അന്ന് പുത്തഞ്ചേരി പറഞ്ഞു, ‘രോമരോമങ്ങളിൽ വരെ എന്നെ സ്വാധീനിച്ച ഏക കാവ്യഗുരു, അതെന്റെ ഭാസ്കരൻ മാഷാണ്’
Mail This Article
ആത്മസുഹൃത്തിന്റെ ചിതയെരിയുമ്പോൾ ആ ഉള്ളും ഉലയിലുണരുന്ന കനലുപോലെ എരിഞ്ഞു കൊണ്ടിരിക്കുകയാണ്. ബാപ്പു ബാക്കിവച്ചിട്ടുപോയ ആഗ്രഹങ്ങൾ ചിന്തകളെ വല്ലാതെ പൊള്ളിക്കാൻ തുടങ്ങുമ്പോൾ തളർന്നു വീഴാതിരിക്കാൻ അവൻ ആവതു ശ്രമിക്കുന്നു. പ്രിയസുഹൃത്തിന് കടംകൊണ്ട ജീവിതമാണല്ലോ തന്റേത്, അപ്പോൾ അവന്റെ ഏറ്റവും വലിയ ആഗ്രഹത്തെ നിറവേറ്റേണ്ടത് തന്റെ കടമയാണെന്നതിൽ വാസുവിനു തെല്ലുമില്ല സംശയം. പക്ഷേ, നിക്കാഹ് നടത്തിത്തരാനെത്തുന്ന തന്റെ പ്രിയപ്പെട്ട ഇക്കയേ കാത്തിരിക്കുന്ന കുഞ്ഞുപെങ്ങളോടും മകനെ കാത്തിരിക്കുന്ന ഉമ്മയോടും താനെന്തു പറയും? അവരുടെ സന്തോഷങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തിക്കൂടാ. കടമകൾ ഭാരമല്ലെങ്കിലും ഹൃദയം നുറുങ്ങുന്ന വേദന സർവ നാഡികളേയും വരിഞ്ഞു മുറുക്കുന്നു. തന്റെ ഉള്ളുരുകുന്നത് അവർ അറിയാൻ പാടില്ലെന്നുറപ്പിച്ച വാസു ഉള്ളിലൊളിപ്പിച്ച അഗ്നിപർവതവുമായി സന്തോഷത്തിന്റെ മുഖപടമണിഞ്ഞു.
'തുറക്കാത്ത വാതിൽ' (1970) തുറന്നുവെച്ച ഇതിവൃത്തം സങ്കുചിത സാമൂഹിക ചിന്തകളെ തിരസ്കരിക്കുവാനുള്ള ഒരാഹ്വാനം കൂടിയായിരുന്നു. ആത്മബന്ധത്തിന്റെ ആഴങ്ങളെ വെളിവാക്കുന്നതിനായി ചമയ്ക്കപ്പെട്ട ഒരു ദൃശ്യഭാഷ്യം.
സംവിധാനം സ്വയം നിർവഹിക്കുന്നതുകൊണ്ട് ഭാസ്കരൻ മാഷിന് കഥയും കഥാപാത്രങ്ങളേയും നന്നായറിയാം. മികച്ച ചിത്രത്തിനുള്ള ദേശീയാംഗീകാരം സിനിമയെ തേടിയെത്തിയതിനു പിന്നിലും ആ സംവിധാന മികവിന്റെയും പാട്ടെഴുത്ത് പാടവത്തിന്റെയും മേലൊപ്പുണ്ടായിരുന്നല്ലോ. കഥയിലെ വാസുവിന്റെയും ബാപ്പുവിന്റെയും സമാനതകളില്ലാത്ത ഹൃദയബന്ധത്തിന്റെ തീവ്രത രംഗത്ത് ആവിഷ്കരിച്ചതുപോലെ വരികളിലേയ്ക്കും വരച്ചിടുവാൻ മാനുഷികതയെ മനനം ചെയ്ത മഹാകവിക്ക് ഒരു ഘട്ടത്തിലും പാടുപെടേണ്ടതായി വന്നില്ല. നായകന്റെ ഹൃദയവേദനയും നേരിടേണ്ട സാഹചര്യങ്ങളും ഭാസ്കരൻ മാഷിന്റെ തൂലികയിലേയ്ക്ക് എന്തെന്തു കൽപനകളെയാണ് ആവാഹിച്ച് കൊണ്ടെത്തിച്ചത്! മുറിവേറ്റ ഹൃദയത്തിന്റെ ഇനിയും ഉണങ്ങിയിട്ടില്ലാത്ത മുറിപ്പാടുപോലെ വേദനയിറ്റിക്കുന്ന ആ വരികൾക്കിന്ന് പ്രായം അഞ്ചരപ്പതിറ്റാണ്ടും കടന്നിരിക്കുന്നു!
