‘അടുത്ത ജന്മം എനിക്കു മാത്രമായ് അവനെ തിരിച്ചു തരണം’; അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു, നമ്മുടെയും!
Mail This Article
അടുത്ത ജന്മമെങ്കിലും
തിരിച്ചുതരുമോ നീ
എന്റെ പ്രണയത്തെ?
ഫോർട്ട്‌കൊച്ചിയിലെ ജൂതത്തെരുവിലൂടെയുള്ള ഓരോ വഴിനടത്തത്തിലും ഞാൻ തിരയുന്നൊരു മുഖമുണ്ടായിരുന്നു. വെള്ളാരം വെയിലുദിച്ച പോലെ തെളിച്ചമുള്ള കണ്ണുകൾ. എത്ര ചീകിവിടർത്തിയാലും ചുരുൾനിവരാൻ മടിക്കുന്ന സ്വർണ മുടിയിഴകൾ. ചിലപ്പോൾ ഒരു പൂക്കച്ചവടക്കാരിയായി, അല്ലെങ്കിൽ കൗതുകവസ്‌തുക്കളുടെ വിൽപനക്കാരിയായി. അല്ലെങ്കിൽ ഫോർട്ടുകൊച്ചിയുടെ ജൂതചരിത്രം കാഴ്‌ചക്കാർക്കു പറഞ്ഞുകൊടുക്കുന്ന ടൂറിസ്‌റ്റ് ഗൈഡായി.. എപ്പോഴെങ്കിലും ജെന്നിഫറിനെ കണ്ടുമുട്ടുമെന്നു കരുതി.. ഓർക്കുന്നില്ലേ ഗ്രാമഫോൺ എന്ന ചിത്രത്തിലെ ആ ജൂതപ്പെൺകുട്ടിയെ? ജെന്നിഫറിനെ ഇസ്രയേലിൽ നിന്നൊരു യഹൂദയുവാവിനു വിവാഹം ചെയ്‌തയച്ചിട്ടു വേണം ഗ്രാൻഡ്‌പായ്‌ക്കും മറ്റുള്ളവർക്കും ഇസ്രയേലിലേക്കു പറക്കാൻ. പക്ഷേ അവർക്കാർക്കും അറിയില്ലല്ലോ അങ്ങനെ എളുപ്പം വിട്ടുപോകാവുന്ന ഒരിടമായിരുന്നില്ല അവൾക്ക് ആ തെരുവെന്ന്. അല്ലെങ്കിലും അവൾക്കു മാത്രമായ് പ്രണയത്തിന്റെ വാഗ്‌ദത്ത ഭൂമിയൊരുക്കിയ സച്ചി എന്ന ചെറുപ്പക്കാരനെ അവിടെ തനിച്ചാക്കി പോകുന്നതെങ്ങനെ?
പഴയ ഗ്രാമഫോൺ റെക്കോർഡുകളുടെ സൂക്ഷിപ്പും വിൽപനയുമായി കഴിയുകയായിരുന്നു സച്ചി. കടബാധ്യതകൾ അവശേഷിപ്പിച്ചു യാത്രയായ അച്‌ഛന്റെ സംഗീതത്തോടും അയാൾക്കു വെറുപ്പുമാത്രമായിരുന്നു മനസ്സിൽ. എന്നിട്ടും എന്നു മുതൽക്കാണ് ജെന്നിഫറിനു മാത്രം കേൾക്കാ ഉച്ചത്തിൽ അയാൾ പ്രണയം പാടിത്തുടങ്ങിയത്... അവൾ വരുമ്പോൾ, അടുത്തിരിക്കുമ്പോൾ, സച്ചിയുടെ കടയിലെ പൊടിപിടിച്ച ഗ്രാമഫോണുകളിലത്രയും പാട്ടീണങ്ങൾ വന്നു വീർപ്പുമുട്ടും. അയാൾ അവളുടെ പ്രണയമാകും.
അപ്പോഴും അവർക്കിരുവർക്കുമറിയാം. ഇസ്രയേലിൽ നിന്നൊരു വിളി വന്നാൽ അവൾക്ക് സച്ചിയെ എന്നേക്കുമായി വിട്ടു പോയേ മതിയാകൂ. അന്നു തീരാനുള്ളതേയുള്ളു ആ ഗ്രാമഫോൺ റെക്കോർഡുകളുടെ പാട്ടുപാടൽ. കുറുമ്പുകാട്ടിയും ചിരിച്ചും പിണങ്ങിയുമുള്ള അവരുടെ കൂട്ടുകൂടൽ. അതുകൊണ്ടുതന്നൊണ് ജെന്നിഫർ സച്ചിക്കുവേണ്ടി അവളെ പോലൊരു പെൺകുട്ടിയെ തിരയുന്നതും. ആ തിരച്ചിൽ അവസാനിക്കുന്നത് പൂജയെ കണ്ടുമുട്ടുന്നതോടെയാണ്. ‘‘ഈയുള്ളിലുള്ള ആളെ എനിക്കുതന്നാൽ ഇയാളെന്തു ചെയ്യും’’ എന്നു ജെന്നിഫറിനോടു കളിയാക്കി ചോദിക്കുന്നുണ്ട് പൂജ. അടുത്ത ജന്മം എനിക്കു മാത്രമായ് സച്ചിയെ തിരിച്ചു തന്നാൽ മതിയെന്നു ജെന്നിഫർ മറുപടി നൽകുമ്പോൾ എന്തിനായിരിക്കാം വെറുതെ എന്റെ കണ്ണുകൾ നിറഞ്ഞത്?
ഗാനം: വിളിച്ചതെന്തിനു വീണ്ടും
ചിത്രം: ഗ്രാമഫോൺ
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
ആലാപനം:യേശുദാസ്
വിളിച്ചതെന്തിനു വീണ്ടും വെറുതെ
വിളിച്ചതെന്തിനു വീണ്ടും?
നേർത്തൊരു പാട്ടിന്റെ നൊമ്പരം കൊണ്ടെന്നെ
വിളിച്ചതെന്തിനു വീണ്ടും
വെറുതേ നീ വെറുതെ?
ആകാശം കാണാതെ നീ ഉള്ളിൽ സൂക്ഷിക്കും
ആശ തൻ മയിൽപ്പീലി പോലെ
ഈറനണിഞ്ഞ കിനാവുകൾക്കുള്ളിലീ
ഇത്തിരി സ്‌നേഹത്തിൻ കവിത പോലെ
വിരിഞ്ഞതെന്തിനു വീണ്ടും നെഞ്ചിൽ
അലിഞ്ഞതെന്തിനു വീണ്ടും?
അജ്‌ഞാതമാമൊരു തീരത്തു നിന്നോ
ആഴി തൻ മറുകര നിന്നോ
ജന്മങ്ങൾക്കപ്പുറം പെയ്‌തൊരു മഴയുടെ
മർമരം കേൾക്കുമീ മനസിൽ നിന്നോ?
മറഞ്ഞതെന്തിനു വീണ്ടും എങ്ങോ
മറന്നതെന്തിനു വീണ്ടും?