്ചിത്രത്താഴ് റീ-റീലിസ് ചെയ്യുമ്പോൾ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് എം.ജി.രാധകൃഷ്ണൻ ഈണമിട്ട ഗാനങ്ങൾ ഒരിക്കൽ കൂടി കേൾക്കാനാണ്. എന്നാൽ രസകരമായ വസ്തുത എം.ജി.രാധാകൃഷ്ണൻ ചെയ്യാൻ വിസമതിച്ച ചിത്രമായിരുന്നു മണിച്ചിത്രത്താഴ് എന്നതാണ്. ആലപ്പുഴക്കാരായ ഫാസിലും നെടുമുടി വേണുവും മിമിക്രി കാണിച്ചു നടക്കുന്ന കാലം മുതൽ എം.ജി.രാധകൃഷ്ണനറിയാം. ഇരുവരോടും സഹോദരൻമാരെ പോലെയുള്ള വാത്സല്യവും ഉണ്ട് അദ്ദേഹത്തിന്. മണിച്ചിത്രത്താഴിന്റെ തിരക്കഥയുടെ ജോലികൾ ഏറെകുറെ പൂർത്തിയായപ്പോഴാണ് ഫാസിൽ പാട്ടിലേക്കു കടക്കുന്നത്. പ്രധാനമായും രണ്ടു സന്ദർഭങ്ങൾക്കു വേണ്ടിയായിരുന്നു പാട്ടുകൾ ചിട്ടപ്പെടുത്തേണ്ടത്. ആദ്യത്തേത് രാത്രികാലങ്ങളിൽ തെക്കിനിയിൽ നിന്ന് കേൾക്കുന്ന പാട്ടാണ്.ആരുടെയോ തേങ്ങൽ പോലെ പ്രേക്ഷകർക്ക് അനുഭവപ്പെടേണ്ട ഗാനമാണത്. മറ്റു ചിലപ്പോൾ ആരോ അത് പാടി നൃത്തമാടുകയാണെന്ന തോന്നലും ഉണ്ടാകണം.
രണ്ടാമത്തെ സന്ദർഭം ഗംഗ പൂർണ്ണമായും നാഗവല്ലിയായി മാറുന്ന ദുർഗാഷ്ടമി നാളിലുള്ള പാട്ടാണ്. ചടുലമായ നൃത്തചുവടുകൾക്ക് ഇണങ്ങുന്ന താളത്തിനൊപ്പം രൗദ്രഭാവവും വേണം. രണ്ടു പാട്ടുകളും കർണാടാക സംഗീതത്തിൽ അടിസ്ഥാനപ്പെടുത്തിയായിരിക്കുകയും വേണം. ഫാസിൽ മണിച്ചിത്രത്താഴിന് തൊട്ടുമുമ്പായി സംവിധാനം നിർവഹിച്ച ‘എന്റെ സൂര്യപുത്രിക്ക്’, 'പപ്പയുടെ സ്വന്തം അപ്പൂസ്’ എന്നീ ചിത്രങ്ങളുടെ സംഗീതം നിർവഹിച്ചത് ഇസൈ ജ്ഞാനി ഇളയരാജയായിരുന്നു. എന്നാൽ മണിച്ചിത്രത്താഴിലെ ഗാനങ്ങളുടെ പശ്ചാത്തലവും അത് കർണാടക സംഗീതത്തിൽ അധിഷ്ഠിതമായിരിക്കണമെന്ന ഫാസിലിന്റെ നിർബന്ധവും ഒത്തുചേർന്നപ്പോൾ അദ്ദേഹത്തിലെ സംവിധായകന്റെ മനസ്സിൽ തെളിഞ്ഞു വന്നത് ഒരേയൊരു പേരാണ്. സാക്ഷാൽ എം.ജി.രാധകൃഷ്ണന്റെ പേര്.
