‘ഓണച്ചിറകേറി’ വന്നൊരു ഈണം! രാജീവ് ആലുങ്കലിന്റെ വരികൾക്ക് ശരത്–ചിത്ര കോംബോ
Mail This Article
ഒരു പൊന്നോണത്തെക്കൂടെ വരവേൽക്കാൻ മലയാള മണ്ണ് ഒരുങ്ങിക്കഴിഞ്ഞു. ഓണമെന്നാൽ പാട്ടുകളുടെ ആഘോഷവേള കൂടിയാണ്. ‘ഓണച്ചിറകേറി വരുന്നൊരു’ എന്ന പാട്ടീണമാണ് ഇപ്പോൾ ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്നത്. രാജീവ് ആലുങ്കലിന്റെ വരികൾക്ക് ശരത് സംഗീതം പകർന്നു. കെ.എസ്.ചിത്രയും ശരത്തും ചേർന്നാണു ഗാനം ആലപിച്ചത്.
ഓണച്ചിറകേറി വരുന്നൊരു
നീലനിലാക്കളിയോടം കണ്ടോ...?
ഓർമ്മക്കിളി വാതിലിലൂടൊരു പൂവിളിയെങ്ങാൻ കേൾക്കുന്നുണ്ടോ"...?
ഓടത്തണ്ടൂതിയ കാറ്റിന് കൂട്ടുവരാനൊരു പെണ്ണാളുണ്ടോ
ഓട്ടുവളക്കൈകളിലേന്തിയ
പൂവിന് പുഞ്ചിരി കൊഞ്ചാറുണ്ടോ
ചെമ്പകകാവിൽ തുമ്പികൾക്കായി
തമ്പുരാൻ തന്നെ ചുംബനക്കാലം..!
തിനവയലിനു മിറമ്പിൽ
കുടമരത്തിൽ
ചെറുചിങ്ങകുയിൽ ഈണം കുറുകി...
പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. കെ.എസ്.ചിത്ര–ശരത് കോംബോ കേട്ടതിന്റെ സന്തോഷത്തിലാണ് ആസ്വാദകർ. ബിജു പൗലോസും ശരത്തും ചേർന്നാണ് കീബോർഡ് പ്രോഗ്രാമിങ് നിർവഹിച്ചത്. റിഥം പ്രോഗ്രാമിങ്: രഞ്ജിത്. അശ്വിൻ ആണ് മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്. വിനു.വി.നായർ ഗാനരംഗങ്ങളുടെ ചിത്രീകരണവും പ്രിയദർശൻ പി.ജി എഡിറ്റിങ്ങും നിർവഹിച്ചു.