‘അന്ന് വിഷമിച്ചു ഇന്ന് ചിരി’: മണിച്ചിത്രത്താഴിലെ പാട്ടിന്റെ ക്രെഡിറ്റ് കൊടുക്കാത്തതിൽ പ്രതികരിച്ച് വേണുഗോപാൽ
Mail This Article
മണിച്ചിത്രത്താഴ് റീ–റിലീസ് ചെയ്തതോടെ അതിലെ പാട്ടുകളും പശ്ചാത്തലസംഗീതവുമെല്ലാം വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയാണ്. അതിനിടെ ഗായകൻ ജി.വേണുഗോപാലിന് പാട്ടിന്റെ ക്രെഡിറ്റ് കൊടുത്തില്ലെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരനും സിനിമാ പ്രവർത്തകനും വേണുഗോപാലിന്റെ സുഹൃത്തുമായ സുരേഷ് കുമാർ രവീന്ദ്രന്‍. ചിത്രത്തിലെ ‘അക്കുത്തിക്കുത്താന കൊമ്പിൽ’ എന്ന ഗാനം വേണുഗോപാലാണ് ആലപിച്ചതെന്നും എന്നാൽ പഴയ പതിപ്പിലും റീ–റിലീസിലും ടൈറ്റിൽ കാർഡിൽ അദ്ദേഹത്തിന്റെ പേര് പരാമർശിച്ചിട്ടില്ലെന്നു ചൂണ്ടിക്കാണിച്ചാണ് സുരേഷ് കുമാർ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
കുറിപ്പിൽ നിന്ന്:
‘മണിച്ചിത്രത്താഴി'ലെ "അക്കുത്തിക്കുത്താന കൊമ്പിൽ" എന്ന പാട്ട് പാടിയിരിക്കുന്നത് ജി.വേണുഗോപാലും കെ.എസ്.ചിത്രയും സുജാത മോഹനുമാണ്. 1993 ൽ സിനിമയുടെ പോസ്റ്റ് പ്രൊഡക്‌ഷൻ വർക്ക് നടക്കുന്ന സമയത്ത് ടൈറ്റിൽ വർക്ക് ചെയ്തവർക്ക് 'അൽസ്ഹൈമേഴ്സ് സ്റ്റേജ് 2' ആയിരുന്നതിനാൽ (ടൈറ്റിൽ റോളാകുമ്പോൾ കേൾക്കുന്ന അതേ പാട്ട് പാടിയ) ഗായകനായ വേണുഗോപാലിന്റെ പേര് ടൈറ്റിലിൽ ചേർക്കാൻ വിട്ടു പോയി ! 'പാടിയവർ' എന്ന ഹെഡിന് കീഴെ 'കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര, സുജാത' എന്നു മാത്രമാണുള്ളത്! അത് അന്ന്, 1993... പോട്ടെ, വിട്ടേക്കാം. ഇന്ന്, 2024 ൽ ആ സിനിമ റീ റിലീസ് ചെയ്യുമ്പോഴും അതേ തെറ്റ് ആവർത്തിക്കണോ ? ജി.വേണുഗോപാൽ പാടിയ അതേ പാട്ട് തന്നെ സ്പീക്കറിൽ കേൾപ്പിച്ചിട്ട് ടൈറ്റിൽ നീങ്ങുമ്പോൾ പാടിയവരുടെ കൂട്ടത്തിൽ ആളുടെ പേര് മാത്രം മിസ്സിങ് ! ഇത് എന്തു തരം അസുഖമാണ്? അൽസ്ഹൈമേഴ്സ് പകരുന്ന രോഗമാണോ? അതോ വേണു ചേട്ടൻ ഇവരെയൊക്കെ പിടിച്ച് കടിച്ചാ?’
സുരേഷ് കുമാർ രവീന്ദ്രന്റെ കുറിപ്പ് ചർച്ചയായതോടെ ജി.വേണുഗോപാൽ തന്നെ പ്രതികരണവുമായി രംഗത്തെത്തി. ‘സുരേഷേ, ആ പഴയ പ്രിന്റ് അവർ ഡിജിറ്റലൈസ് ചെയ്തിട്ടല്ലേയുള്ളൂ? സിനിമയിലെ കുറച്ച് പോർഷൻസ് ചിലപ്പോൾ എഡിറ്റ് ചെയ്തു മാറ്റിക്കാണും. പുതുതായ് വല്ലതും ആഡ് ചെയ്തിട്ടുണ്ടോ ? തമിഴിലെ ഡബ്ബിങ്ങ് ആർട്ടിസ്റ്റിന്റെ പേര് കൊടുത്തിട്ടുണ്ടോ എന്നറിയില്ല. പുതിയ ഡിജിറ്റൽ ഫോർമാറ്റ് എന്ന് പറയുന്നത് പഴയ തെറ്റുകളൊന്നും തിരുത്താനുള്ള ശ്രമമല്ല. പഴയ വീഞ്ഞിനെ പുതിയ കുപ്പിയിലാക്കി മാർക്കറ്റ് ചെയ്യാനുള്ള ശ്രമം മാത്രം. അക്കാലത്ത് ഇതിൽ വിഷമം തോന്നിയിരുന്നു. ഇന്നൊരു ചിരി മാത്രമേയുള്ളൂ, വിട്ടു കള’ എന്നാണ് വേണുഗോപാൽ നൽകിയ മറുപടി.
ഇരുവരുടെയും കുറിപ്പുകൾ വൈറലായതോടെ നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. മണിച്ചിത്രത്താഴിന്റെ അണിയറപ്രവർത്തകരെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തുന്നുണ്ട്.