ഫാസിൽ അദ്ദേഹത്തെ വിളിച്ച് തന്റെ പുതിയ ചിത്രത്തിനു വേണ്ടി പാട്ടുകൾ ചിട്ടപ്പെടുത്തി തരണമെന്ന ആവശ്യം അറിയിച്ചു. അദ്ദേഹം സന്തോഷത്തോടെ സമ്മതം മൂളുകയും ചെയ്തിരുന്നു. എം.ജി. രാധാകൃഷ്ണനെ ആലപ്പുഴയിലേക്കു കൂട്ടി കൊണ്ടുവന്നത് ഗാനരചയിതാവ് ബിച്ചു തിരുമലയാണ്. ആലപ്പുഴയിലെ അദ്ദേഹം താമസിക്കുന്ന ഹോട്ടലിലെത്തി ഫാസിൽ കഥ പറഞ്ഞു കേൾപ്പിച്ചു. കഥ മുഴുവനും കേട്ടു കഴിഞ്ഞപ്പോൾ ഇങ്ങനെയയിരുന്നു അദ്ദേഹത്തിന്റെ മറുപടി
“എടാ മോനേ, നീ സിനിമക്കാരനാകും മുൻപേ, എനിക്ക് നിന്നെ അറിയാം. നീയും വേണുവും (നെടുമുടി) എന്റെ വീട്ടിൽ വന്ന് മിമിക്രി കാണിച്ചിട്ടുണ്ട്. അവിടുന്ന് മുന്തിരിജ്യൂസ് കുടിച്ചിട്ടുണ്ട്. നിന്റെ സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. അതിലെ പാട്ടുകൾ ആസ്വദിച്ചിട്ടുണ്ട്. നിന്നെ എനിക്കിഷ്ടമാ. ബഹുമാനമാ. അതിനെക്കാളൊക്കെ ഉപരി, നീ എനിക്ക് ഒരു അനിയനെപ്പോലാ. ആ വാത്സല്യം വച്ച് ഞാൻ പറയുവാ, നീ ഈ പടം എടുക്കരുത്. ഇത് ജനത്തിന്റെ തലമണ്ടയ്ക്ക് താങ്ങാൻ പറ്റില്ല. പൊട്ടിപ്പോകും. വേണ്ടാ അനിയാ, ഇത് വേണ്ടാ’
എം.ജി.രാധകൃഷ്ണനെ അനുനയിപ്പിക്കാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും അദ്ദേഹം തന്റെ തീരുമാനത്തിൽ പാറ പോലെ ഉറച്ചു നിന്നു. പിറ്റേന്ന് രാവിലെ എങ്ങനെയും എം.ജി.രാധകൃഷ്ണനെ അനുനയിപ്പിക്കാനാകും എന്ന പ്രതീക്ഷയിലായിരുന്നു ഫാസിൽ. ആ ധൈര്യത്തിൽ പിറ്റേന്ന് ഹോട്ടൽ മുറിയിലെത്തിയപ്പോൾ ഫാസിൽ ശരിക്കും ഞെട്ടി.
മുറി ശൂന്യമാണ്. എം.ജി. രാധകൃഷ്ണൻ അതിനോടകം ബിച്ചു തിരുമലയ്ക്കൊപ്പം തിരുവനന്തപുരത്തേക്ക് മടക്കയാത്ര തുടങ്ങി കഴിഞ്ഞിരുന്നു.
