‘ദാമ്പത്യം ഒരു ഗണിതമത്രേ’ എന്ന് പങ്കാളി, മനസ്സിലായ പോലെ നിൽക്കാമെന്ന് സിത്താര; രസിപ്പിച്ച് വിഡിയോയും
Mail This Article
17ാം വിവാഹവാർഷികം ആഘോഷിച്ച് ഗായിക സിത്താര കൃഷ്ണകുമാറും ഭർത്താവ് ഡോ.സജീഷും. സിത്താരയ്ക്കൊപ്പമുള്ള വിഡിയോ പങ്കിട്ട് സജീഷ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ‘ബല്ലാത്ത ജാതി’ എന്ന ട്രെൻഡിങ് പാട്ട് പശ്ചാത്തലത്തിൽ ചേർത്തു പങ്കുവച്ച വിഡിയോയ്ക്കു രസകരമായ കമന്റുമായി സിത്താര എത്തി. ‘ഈ വിവാഹ വാർഷികനാളിൽ ഗായിക സിത്താര, ജീവിത പങ്കാളി സജീഷിനോടു പറഞ്ഞതു കേട്ടാൽ നിങ്ങൾ ഞെട്ടും’ എന്ന് സജീഷും വിഡിയോയ്ക്കൊപ്പം സരസമായി കുറിച്ചു.
കുറിപ്പിൽ നിന്ന്:
സമം, സമരം, രസം, സമരസം! പ്രായത്തോടൊപ്പം പ്രണയവും പോരാ പോരാ എന്ന പോരാട്ടങ്ങളും പതിന്മടങ്ങ് പെരുകിയ പതിനേഴ് സംവത്സരങ്ങൾ പിന്നിട്ടിരിക്കുന്നു...! പരസ്പരം പറയാതെ, അറിയുന്ന പൊരുളുകൾ... പാഠങ്ങൾ... ഒരേസമയം അടുക്കുകയും അകലുകയും ചെയ്യുന്ന കാന്തികതയുടെ ഭൗതിക ശാസ്ത്രം. അസന്തുലിതാവസ്ഥകളിൽ നിന്നും സ്വയം കലങ്ങിത്തെളിയുന്ന സന്തുലിതങ്ങളുടെ രസതന്ത്രം.
ജീവനത്തിൽ നിന്ന് അതിജീവനത്തിലേക്ക് ജീവിപ്പിക്കുന്ന ജീവകങ്ങളുടെ ജനിതകഭേദം. ദാമ്പത്യം ഒരു ഗണിതമത്രേ! ഗുണിച്ചാലും ഹരിച്ചാലും കൂട്ടിയാലും കിഴിച്ചാലും ഒരുത്തരവും കിട്ടാത്ത കണക്കിലെ ഒരു കളി. ജീവിതമാകുന്ന ജാലവിദ്യ തുടരുന്നു. വേദിയിൽ നീയും, സദസ്സിൽ ഞാനും-തിരിച്ചും. തിരശ്ശീലകളില്ലാതെ... ആനിവേഴ്സറി ആശംസകൾ. ഈ വിവാഹ വാർഷികനാളിൽ ഗായിക സിത്താര, ജീവിത പങ്കാളി സജീഷിനോടു പറഞ്ഞതു കേട്ടാൽ നിങ്ങൾ ഞെട്ടും. വിഡിയോ കാണുക’.
സജീഷിന്റെ സമൂഹമാധ്യമ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്നു രംഗത്തെത്തുന്നത്. ‘സജി, എന്ത്.... അല്ലെങ്കി വേണ്ട, മനസ്സിലായ പോലെ നിക്കാം. ഹാപ്പി ആനിവേഴ്സറി. നീ നന്നായി വാ’ എന്നാണ് സജീഷിന്റെ കുറിപ്പിനോടു സിത്താര പ്രതികരിച്ചത്.