"പാർവണേന്ദുവിൻ ദേഹമടക്കി പാതിരാവിൻ കല്ലറയിൽ.." തനിക്ക് ജീവിതം തന്നവനെ, ഏവർക്കും പ്രിയങ്കരനായിരുന്നവനെ ഒരു പ്രതീകമെന്നതിനപ്പുറമാവാം ആ പേര് വിളിക്കാൻ തോന്നിയത് - പാർവണേന്ദു! എത്ര പേർക്ക് വെളിച്ചമായിരുന്ന ദേഹിയാണ് ദേഹം വിട്ടകന്നിരിക്കുന്നത്. അന്ധകാരം ചിറകെട്ടിയ പാതിരാവിൻ കല്ലറയിൽ കൂട്ടുകാരനെ അടക്കിയെന്നു പറയുമ്പോൾ സൗഹൃദത്തിന്റെ വില നന്നായറിയുന്ന ആ എഴുതിത്തെളിഞ്ഞ തൂലികയും ഒന്നു വിറകൊണ്ടിട്ടുണ്ടാകണം. കണ്ണീരടക്കാൻ പാടുപ്പെട്ട കരിമുകിൽ ഒരു തിരി കൊളുത്തി, എങ്ങോ ഉണരുന്ന പ്രതീക്ഷയുടെ നേരിയ വെളിച്ചം പോലെ. സകലർക്കും പ്രിയങ്കരനായ ബാപ്പുവിനു മുന്നിൽ കരിമേഘമായി സ്വയം ചുരുങ്ങുന്ന നായകൻ! ബിംബങ്ങളെ ബുദ്ധിപൂർവം ഉപയോഗിക്കുന്ന മാഷിന് ഏതു നിമിഷവും പെയ്തു വീഴാവുന്ന ഘനീഭവിച്ച ദുഃഖം പേറുന്ന നായകനെ അങ്ങനെ വിശേഷിപ്പിച്ചതിൽ എങ്ങനെ തെറ്റുപറ്റാൻ!
ബാപ്പുവിന്റെ മരണത്തെ വെളിപ്പെടുത്തി സന്തോഷത്തിന്റെ ആ സന്ദർഭത്തെ കണ്ണീരണിയിക്കാൻ ഒരുക്കമല്ലാത്ത നായകൻ ഹൃദയവ്യഥയെ കടിച്ചമർത്താൻ പെടുന്ന പാട് വരികളിൽ ആദ്യന്തം ഉണ്ടാകണം. ആ ഹൃദയം നുറുങ്ങുന്നത് ആസ്വാദകരിലേക്കും അതേപടി പകരാൻ ഉറപ്പിച്ചുതന്നെയാണ് കവി വാക്കുകളെ ചേർത്തു കൊരുത്തത്. തിരയടങ്ങാത്ത സാഗരം വാസുവിന്റെ ഉള്ളിൽ ഇരമ്പിയാർക്കുകയാണ്. മറ്റാർക്കും കാണാനാവാതെ അതിങ്ങനെ അലമുറയിടുമ്പോൾ "കറുത്ത തുണിയാൽ മൂടിയ ദിക്കുകൾ സ്മരണാഞ്ജലികൾ നൽകുന്നു". നായകനെ ചുറ്റിവരിഞ്ഞ നൈരാശ്യത്തിന്റെ കരിമ്പടപ്പുതപ്പിൽ പ്രിയപ്പെട്ടവന്റെ ഓർമകൾ, ബാക്കിവച്ച ആഗ്രഹങ്ങൾ.. ഒക്കെയും തികട്ടിയെത്തുകയല്ലേ!