ധർമസങ്കടത്തിലായ ഫാസിൽ എം.ജി.ആറിന്റെ സഹോദരനും ഗായകനുമായ എം.ജി.ശ്രീകുമാറിനെ വിളിച്ച് കാര്യങ്ങൾ അവതരിപ്പിച്ചു. രാധകൃഷ്ണൻ ചേട്ടനെ കൊണ്ട് ഈ ചിത്രത്തിന് സംഗീതം ചെയ്യിക്കുന്ന കാര്യം താനേറ്റെന്ന് ശ്രീകുമാർ ഫാസിലിനു വാക്കും കൊടുത്തു. എന്തായാലും എം.ജി.ശ്രീകുമാർ വാക്ക് പാലിച്ചു. ഒരാഴ്ച കഴിഞ്ഞ് എം.ജി.രാധകൃഷ്ണൻ ഫാസിലിനെ വിളിച്ചു. അന്നുണ്ടായ സംഭവങ്ങളിൽ ഒന്നും തോന്നരുത് എന്ന മുഖവരയൊടെയായിരുന്നു കോൾ. ഫാസിൽ നിർദേശിച്ച ‘ആഹരി’ രാഗത്തിൽ ഒരു പാട്ട് ചിട്ടപ്പെടുത്തിവെച്ചിട്ടുണ്ടെന്നും അറിയിച്ചു.
ബിച്ചുതിരുമലയുടെ വരികളിൽ നിന്ന് പിറന്ന സിനിമയുടെ പേര്
എം.ജി.രാധകൃഷ്ണന്റെ വിളി വന്ന മാത്രയിൽ തന്നെ ഫാസിൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. അദ്ദേഹത്തിന്റെ വീട്ടിൽ ഗാനരചയിതാവ് ബിച്ചു തിരുമലയുമുണ്ട്. ഹാർമോണിയവുമായി രാധകൃഷ്ണൻ നിലത്തിരുന്നു. ഹാർമോണിയത്തിൽ പാട്ടെഴുതിയ പേപ്പറും ഉണ്ട്. അദ്ദേഹത്തിന്റെ പത്നി പത്മജയുമുണ്ട് അവിടെ.
‘പഴം തമിഴ് പാട്ടിഴയും ശ്രുതിയിൽ
പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളിൽ വെറുതെ
നിലവറ മൈന മയങ്ങി’
എന്നു തുടങ്ങുന്ന ഗാനത്തിന്റെ ആദ്യ വരികൾ എം.ജി.രാധകൃഷ്ണൻ പാടി തീർത്തപ്പോൾ ഫാസിൽ ഫ്ലാറ്റ്. ഓരോ വരി പാടി തീരുമ്പോഴും ഫാസിൽ കഥാപാത്രങ്ങൾക്കും കഥാ സന്ദർഭങ്ങൾക്കുമൊപ്പം സഞ്ചരിച്ചു കൊണ്ടിരുന്നു. വരികൾ മുഴുവൻ പാടി കേട്ടു കഴിഞ്ഞപ്പോൾ ഫാസിൽ ഗാനരചയിതാവ് ബിച്ചു തിരുമലയോടു പറഞ്ഞത് ഇതിലെ വരികളെന്നല്ല ഒരു അക്ഷരം പോലും മറ്റേണ്ടതില്ല എന്നാണ്. ബിച്ചുവിന്റെ വരികളിൽ നിന്ന് ഫാസിലിന് സന്ദർഭം മാത്രമല്ല സിനിമയുടെ ടൈറ്റിലും ലഭിച്ചു മണിച്ചിത്രത്താഴ്!
