‘കറുകറെ കറുത്തൊരു കാടാണേ...’; വിധു പ്രതാപിന്റെ സ്വരഭംഗിയിൽ ‘കൂവി’യിലെ പാട്ട്
Mail This Article
‘കൂവി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘കറുകറെ കറുത്തൊരു കാടാണേ’ എന്നു തുടങ്ങുന്ന പാട്ടിന് ബി.കെ.ഹരിനാരായണൻ ആണ് വരികൾ കുറിച്ചത്. പി.എസ്.ജയഹരി ഈണമൊരുക്കിയ ഗാനം വിധു പ്രതാപ് ആലപിച്ചു. മനോരമ മ്യൂസിക് ആണ് പാട്ട് ഒദ്യോഗികമായി പുറത്തിറക്കിയത്.
‘കറുകറെ കറുത്തൊരു കാടാണേ
കാടൊരു കൂടാണേ
ആതിനുള്ളിലിരിക്കണതെന്താണേ
ആയിരം നേരാണേ
അതുകണ്ടേ പോരാല്ലോ
അകം കൊണ്ടേ പോരാല്ലോ....’
പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്. ഉരുൾപൊട്ടലിനെത്തുടർന്ന് ദുരന്തഭൂമിയായി മാറിയ പെട്ടിമുടിയിൽ, ഉടമസ്ഥരെ തിരഞ്ഞുനടന്ന കൂവി എന്ന നായ മലയാളികളെ ഏറെ കരയിപ്പിച്ചതാണ്. ആ നായയുടെ വേദന നിറയ്ക്കും അന്വേഷണകഥയാണ് ‘കൂവി’ എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്.
സഖിൽ രവീന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പേൾ മൂവീസിന്റെ ബാനറിൽ ഡോ.റാണി.വി.എസ് ചിത്രം നിർമിക്കുന്നു. ഡോക്യുമെന്ററി ഫിക്‌ഷൻ മാതൃകയിലാണ് ‘കൂവി’ ഒരുങ്ങുന്നത്. ചലച്ചിത്ര മേളകളിൽ ആയിരിക്കും ചിത്രം പ്രദർശിപ്പിക്കുക. ഐ.എം.വിജയനാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.