കാവ്യകൽപനകൾ എങ്ങോ കേട്ടുപതിഞ്ഞ കെട്ടുകഥകളുടെ കൈപിടിക്കുന്നു.... കാമുകനായ പൂർണചന്ദ്രനു വേണ്ടിയുള്ള മൂവന്തിയുടെ കാത്തിരുപ്പിനെ മാനുഷിക ഭാവങ്ങളോട് അസാധ്യമാം വിധത്തിൽ കൂട്ടിക്കെട്ടുകയാണ് മാഷിന്റെ ഇരുത്തംവന്ന ഭാവന!
അന്ധകാരച്ചിതയിൽ ഒടുങ്ങിക്കഴിഞ്ഞ കാമുകന് ഇനി ഒരു തിരിച്ചുവരവില്ലെന്നറിയാതെ, ഏറെ പ്രതീക്ഷകളേയും പേറി ഒരു നവവധുവായി കാത്തിരിക്കുന്ന കാമുകി... ആർക്കും വെളിച്ചമായിരുന്ന അവന്റെ അപ്രതീക്ഷിത വിയോഗത്തിൽ അണപൊട്ടിയ കണ്ണീരാഴങ്ങളിലുഴറുന്ന ആത്മബന്ധങ്ങൾ.... പകരംവയ്ക്കാനില്ലാത്ത കവികൽപനകൾ വാർത്തെടുക്കുന്ന കാഴ്ചകൾക്ക് കാലത്തെ കവച്ചുവയ്ക്കുന്ന കാവ്യഭംഗിതന്നെ!
"വിരഹവിധുരയാം മൂവന്തിയൊരു നവ വധുവായ് നാളെ...." കാൽപനികതയുടെ കൈപിടിച്ച് കാഴ്ചകൾ പിന്നെയും നബീസയിലേക്കും സുലൈഖയിലേയ്ക്കും. വരന്റെ കയ്യിലേക്കു തന്റെ കൈപിടിച്ചേൽപ്പിക്കാനെത്തുന്ന ഇക്കയെ കാത്തിരിക്കുന്ന നബീസ, ജീവിതത്തിലേക്കു കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകാനെത്തുന്ന പ്രിയപ്പെട്ടവനെ കാത്തിരിക്കുന്ന സുലൈഖ... നിസ്സഹായതയുടെ ആ നിഴലാട്ടങ്ങൾ കവിചിന്തകളെ വല്ലാതെ മഥിച്ചിട്ടുണ്ടായിരുന്നോ? ഇരുവരുടേയും പ്രതീക്ഷകളുടെ ഒളിപ്പിച്ചു വച്ച അർഥശൂന്യതയെ പേറി വാസു തളർന്നു തുടങ്ങിയിരുന്നു. ആ തളർച്ചയുടെ നീറ്റലും കുറിക്കപ്പെടുന്ന വരികളിൽ ഉണ്ടാകണമെന്നതിൽ കവിക്ക് തെല്ലുമില്ലായിരുന്നു സംശയം.
"കടന്നു പോയൊരു കാമുകൻ തന്നുടെ കഥയറിയാതെ കാത്തിരിക്കും....'' കാത്തിരിപ്പ് അങ്ങനെയാണ് - പ്രതീക്ഷയുടെ ഒരു തിരിവെട്ടമെങ്കിലും ഉണ്ടെങ്കിൽ അത് ആ കാത്തിരുപ്പിന് പകരുന്ന ഊർജം ഒട്ടും ചെറുതല്ല. ഒരുവശത്ത് മരണം മറുവശത്ത് പ്രതീക്ഷകൾ. ഇതിനിടയിൽ ആരോടും പങ്കുവയ്ക്കുവാൻ പോലുമാവാത്ത വേദനകളുടെ വേവറിയുകയായിരുന്നല്ലോ നായകൻ! നാഴിയുരി പാലുകൊണ്ട് നാടാകെ കല്യാണമൊരുക്കിയ കവിക്ക് നായകവേദനയെ സഹൃദയപക്ഷത്തേക്കു പകരാൻ ഏതാനും ചില വാക്കുകൾ മാത്രം മതിയായിരുന്നു! മലയാള ചലച്ചിത്രഗാനങ്ങളുടെ പിതാവെന്ന് പി.ഭാസ്കരനെന്ന ഭാഷാസ്നേഹിയെ വിളിക്കണമെന്ന് യൂസഫലി കേച്ചേരി ആഹ്വാനം ചെയ്തത് വെറുതെയല്ല!