കവിഞ്ജർ വാലിയുടെ തൂലികയിൽ നിന്ന് പിറന്ന ‘ഒരു മുറൈ വന്ത് പാർത്തായാ’
തമിഴിലെ പ്രശസ്ത കവിയും ഗാനരചയിതാവുമായ ടി.എസ്.രംഗരാജൻ എന്ന സാക്ഷാൽ കവിഞ്ജർ വാലിയാണ് മണിച്ചിത്രത്താഴിലെ തമിഴ് ഗാനം എഴുതാൻ നിയോഗിക്കപ്പെട്ടത്. മണിച്ചിത്രത്താഴിന്റെ കേന്ദ്രബിന്ദു തന്നെ നാഗവല്ലിയെന്ന തമിഴ് നർത്തകിയും അവരുടെ പ്രതികാരവുമാണ്. സിനിമയുടെ ഏറ്റവും നിർണായക ഘട്ടത്തിലാണ് ‘ഒരു മുറൈ വന്ത് പാർത്തായാ’ എന്ന തമിഴ് ഗാനം കടന്നുവരുന്നത്. ഗംഗയിൽ നിന്നും നാഗവല്ലിയിലേക്കുള്ള പരകായ പ്രവേശം വെളിപ്പെടുത്തുന്ന ഗാനം. ഒരേ സമയം നൃത്തത്തിനും സംഗീതത്തിനും പ്രധാന്യമുള്ള ഈണം. എം.ജി.രാധാകൃഷ്ണന്റെ കുന്തളവരാളി ഈണത്തിനൊപ്പിച്ചു വാലിയുടെ തൂലിക ചലിച്ചപ്പോൾ പിറന്നു വീണത് ഏക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്ന്. ഒരുപക്ഷേ മലയാളികൾ ഇത്രത്തോളം ആഘോഷമാക്കി മാറ്റിയ മറ്റൊരു തമിഴ് ഗാനം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെയുണ്ടാവില്ല. ചിത്രത്തിന്റെ നിർണായകഘട്ടത്തിൽ വരുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസും ചിത്രയും ചേർന്നാണ്. ഇതേ ഗാനം വരികളിൽ ചെറിയ വ്യത്യാസം വരുത്തി സുജാതയുടെ ശബ്ദത്തിൽ (ആഹരി രാഗത്തിൽ) നാഗവല്ലിയുടെ സാന്നിധ്യം എസ്റ്റാബ്ലിഷ് ചെയ്യാനും സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. ശോഭനയുടെയും ശ്രീധറിന്റെയും നൃത്തം കൂടിയായപ്പോൾ പാട്ടിനു പൂർണത ലഭിക്കുന്നു.
ചുരുട്ടി പിടിച്ച കടലാസിലെ കവിത മണിച്ചിത്രത്താഴിന്റെ വഴിത്തിരിവായ കഥ
മണിച്ചിത്രത്താഴിലെ കേന്ദ്ര കഥാപാത്രം ഗംഗയിലെ രോഗി ചെയ്യുന്നത് ഗംഗ അറിയുന്നില്ല എന്ന കടമ്പ മറികടന്നപ്പോൾ സംവിധായകൻ ഫാസിലിനെയും തിരക്കഥാകൃത്ത് ഫാസിലിനെയും കുഴക്കി അടുത്ത പ്രശ്നം ഉദിച്ചു. ക്രൂരനായ കാരണവരുടെയും നാഗവല്ലിയുടെയും കഥ കേട്ടയുടൻ ഗംഗ മനോരോഗിയായി മാറുന്നതായി കാണിച്ചാൽ പ്രേക്ഷകർക്ക് അത് ഉൾകൊള്ളാൻ കഴിയാതെ വരും. എഴുത്തിലെ ഈ പ്രതിസന്ധി നിലനിൽക്കുന്നതിനിടെ യാദൃച്ഛികമായി ഒരു യാത്രയ്ക്കിടെ മധുവും ഫാസിലും തോട്ടപ്പള്ളിയിലെ കല്പകവാടിയിൽ ചായ കുടിക്കാൻ കയറി. അവിടെ തിരക്കഥാകൃത്ത് ചെറിയാൻ കല്പകവാടി ഉണ്ടായിരുന്നു. സിനിമയെക്കുറിച്ചും എത്തിനിൽക്കുന്ന പ്രതിസന്ധിയെക്കുറിച്ചും പറഞ്ഞു.
