ADVERTISEMENT

മണിച്ചിത്രത്താഴിനു വേണ്ടി പാടിയ ‘അക്കുത്തിക്കുത്താനക്കൊമ്പിൽ’ എന്ന പാട്ടിന് ക്രെഡിറ്റ് ലഭിക്കാത്തതിൽ പ്രതികരിച്ച് ഗായകൻ ജി.വേണുഗോപാൽ. സിനിമയിൽ തന്റെ പേരില്ലെങ്കിലും ശബ്ദമുണ്ടെന്നും ക്രെഡിറ്റ് നൽകാത്തതിൽ ആരോടും പരിഭവമില്ലെന്നും അദ്ദേഹം സമൂഹമാധ്യമ കുറിപ്പിലൂടെ വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്കു മുൻപ് വേണുഗോപാലിനെ പിന്തുണച്ചു രംഗത്തെത്തിയ ചിലർക്ക് കമന്റിലൂടെ അദ്ദേഹം മറുപടി നൽകിയിരുന്നു. എന്നാലിപ്പോഴാണ് ഗായകന്റെ ഭാഗത്തു നിന്നും ഔദ്യോഗികമായ പ്രതികരണമുണ്ടാകുന്നത്. 

ജി.വേണുഗോപാലിന്റെ കുറിപ്പ് ഇങ്ങനെ:

അങ്ങനെ ഏതാണ്ട് മുപ്പത്തിയൊന്നു വർഷങ്ങൾക്ക് ശേഷം മണിച്ചിത്രത്താഴിന്റെ പുതിയ ഡിജിറ്റൽ പ്രിന്റ് ഇറങ്ങിയിരിക്കുന്നു. പഴയ ഒരു തെറ്റ് തിരുത്തി ടൈറ്റിൽ കാർഡിൽ പാടിയ എന്റെ പേരും കൂടി ചേർക്കും എന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റ് പറ്റിയിരിക്കുന്നു. പുതിയ പ്രിന്റിലും എന്റെ പേരില്ല. അതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ സുരേഷ് രവീന്ദ്രനെപ്പോലുള്ള സിനിമാസ്വാദകർ കോളമുകൾ എഴുതുന്നു, എഴുതാൻ എന്നെയും നിർബന്ധിക്കുന്നു. തൽക്കാലം എനിക്കറിയാവുന്ന പിന്നാമ്പുറക്കഥ പറയാൻ ഇപ്പോൾ താൽപ്പര്യമില്ല. "ഓർമച്ചെരാതുകൾ " എന്ന എന്റെ സംഗീത സ്മരണകൾ രണ്ടാം വോള്യം ഇറങ്ങുമ്പോൾ പറയാൻ അത് ബാക്കി വയ്ക്കുന്നു. എന്നോടു പറഞ്ഞ ഒരു വിശദീകരണം ഇതാണ്.

"അക്കുത്തിക്കുത്താനക്കൊമ്പിൽ" എന്നു തുടങ്ങുന്ന ഗാനം സിനിമയിൽ മണിച്ചിത്രത്താഴിനുള്ള താക്കോൽ ഉരുക്കാനും നാഗവല്ലിയെ നാട് കാണിക്കാൻ കൊണ്ടുപോകുമ്പോഴും ഷൂട്ട് ചെയ്ത് തയ്യാറാക്കിയതാണ്. പാട്ട് കൂടി സിനിമയിൽ ഉൾപ്പെടുത്തി നോക്കിയപ്പോൾ ഡോ.സണ്ണിയുടെ രംഗപ്രവേശം ഇന്റർവെൽ കഴിഞ്ഞു മാത്രമേ സാധ്യമാകൂ. സണ്ണി ഇന്റർവെല്ലിനു മുൻപ് വരേണ്ടതുള്ളതു കൊണ്ട് പാട്ട് ടൈറ്റിൽ ഗാനമാക്കാൻ തീരുമാനിക്കുന്നു. എന്റെ പേര് വിട്ടു പോകുന്നു. ഇപ്പോഴും വിട്ടു പോയി. അത്രേയുള്ളൂ. 

