ADVERTISEMENT

"യേശുദാസിനു വച്ചിട്ടുള്ള ഒരു പാട്ടിന് ട്രാക്ക് പാടിയിട്ട് പോകാമോ?" ഒരു ഫലിതഗാനം പാടാനെത്തിയ ചെറുപ്പക്കാരനോട് സ്വതവേയുള്ള ഗൗരവത്തിന്റെ മേമ്പൊടിയിൽ ദേവരാജൻ മാസ്റ്ററിന്റെ ചോദ്യമുയർന്നു. "ഓ, പാടാമല്ലോ.'' - അവസരങ്ങളെ തേടി ഇങ്ങ് ഹൈദരാബാദ് വരെ വന്നിരിക്കുന്ന ആ ചെറുപ്പക്കാരന് തികഞ്ഞ വിനയത്തിൽ മറുപടി പറയാൻ രണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു. 

സ്റ്റുഡിയോയ്ക്കുള്ളിൽ എത്തിയ ആ യുവാവിനെ കാര്യങ്ങൾ പറഞ്ഞേൽപിക്കാൻ ദേവരാജൻ മാസ്റ്റർക്ക് ഒട്ടും പാടുപെടേണ്ടി വന്നില്ല. ആദ്യം ഒന്നുപാടിക്കഴിഞ്ഞപ്പോൾ പിന്നണിക്കാരെ നോക്കി മാഷിന്റെ കയ്യാംഗ്യം ഉയർന്നു. "ഒന്നൂടെ ഒന്നു പാടിക്കേടാ, ഓർക്കസ്ട്ര ഇട്ട് നോക്കട്ടെ...." - പാട്ടുകാരനോടായിരുന്നു അടുത്ത നിർദേശം. അവൻ വീണ്ടും പാടി.... മാഷിന്റെ ഉള്ളം തെളിഞ്ഞെങ്കിലും അതു പുറത്തുകാട്ടാതെ ഒരു വട്ടം കൂടി അവനെക്കൊണ്ട് പാടിപ്പിച്ചേ ആ കണിശക്കാരൻ അടങ്ങിയുള്ളു.

പറഞ്ഞുകൊടുത്തതുപോലെ...  ഒരുപക്ഷേ അതിനേക്കാൾ ഭംഗിയിൽ, വരികളിൽ ഭാവത്തെയെത്തിക്കാൻ ആ മൂന്ന് ടേക്കിൽ കൂടുതൽ അന്ന് അവന് വേണ്ടിവന്നില്ല. "മതി, ഇനി പൈസയും മേടിച്ച് പൊയ്ക്കോ, ദാസ് ഇപ്പം വരും..." പതിഞ്ഞ ശബ്ദത്തിൽ, മുഖത്തുപോലും നോക്കാതെ നിർവികാര ഭാവവുമായി മാഷ് അവനെ കൺസോളിൽ നിന്നും പറഞ്ഞുവിട്ടു. പുറത്തിറങ്ങിയ ചെറുപ്പക്കാരൻ പ്രതിഫലമായി കിട്ടിയ അൻപതു രൂപയും പോക്കറ്റിലിട്ട് അല്പനേരംകൂടി അവിടെ ചുറ്റിപ്പറ്റി നിന്നു. 

