ADVERTISEMENT

ഗായകനും ജൊനാസ് ബ്രദേഴ്സിലെ രണ്ടാമനുമായ ജോ ജൊനാസിന്റെ പുതിയ സംഗീത ആൽബം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ‘മ്യൂസിക് ഫോർ പീപ്പിൾ ഹു ബിലീവ് ഇൻ ലവ്’ എന്ന പേരിലാണ് പാട്ടൊരുക്കിയിരിക്കുന്നത്. ആൽബത്തിന്റെ ടൈറ്റിൽ കേട്ടപ്പോൾ മുതൽ ജോ, മുൻഭാര്യ സോഫി ടേണറെ ലക്ഷ്യം വച്ചൊരുക്കിയ ഗാനമാണിതെന്ന തരത്തിൽ ചർച്ചകൾ തലപൊക്കിയിരിക്കുകയാണ്. അഭ്യൂഹങ്ങൾ ശക്തമായതോടെ ജോ ജൊനാസ് തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി. 

‘ഈ ഗാനം ആരെയും ലക്ഷ്യം വച്ചൊരുക്കിയതല്ല. ചില സമയങ്ങൾ ഭയാനകമാണ്, ചിലത് സ്വതന്ത്രമാക്കലിന്റേതും. ഈ ആൽബത്തിൽ ആരെയും ഉന്നം വയ്ക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് അതിമനോഹരമായ ഒരു ജീവിതമുണ്ട്. അതിൽ ഞാൻ നന്ദിയുള്ളവനാണ്. ഞാൻ രണ്ട് സുന്ദരികളായ പെൺമക്കളുടെ പിതാവാണ്. അതിൽ ഞാൻ സന്തോഷിക്കുന്നു. ജീവിതത്തിൽ അങ്ങേയറ്റം സന്തുഷ്ടനാണ്. എന്റെ സംഗീതജീവിതവും അങ്ങനെതന്നെ. ഇതുവരെ കടന്നുവന്ന യാത്ര തികച്ചും മനോഹരമാണ്’, ജോ ജൊനാസ് പറഞ്ഞു. 

മൂന്ന് വർഷം നീണ്ട ഡേറ്റിങ്ങിനൊടുവിൽ 2019 മേയ് 1നായിരുന്നു ജോ ജൊനാസും സോഫി ടേണറും വിവാഹിതരായത്. ലാസ് വേഗസിൽ വച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം. 2020 ജൂലൈയിൽ ഇരുവരും ആദ്യ കുഞ്ഞിനെ സ്വീകരിച്ചു. വില്ല എന്നാണ് മകൾക്കു പേരിട്ടിരിക്കുന്നത്. 2022ൽ സോഫിയും ജോയും രണ്ടാമത്തെ മകൾക്കു ജന്മം നൽകി. ഡെൽഫിന്‍ എന്നാണു കുഞ്ഞിന്റെ പേര്. 

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് തങ്ങൾ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്ന് ജോ ജൊനാസും നടിയും മോഡലുമായ സോഫി ടേണറും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ വിവരം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ജോയും സോഫിയും പൊതുവേദികളിൽ എല്ലായ്പ്പോഴും ഒരുമിച്ചെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നായിരുന്നു ആരാധകരുടെ വിശ്വാസം. എന്നാല്‍ സോഫിക്കും ജോയ്ക്കുമിടയില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. വിവാഹമോചിതരാകാൻ തീരുമാനിച്ചതോടെ മക്കളുടെ സംരംക്ഷണം സോഫിയും ജോയും തുല്യമായാണ് ഏറ്റെടുത്തിരിക്കുന്നത്.

ജോ ജൊനാസുമായി വേർപിരിഞ്ഞ് 2 മാസം പിന്നിട്ടപ്പോൾ തന്നെ സോഫി ടേണർ പുതിയ പ്രണയം പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടിഷ് രാജകുടുംബത്തിലെ അവകാശിയായ ജോൺ ഡിക്കിൻസൺ പിയേഴ്സണ്‍ ആണ് സോഫി ടേണറിന്റെ പുതിയ പങ്കാളി. പിയേഴ്സനെ ചേർത്തുടിപിച്ചു ചുംബിക്കുന്ന സോഫിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. 

English Summary:

Joe Jonas makes clarification on rumours of new song Music for People Who Believe in Love

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com