‘ഗൗരി ഉദ്ദേശിക്കുന്നുവെങ്കിൽ ആ മുതിർന്ന സംഗീതജ്ഞന്റെ പേര് പുറത്തുവരണം’; കുറിപ്പുമായി ഷഹബാസ് അമൻ
Mail This Article
മുതിർന്ന സംഗീതസംവിധായകനിൽ നിന്നും ദുരനുഭവമുണ്ടായെന്നു തുറന്നുപറഞ്ഞ ഗായിക ഗൗരി ലക്ഷ്മിയെ പിന്തുണച്ച് ഷഹബാസ് അമൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയായിരുന്നു ഗൗരിയുടെ വെളിപ്പെടുത്തൽ. അവസരം ലഭിക്കണമെങ്കിൽ വിട്ടുവീഴ്ചയ്ക്കു തയ്യാറാകണമെന്ന് ആവശ്യപ്പെട്ടതോടെ, ഇനി മേലിൽ ആ സംഗീതജ്ഞനു വേണ്ടി പാടില്ലെന്നു തീരുമാനിച്ചുവെന്ന് ഗായിക മനോരമ ഓൺലൈനിനോടു വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഗൗരിക്കു പിന്തുണയുമായി ഷഹബാസ് അമൻ എത്തിയത്. അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വാക്കുകൾ ആരാധകശ്രദ്ധ നേടുകയാണ്.
‘ഗായിക ഗൗരി ലക്ഷ്മി ഒരു മുതിർന്ന സംഗീതസംവിധായകനെതിരെ ഉന്നയിച്ച ആരോപണവും ഗൗരവത്തിലെടുക്കണം. ഗൗരി ഉദ്ദേശിക്കുന്നുവെങ്കിൽ പേര് പുറത്തുവരണം. തന്റെ ജീവിതാനുഭവം ശക്തമായ ഒരു പൊളിറ്റിക്കൽ സോങ് ആയി പ്രസന്റ് ചെയ്തതിനു വിവരമില്ലാത്ത വിഡ്ഢികളുടെ പരിഹാസശരങ്ങളേറ്റ് മുറിപ്പെട്ട് നിൽക്കുന്നവളാണ്. അതിന്റെ ട്രോമയും കണക്കിലെടുക്കണം. അധിക്ഷേപ കമന്റുകളിന്മേൽ നടപടി വേണം. ഒരു പെൺകുട്ടിയുടെ ധീരമായ മുന്നോട്ടുപോക്കിന് യാതൊന്നും തടസ്സമാകരുത്. പ്രിയ ഗൗരീ, നീ അടിപൊളിയാണ്. ഗംഭീര ഗായികയാണ്. വ്യക്തമായി കാര്യങ്ങൾ പറയുന്നു. മ്യൂസിക്കിൽ നീ എന്ത് ചെയ്തെന്നതിന് ചരിത്രത്തിന്റെ കോടതിയിൽ കാലം സാക്ഷി പറഞ്ഞോളും. പോകൂ, പൊളിച്ചടുക്കി മുന്നോട്ട്!’, ഷഹബാസ് അമൻ കുറിച്ചു.
സംഗീതസംവിധായകനെതിരെയുള്ള ഗൗരി ലക്ഷ്മിയുടെ തുറന്നുപറച്ചിൽ ഏറെ ചർച്ചയായിരുന്നു. ‘കോംപ്രമൈസ്’ എന്ന വാക്ക് സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലുമുണ്ടെന്നും അതിനു വഴങ്ങാത്തതിന്റെ പേരിൽ തനിക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നതിൽ ദുഃഖമില്ലെന്നും കിട്ടിയ പാട്ടുകളിൽ സംതൃപ്തയാണെന്നും ഗൗരി മനോരമ ഓൺലൈനിനോടു പ്രതികരിച്ചിരുന്നു. സ്വന്തം ജീവിതത്തിലുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ഗൗരി ലക്ഷ്മി പുറത്തിറക്കിയ ‘മുറിവ്’ എന്ന പാട്ട് ഏറെ ചർച്ചയായതാണ്.