'പണ്ടെപ്പോഴെങ്കിലും മാനസികരോഗം വന്നിട്ടുള്ള ഒരാൾക്ക് ചികിത്സിച്ച് ഭേദമാക്കിയാലും പ്രത്യേക സാഹചര്യത്തിൽ അത് വീണ്ടും വരാമെന്നൊരു സാധ്യത ചെറിയാൻ കല്പകവാടി പങ്കുവച്ചു. മടക്കയാത്രയിൽ ഫാസിലും മധു മുട്ടവും ഗംഗയ്ക്കു മുൻപൊരിക്കൽ മാനസിക രോഗം വന്നിരുന്നു എന്ന സാധ്യതയിലേക്ക് തങ്ങളുടെ ചിന്തകളെ പടർത്തി. പ്രണയ നൈരാശ്യം, കുടുംബ കലഹം, അടുത്ത കൂട്ടുകാരിയുടെ ദാരുണ മരണം, കാണാൻ പാടില്ലാത്തതെന്തോ പെട്ടെന്ന് കണ്ടപ്പോഴുണ്ടായ ഷോക്ക് അങ്ങനെ പലവിധ ചിന്തകൾ ഇരുവരുടെയും മനസ്സിൽ ഉണർന്നു.
മറ്റൊരു ദിവസം മധു മുട്ടം ഫാസിലിന്റെ വീട്ടിലെത്തുമ്പോൾ കയ്യിലൊരു ചുരുട്ടി പിടിച്ച മാസിക ഉണ്ടായിരുന്നു. ഫാസിൽ അതെടുത്തു മറിച്ച് നോക്കിയപ്പോൾ പേജുകൾക്കിടയിലൊരു പേപ്പർ. അതിൽ മധുവിന്റെ കൈയക്ഷരം. എന്താണെന്ന് ഫാസിൽ ആരാഞ്ഞപ്പോൾ അത് പണ്ട് എപ്പോഴോ താൻ എഴുതിയതാണെന്ന് ലാഘവത്തോടെ മധുവിന്റെ മറുപടി. ഫാസിൽ അത് വായിച്ചു.
‘വരുവാനില്ലാരുമിങ്ങൊരു
നാളുമീ വഴിക്കറിയാ-
മതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ
വരുവാനുണ്ടെന്ന് ഞാൻ
വെറുത മോഹിക്കാറുണ്ടല്ലോ…’
ഇത് വായിച്ച് കഴിഞ്ഞപ്പോൾ ഫാസിലിന്റെ മനസ്സിലേക്ക് നൊസ്റ്റാൾജിയ പോലെ എന്തോ അരിച്ചു കയറി. അദ്ദേഹം മധുവിന് നേരേ തിരിഞ്ഞ് ഇങ്ങനെ ചോദിച്ചു. ‘ഇത് എഴുതിയത് ഗംഗയല്ലേ? ഗംഗയയല്ലേ പാടിയത്. ഈ വേദനകളത്രയും അനുഭവിച്ചതും ഗംഗ തന്നയല്ലേ. അവളുടെ കഥയല്ലേ ഇത്’
ഫാസിലിന്റെ ചോദ്യങ്ങൾ ബുള്ളറ്റു പോലെ മധു മുട്ടത്തിന്റെ മനസ്സിൽ പതിച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ വിടർന്നു കൽപ്പന ഉണർന്നു. പ്രതിസന്ധി മാറി. അന്ന് രാത്രി മധു കഥയുണ്ടാക്കി.
