'ഇളയരാജാവിൻ രസികൈ'! 70കളിൽ ഇറങ്ങിയോ ഇളയരാജയെക്കുറിച്ചുള്ള സിനിമ?
Mail This Article
ധനുഷ് നായകനായെത്തുന്ന ഇളയരാജയുടെ ബയോപിക് ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഷൂട്ടിങ് വിശേഷങ്ങളും അതിൽ ഇളയരാജ കൊടുക്കുന്ന സംഗീതത്തെക്കുറിച്ചുമൊക്കെ ഇടയ്ക്കിടെ വാർത്തകൾ വരാറുമുണ്ട്.
'ഇളയരാജാവിൻ രസികൈ' എന്ന പേരിൽ 1979 ൽ നിർമാണം പൂർത്തിയാക്കിയൊരു തമിഴ് ചിത്രമുണ്ട്. ഇളയരാജ സംഗീതം നൽകിയ ആദ്യസിനിമ 'അന്നക്കിളി'യുടെ സംവിധായകരായ ദേവരാജ്-മോഹൻ ടീമായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകർ.
ഉണ്ണിമേരി നായികയായ 'ഇളയരാജാവിൻ രസികൈ'യുടെ സംഗീതം ഇളയരാജ തന്നെയായിരുന്നു. കൂടാതെ ഇളയരാജ ഈ സിനിമയിൽ പാടിയിട്ടുമുണ്ട്.
'മാലൈ സെവ്വാനം' എന്ന് തുടങ്ങുന്ന ഇളയരാജയ്ക്കൊപ്പം പാടിയിരിക്കുന്നത് സ്വർണലത എന്നൊരു ഗായികയാണ് (ജെൻസിയുടെ പേരിലാണ് പല സൈറ്റുകളിലും ഈ പാട്ട്) നമ്മൾ അറിയുന്ന സ്വർണലത 1979ൽ പാടിത്തുടങ്ങിയിരുന്നോ എന്നൊരു സംശയം തോന്നി. അത് മറ്റൊരു സ്വർണലതയാണെന്നും അവർ ഇപ്പോൾ കാനഡയിലാണുള്ളതെന്നും ഗംഗൈ അമരൻ വഴിയറിഞ്ഞു.
'ഇളയരാജാവിൻ രസികൈ'യുടെ കഥയ്ക്ക് സംഗീതസംവിധായകനായ ഇളയരാജയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യത്തിൽ ഒരുറപ്പുമില്ല.