പി.ജയചന്ദ്രൻ ∙ചിത്രം മനോരമ
പി.ജയചന്ദ്രൻ ∙ചിത്രം മനോരമ

"ടാ, പാട്ട് നന്നായിരുന്നു കേട്ടോ." - നീട്ടി മുറുക്കിത്തുപ്പുന്ന ഒരു ശബ്ദത്തോടൊപ്പം വന്ന പ്രശംസാവാക്കുകൾ കേട്ട് അമ്പരപ്പോടെ അവൻ ചുറ്റും നോക്കി. മുറിക്കു പുറത്തേക്കുവന്ന എം.കൃഷ്ണൻ നായരെ അപ്പോഴാണ് കണ്ടത്. "ആ രണ്ടാമത്തെ പാട്ട്...." അർദ്ധോക്തിയിൽ നിർത്തി താൻ പാടിയതിനെപ്പറ്റിയുള അഭിപ്രായം അറിയാൻ ചോദ്യരൂപേണ അവൻ കൃഷ്ണൻ നായരെ ഒന്നു നോക്കി. "അതും നന്നായിരുന്നു." - പെട്ടെന്നായിരുന്നു മറുപടി. 'നന്നായിരുന്നു' എന്ന വാക്കിന് പ്രത്യേക ഊന്നൽ നൽകിയത് അവൻ ശ്രദ്ധിച്ചു. "ആ പാട്ട് എനിക്ക് തന്നിരുന്നെങ്കിൽ...."   താൻ വന്നുപെട്ടിരിക്കുന്ന സിനിമയുടെ സംവിധായകനാണ് മുമ്പിൽ മുറുക്കിച്ചുവപ്പിച്ച് നിൽക്കുന്നതെന്ന് അറിയാവുന്നതുകൊണ്ട് ഭവ്യതയും അല്പം ജാള്യതയും കലർന്ന ഭാവത്തിൽ തന്റെ ആഗ്രഹം മടിച്ചു മടിച്ച് അവതരിപ്പിക്കാൻ അവൻ ശ്രമിച്ചു. പറയാൻ തുടങ്ങിയ വാചകം മുഴുമിപ്പിക്കാനാവും മുമ്പേ, "ഹ, ഹ, ഹ......" ഒരു ചിരിയായിരുന്നു അക്കാലത്തെ നിരവധി ഹിറ്റുകളുടെ സ്രഷ്ടാവിൽ ആദ്യം ഉയർന്നത്. "എടാ അത് നിനക്കുള്ള പാട്ടുതന്നെ ആയിരുന്നു." ചിരിക്കുപിന്നാലെയെത്തിയ മറുപടിയിൽ ആ ഇരുപത്തൊന്നുകാരന് അവിശ്വസനീയതമുറ്റിയ അന്ധാളിപ്പ്! "മാഷ് പറഞ്ഞത് അത് ദാസേട്ടനുള്ള ട്രാക്കാണെന്നാണല്ലോ!" - വിശ്വാസം വരാതെ  അവൻ കൃഷ്ണൻ നായരുടെ മുഖത്തേക്കു പിന്നെയും നോക്കി. "അതൊക്കെ ദേവരാജന്റെ അടവല്ലേ." താംബൂലച്ചുവപ്പണിഞ്ഞ ചുണ്ടിൽ വീണ്ടും ഒരു തമാശച്ചിരി ചിതറി.

മഞ്ഞലയിൽ മുങ്ങിത്തോർത്തിയ ഒരു ധനുമാസ ചന്ദ്രിക പിറക്കുകയായിരുന്നു അന്നവിടെ.  പാട്ടുലോകത്തിലേക്ക് ഭാവാത്മക സ്വരഭംഗിയിലൂടെ ശ്രോതാക്കളുടെ ഹൃദയം കവരാൻ കച്ചകെട്ടിയിറങ്ങിയ പി.ജയചന്ദ്രൻ എന്ന മലയാളത്തിന്റെ ഏക ഭാവഗായകൻ... യേശുദാസ് ഉള്ളപ്പോൾ മറ്റൊരു ഗായകനെ എന്തിനു പരീക്ഷിക്കണമെന്നു ചോദിച്ചിരുന്ന സിനിമാ ലോകത്തിൽ ഒരു വിസ്മയം പോലെ ചുവടുറപ്പിക്കുകയായിരുന്നല്ലോ ആ ധനുമാസ ചന്ദ്രിക!

'കുഞ്ഞാലി മരയ്ക്കാറി'നു ശേഷം 'കളിത്തോഴ' (1966) നുവേണ്ടി  ഭാസ്കരൻ മാഷിന്റെ വരികളെ ഏറ്റുപാടാനെത്തുമ്പോൾ കൈമുതലായുണ്ടായിരുന്ന ആത്മവിശ്വാസം ചെറുതായിരുന്നില്ല. ബി.എ.ചിദംബരനാഥ് ആയിരുന്നു ആ ശ്രുതിഭംഗിക്കു സിനിമയിലേക്ക് ആദ്യാവസരം നൽകിയതെങ്കിലും ആസ്വാദകർ ആദ്യം കേട്ടതും അവരുടെ ഹൃദയങ്ങളിൽ ഇടം പിടിച്ചതും ദേവരാജൻ മാഷിന്റെ ഈണത്തിനായി പകർന്ന സ്വരഭാവത്തെയാണ്!

