ADVERTISEMENT

ലിപ്സിങ്ക് വിഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ടാൻസാനിയൻ താരം കിലി പോളിന്റെ പുതിയ മലയാളം പാട്ടിന്റെ അനുകരണവും ശ്രദ്ധ നേടുന്നു. ‘വർണപ്പകിട്ട്’ എന്ന ചിത്രത്തിലെ ‘മാണിക്ക്യക്കല്ലാൽ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം’ എന്ന സൂപ്പർഹിറ്റ് പാട്ടിനൊപ്പം ചുണ്ടുകൾ ചലിപ്പിക്കുന്ന വിഡിയോ ആണ് കിലി ഇക്കുറി പങ്കുവച്ചിരിക്കുന്നത്. പതിവു പോലെ തന്നെ പരമ്പരാഗത വേഷം ധരിച്ചാണ് കിലി ക്യാമറയ്ക്കു മുന്നിലെത്തിയത്. 

മലയാളം പാട്ടുകളുടെ ലിപ്സിങ്ക് വിഡിയോകൾ പതിവായി പോസ്റ്റു ചെയ്യുന്ന കിലി പോളിനെ, മലയാളികൾ ‘ഉണ്ണിയേട്ടൻ’ എന്ന ഓമനപ്പേരിലാണ് വിളിക്കുന്നത്. ആ പേര് ഇഷ്ടപ്പെട്ടതുകൊണ്ടാവാം ഇപ്പോൾ പോസ്റ്റ് ചെയ്യുന്ന മലയാള വിഡിയോകളിൽ കിലി ‘ഉണ്ണിയേട്ടൻ’ എന്ന് അടിക്കുറിപ്പെഴുതാറുണ്ട്. കിലിയുടെ പുതിയ മലയാളം റീലും പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. കമന്റ് ബോക്സിൽ മലയാളികൾ കളം നിറഞ്ഞിരിക്കുകയാണ്. 

ഇതിനിടെ, കിലി കേരളത്തിലെത്തിയോ എന്നു ചിലർ സംശയത്തോടെ ചോദിക്കുന്നുണ്ട്. കേരളത്തിലെ ഉദ്യാനങ്ങളിലും വീടുകളിലും ധാരാളമായി കണ്ടുവരുന്നു അലങ്കാര സസ്യമായ പൂച്ചവാലൻ ചെടിയും (Acalypha hispida) പപ്പായ തൈകളും കിലിയുടെ വിഡിയോയുടെ പശ്ചാത്തലത്തിൽ കണ്ടതോടെയാണ് പലരും ഇത്തരമൊരു സംശയം പ്രകടിപ്പിച്ചത്. എന്നാൽ കിലി ആഫ്രിക്കയിൽ തന്നെയാണെന്നു ചിലർ ഉറപ്പിച്ചു പറയുന്നു. കിലിയുടെ കൂടെ ഒരു മലയാളിയുണ്ടായിരിക്കുമെന്നാണ് മറ്റു ചിലരുടെ വാദം. 

ഷേർഷയിലെ ‘തേരി മേരി ഗല്ലാൻ ഹോയി മഷ്ഹൂർ’ എന്ന ഹിറ്റ്‌ ട്രാക്കിന് ചുണ്ടനക്കിയാണ് കിലി പോൾ സമൂഹമാധ്യമലോകത്തിന്റെ ശ്രദ്ധ നേടിയത്. ഇന്ന് 10.1 മില്യൻ ആളുകൾ കിലിയെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നു. ഇതിൽ താരങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖരുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഗാനങ്ങൾക്കൊക്കെയനുസരിച്ച് ചുണ്ടുകളനക്കുമെങ്കിലും കിലിക്ക് മലയാള ഗാനങ്ങളോടു പ്രത്യേക ഇഷ്ടമാണ്. മലയാളം പാട്ടുകൾക്കൊപ്പമുള്ള വിഡിയോകളാണ് ഇൻസ്റ്റഗ്രാമിൽ കൂടുതലായും പങ്കുവയ്ക്കാറുള്ളത്. 

ഏതാനും ആഴ്ചകൾക്കു മുൻപ് ആവേശത്തിലെ ‘ഇലുമിനാറ്റി’ പാട്ടിനൊപ്പമുള്ള ലിപ് സിങ്ക് വിഡിയോ കിലി പോൾ പങ്കുവച്ചതും വൈറലായിരുന്നു. മീശമാധവനിലെ ‘കരിമിഴിക്കുരുവിയെ കണ്ടീലാ’, ‘കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ’ തുടങ്ങിയ പാട്ടുകൾക്കൊപ്പം കിലി പോസ്റ്റ് ചെയ്ത വിഡിയോകളും മലയാളി ആരാധകർക്കിടയിൽ ചർച്ചയായി. അടുത്തിടെ കിലി പോൾ ഇന്ത്യ സന്ദർശിച്ചിരുന്നു. അഹമ്മദാബാദിൽ ഒരു സ്വകാര്യ വിവാഹവിരുന്നിൽ പങ്കെടുക്കാനാണ് കിലി എത്തിയത്. എപ്പോഴെങ്കിലും ‘ഉണ്ണിയേട്ടൻ’ എന്ന കിലി കേരളത്തിലുമെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

English Summary:

Kili Paul shares the lip sync video of Manikya Kallal song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com