കുഞ്ഞു ഗംഗയെ മുത്തശ്ശിയെ ഏൽപ്പിച്ച് കൽക്കട്ടയിലേക്ക് അച്ഛൻമാർ പോകുന്നതും. മുത്തശ്ശിയുടെ നാട്ടുരീതികളോട് ഇഴുകി ചേർന്നു ജീവിച്ചിരുന്ന ഗംഗയെ പെട്ടെന്നൊരുന്നാൾ കൽക്കട്ടയിലേക്ക് പറിച്ചു നടാൻ രക്ഷാകർത്താക്കൾ ശ്രമിക്കുന്നതും പരീക്ഷഹാളിൽ നിന്ന് ഗംഗ ഓടി ഇറങ്ങുന്നതുമൊക്കെ കഥയായി വികസിച്ചു. ഗംഗയ്ക്കുണ്ടായ ആദ്യത്തെ സൈക്കിക്ക് അറ്റാക്ക് അതായിരുന്നു. മരുന്നുകൾ കൊണ്ട് ഉറക്കികിടത്തിയ ഗംഗയിലെ മനോരോഗി മാടമ്പള്ളിയിലെ അന്തരീക്ഷത്തിലേക്ക് പുറത്തേക്ക് ചാടുന്നതു വരെ ഭദ്രവും ഹൃദ്യവുമായി എഴുതി ചേർക്കാൻ അവിചാരിതമായി വീണു കിട്ടിയ ആ പാട്ടിലെ വരികൾ നിമിത്തമായി. എഴുത്തിലെ പ്രതിസന്ധി വഴിമാറുകയും ചെയ്തു.
മധു എഴുതിയ ഗാനം സിനിമയിലേക്ക് എടുക്കുകയാണെന്നും അതിന്റെ ഗാന ചിത്രീകരണത്തിലൂടെ ഗംഗയുടെ ഭൂതകാലം അവതരിപ്പിക്കുകയും ചെയ്യാമെന്ന് ഫാസിൽ പറഞ്ഞു. അതുകൊണ്ട് എല്ലാം വലിച്ചു വാരി എഴുതേണ്ടതില്ലെന്നും ഫാസിൽ മധുവിന് നിർദേശം നൽകി.
അങ്ങനെ മണിച്ചിത്രത്താഴ് സിനിമയുടെ ആശയമൊക്കെ ജനിക്കുന്നതിനു വളരെ നാളുകൾക്ക് മുമ്പ് മധു മുട്ടം എഴുതിവച്ചിരുന്ന ഒരു ഗാനം കഥയുടെ ഒരു പ്രതിസന്ധിയെ മറികടക്കുന്നു. ഒരു വരി പോലും വെട്ടി മാറ്റാത്തെ എം.ജി.രാധകൃഷ്ണൻ ഈണമിട്ട ഗാനം മലയാളത്തിലെ മികച്ച മെലഡികളിൽ ഒന്നായി മാറുന്നു. കെ.എസ്.ചിത്ര താൻ പാടിയ പാട്ടുകളിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായി ഇതിനെ കാണുന്നു. തനിക്ക് ഏറെ ഇഷ്ടമുള്ള ഗാനചിത്രീകരണങ്ങളിൽ ഒന്നാണിതെന്നും ചിത്ര പറയുന്നു.
തെക്കിനിയിൽ നിന്ന് ഉയർന്നുകേട്ട ജോൺസന്റെ സംഗീതം
എം.ജി.രാധകൃഷണന്റെ പാട്ടുകളൊടൊപ്പം തന്നെ പ്രധാന്യമുണ്ട് മണിച്ചിത്രത്താഴിന്റെ പശ്ചാത്തല സംഗീതത്തിന്. നാഗവല്ലിയുടെ സാന്നിധ്യം സ്ക്രീനിൽ തീവ്രതയോടെ പകർത്താൻ ജോൺസന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് ചെറുതല്ല. പഴമയും നർമവും ഉദ്വേഗവും ഭീതിയുമൊക്കെ നിറഞ്ഞ കഥാ സന്ദർഭങ്ങളെ അത്രമേൽ മികച്ചൊരു സിനിമാറ്റിക് അനുഭവമാക്കി മാറ്റുന്നു ജോൺസന്റെ സംഗീതം. ഇത്തരം യാദൃച്ഛികതകളും നിമിത്തങ്ങളും ഇട കലർന്നതാണ് മണിച്ചിത്രത്താഴിന്റെ ചലച്ചിത്ര സംഗീത യാത്ര.