മണിച്ചിത്രത്താഴിന്റെ സംഗീതവുമായി ബന്ധപ്പെട്ട ഓർമകൾ നിരവധിയുണ്ട്. ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവായ ഞാനാണ് സ്റ്റാഫ് ആർട്ടിസ്റ്റുകള്‍ക്ക് ലീവ് സാങ്ഷൻ ചെയ്യേണ്ടത്. കമ്പോസിങ്ങിന് ലീവ് എടുത്ത് പോയ രാധാകൃഷ്ണൻ ചേട്ടൻ ഒരു ഭ്രാന്തനെ പോലെയാണ് തിരിച്ചെത്തുന്നത്. "ഞാനൊരു ആയുർവേദ ചികിത്സയ്ക്കു പോകുന്നു. എനിക്കീ സിനിമയിൽ നിന്നൊന്നു രക്ഷപ്പെടണമെടാ". വീണ്ടും മൂന്നാഴ്ച ലീവ്. ലീവ് കഴിഞ്ഞ് ചേട്ടൻ: ''അവർ വിടുന്നില്ല, വീണ്ടുമിരിക്കാൻ പോവുകയാണ്".

ഇതിലെ പാട്ടുകളുടെ ഡീറ്റയിൽസ് എല്ലാം എനിക്ക് മനഃപാഠം. കുന്തളവരാളി രാഗത്തിലെ "ഭോഗീന്ദ്രശായിനം പുരുകുശലദായിനം" എങ്ങനെ "ഒരു മുറൈ വന്ത് പാർത്തായ" യിൽ സന്നിവേശിപ്പിച്ചു എന്നും, "വഞ്ചിഭൂമീപതേ ചിര" മിൽ നിന്ന് " അംഗനമാർ മൗലീമണി " ഉണ്ടായതും രാധാകൃഷ്ണൻ ചേട്ടൻ രസകരമായി പാടിപ്പറയുന്ന ഓർമകൾ. ആഹിരി പോലത്തെ വളരെ പരിമിതമായ സാധ്യതകളുള്ള രാഗത്തെ ഒരു മൂന്ന് മിനിറ്റ് സിനിമാപ്പാട്ടിൽ വിളക്കിചേർക്കുന്ന സംഗീത മാജിക്ക്, ഇതൊക്കെ കേൾക്കുമ്പോഴുള്ള കൗതുകം പഴയ കാലത്തേക്കെന്നെ കൂട്ടിക്കൊണ്ടു പോകുന്നു. ചേട്ടന്റെ വീട്ടിൽ ഹാർമോണിയം വായിച്ച് ഈ രണ്ട് പാട്ടുകളും എന്നെക്കൊണ്ട് പാടിച്ച് ദാസേട്ടന് പഠിക്കാനായി കൊടുത്തു വിടുന്നു. "ആരാ രാധാകൃഷ്ണാ ഇത്, ശുദ്ധമായി പാടീട്ടുണ്ടല്ലോ" എന്ന ദാസേട്ടന്റെ വിലപ്പെട്ട കമന്റിനു രാധാകൃഷ്ണൻ ചേട്ടൻ എനിക്കു വാങ്ങിത്തന്നത് ഒരു പാർക്ക് അവന്യു striped shirt!

മണിച്ചിത്രത്താഴിൽ ഏറ്റവും അവസാനം റെക്കാർഡ് ചെയ്യുന്ന ഗാനവും "അക്കുത്തിക്കുത്ത് " ആണ്. ഞാനും ചിത്രയും സുജാതയുമാണ് ഗായകർ. എന്തായാലും വർഷങ്ങൾക്കു ശേഷം ഇറങ്ങിയ പ്രിന്റിൽ തെറ്റ് തിരുത്തിയിട്ടില്ല, പേരില്ല. പക്ഷേ എന്റെ ശബ്ദമുണ്ട്. ഈ ചിത്രത്തിലെ ഗാനങ്ങളുമായി ബന്ധപ്പെടുത്തുന്ന എന്റെ ഓർമകൾക്കു പകരം വയ്ക്കാൻ ഒരു ടൈറ്റിൽ കാർഡിനുമാകുകയും ഇല്ല.

ആരോടും പരിഭവമില്ലാതെ..... VG.

English Summary:

G Venugopal makes clarification on Manichitrathazhu movie song controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com