'ആരും ലയിച്ചിരുന്നു പോകും', മഞ്ഞു പോലെ 'വിഹാര': വിഡിയോ
Mail This Article
ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന സംഗീതവുമായി 'വിഹാര' മ്യൂസിക് വിഡിയോ. നവാഗതനായ അജിത് കെ.സുബ്രഹ്മണ്യൻ ഈണം പകർന്ന ഗാനം കെ.കെ നിഷാദിന്റെ മാന്ത്രിക ശബ്ദത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. നിഷാദിനൊപ്പം സാധിക.കെ.ആറും ആലാപനത്തിൽ പങ്കു ചേരുന്നു. 'ആകാശമായവളെ' എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ നിധീഷ് നടേരിയുടേതാണ് വരികൾ.
പ്രണയത്തിന്റെ തീവ്രഭാവങ്ങൾ വരികളിലും സംഗീതത്തിലും നിറയുന്ന അത്യപൂർവ അനുഭവമാണ് മ്യൂസിക് വിഡിയോ സമ്മാനിക്കുന്നത്. മെലഡിയുടെ അതിലോലമായ തലങ്ങളിലൂടെ ഭാവാർദ്രമായി സഞ്ചരിക്കുകയാണ് ഗായകർ. പതിയെ തുടങ്ങി അപ്രതീക്ഷിതമായി ആർത്തലച്ചു പെയ്യുന്ന മഴ പോലെ സംഗീതാസ്വാദകരുടെ മനസിൽ നിറയുകയാണ് ഗാനം. കെ.കെ നിഷാദിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് 'വിഹാര' റിലീസ് ചെയ്തിരിക്കുന്നത്.
മികച്ച പ്രതികരണങ്ങളാണ് ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. 'നന്നായി, എല്ലാവർക്കും അഭിനന്ദനം' എന്നായിരുന്നു കവിയും ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ കമന്റ്. അടുത്ത കാലത്തു കേട്ട ഏറ്റവും ഹൃദ്യമായ പാട്ടാണിതെന്ന് ആസ്വാദകർ കുറിച്ചു.