ഭാവസാന്ദ്രമായ ആലാപനം കൊണ്ട് യേശുദാസും ദർബാരി കാന്നഡയിൽ രാഗമൊരുക്കിയ രാഘവൻ മാസ്റ്ററും ആസ്വാദനം അനന്യമാക്കിയെന്നത് പറയാതെ വയ്യ.
"രോമരോമങ്ങളിൽ വരെ എന്നെ സ്വാധീനിച്ച ഏക കാവ്യഗുരുവേ മലയാളത്തിലുള്ളു..." വാക്കുകൾ ഗിരീഷ് പുത്തഞ്ചേരിയുടേതാണ്.
"അതെന്റെ ഭാസ്കരൻ മാഷാണ്." ഹൃദയത്തിൽ തൊട്ടുള്ള ആ സാക്ഷ്യം തുടരുമ്പോൾ തോന്നിപ്പോവുകയാണ്, എത്രയോ തലമുറകൾ ഇതേ സാക്ഷ്യത്തിന്റെ അവകാശികളായി വേറെയുമുണ്ടാകും!
സാന്ദർഭികമായി പാട്ടൊരുക്കുന്നതിൽ അദ്വിതീയനായിരുന്ന ഭാസ്കരൻ മാഷിന് ഒരു ഔട്ട് ലൈൻ കിട്ടിയാൽത്തന്നെ അത് ധാരാളം! കൈമുതലായുള്ള ലാളിത്യവും ഒപ്പം ചേരുന്നതോടെ ഓർത്തിരിക്കാൻ പോന്ന ക്ലാസിക്കൽ സൃഷ്ടികളുടെ പിറവിക്ക് പിന്നെ വൈകില്ല. മലയാളത്തിന്റെ പാട്ടുപൈതൃകത്തോട് എന്നും കൂറുപുലർത്തിയിരുന്ന രാഘവൻ മാഷിനെ ഒപ്പം കൂട്ടിയപ്പോഴൊക്കെ പിറന്ന് വീണതോ... മലയാളിത്തത്തിന്റെ തനി നാടൻ ചൂരു മണക്കുന്ന പാട്ടുകളും. കാലം കവർന്നുകൊണ്ടുപോയെങ്കിലും ആ എഴുത്തഴകിന്റെ ശേഷിപ്പുകൾ മതിയല്ലോ മറവിക്കു വിട്ടുകൊടുക്കാതെ മലയാളത്തിനെന്നും നെഞ്ചിലേറ്റാൻ!
അങ്ങ്, ആകാശമേലാപ്പിൽ കരിഞ്ചായം പൂശി ഇരുൾ പരന്നിരിക്കുന്നു. തുറിച്ചു നോക്കുന്ന കൂരിരുട്ടിന്റെ തെക്കൻ ചാവടിയിൽ കത്തിത്തീർന്ന ചിതയുടെ ചാരം തിളങ്ങിപ്പറക്കുന്നു. ഇങ്ങ്, കേവലം കാഴ്ചക്കാരെ നോക്കി കൊട്ടിയടച്ച വാതിലിന്നുമപ്പുറത്ത് എരിഞ്ഞൊടുങ്ങിയ പ്രതീക്ഷകളുടെ ആളുന്ന ചിത.... ഭാസ്കര കൽപനകളിൽ ഈണം മുറ്റിയ അക്ഷരങ്ങൾ പൊഴിയുകയായ് - "കറുത്ത തുണിയാൽ മൂടിയ ദിക്കുകൾ സ്മരണാഞ്ജലികൾ നൽകുന്നു..."