ഒരു തലമുറയുടെ താരജോടീസങ്കൽപങ്ങളിലെ അസൂയപ്പെടുത്തുന്ന പൂർണതയായ, ഏറ്റവും കൂടുതൽ സിനിമകളിൽ ജോടികളായി അഭിനയിച്ചതിന്റെ ഗിന്നസ് റെക്കോഡും സ്വന്തമാക്കിയ നസീറും ഷീലയുമാണ് അരങ്ങത്ത്. ഏതോ തെറ്റിദ്ധാരണയുടെ പേരിൽ അകന്നുപോയ നായകൻ തന്റെ പ്രിയപ്പെട്ടവളിൽ നിന്നും ഒരു പിൻവിളിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. പക്ഷേ, നിരാശയുടെ കനംതൂങ്ങിയ ആ കാത്തിരിപ്പിനെ അതേ ഭാരത്തിൽ വരച്ചിടാൻ ഒരുമ്പെട്ട ഭാസ്കരൻ മാഷ് വരികളെ അത്ര വിഷാദമയമാക്കിയില്ല. കഥാഗതിക്കനുസരിച്ച് ഈണം മെനയുന്നതിൽ അതിസാമർഥ്യം പുലർത്തിയ ദേവരാജൻ മാഷിന് തന്റെ കണക്കുകൂട്ടലുകളിൽ പിശകും പറ്റിയില്ല. ഫലത്തിൽ തലമുറഭേദമില്ലാത്ത  ഏറ്റുപാടലിനായി നിത്യയൗവനത്തിന്റെ ചേലണിഞ്ഞ ആ ഗാനം കാലത്തെ വകഞ്ഞൊഴിഞ്ഞ് ഒരു നറുനിലാവായി ഇങ്ങനെ പെയ്യുകയല്ലേ....

"ഓ......  " ഓടക്കുഴലിൽ നിന്നും ഒഴുകിവരുന്ന മധുരനാദത്തെ പിൻതുടർന്ന് ഗായകന്റെ ആലാപനം തുടങ്ങുകയാണ്. മോഹനരാഗത്തിന്റെ നിമ്നോന്നതങ്ങളെ തഴുകി ഭാവാർദ്രമായ ആ സ്വരമിങ്ങനെ ഒഴുകിനീങ്ങുമ്പോൾ കാതുകൾ കാഴ്ചകളിലേക്കു തുറക്കുകയായി. മഞ്ഞിൻ പുതപ്പിനുംമീതേ മന്ദഹസിച്ചെത്തുന്ന ധനുമാസ പൂർണിമ.... തണുപ്പണിഞ്ഞ നിലാവിന്റെ വരച്ചിട്ട കാഴ്ചകളിൽ നന്നായി തെളിയുന്നു പി.ഭാസ്കരൻ എന്ന അതുല്യ പ്രതിഭയുടെ കയ്യൊപ്പ്. "മഞ്ഞലയിൽ മുങ്ങിത്തോർത്തി, ധനുമാസ ചന്ദ്രിക വന്നു...." ആലാപനത്തിൽ കിനിയുന്ന മാധുര്യം ഒരു തുടക്കക്കാരന്റേതു തന്നെയോ..... പാട്ടു പിറവിക്ക് ആറുപതിറ്റാണ്ടിന്റെ പഴക്കമെങ്കിലും കേൾവികളിൽ പിന്നെയും സന്ദേഹം ബാക്കി!

പിണങ്ങി ഇറങ്ങിപ്പോയതെങ്കിലും പ്രിയപ്പെട്ടവളുടെ സാമീപ്യം കൊതിക്കുന്ന നായകന് പ്രണയിനി 'പ്രേമചകോരി'യാണ്. കാവ്യകല്പനകളിൽ പ്രണയത്തിന്റെ പ്രതീകമാണ് ചകോരപ്പക്ഷികൾ എന്നതുകൊണ്ട് പ്രണയം പകർത്താൻ ഭാസ്കരൻ മാഷ് എന്തിന് മറ്റ് പ്രതീകങ്ങളെ തിരയണം! 

കെ.ജെ.യേശുദാസ് ∙ഫയൽചിത്രം
കെ.ജെ.യേശുദാസ് ∙ഫയൽചിത്രം

കർണികാരം പൂത്തുതളിർത്തതും കൽപനകൾ താലമെടുത്തതും കാഴ്ചവട്ടങ്ങൾക്ക് പകരുന്ന മാധുര്യം ഒട്ടും ചെറുതല്ല. എന്നാൽ ഇതോടൊപ്പംതന്നെ പാട്ടുവഴിയിൽ ആദ്യന്തം മുഴച്ചുനിൽക്കേണ്ട വേണുവിന്റെ ഹൃദയവേദനയെ വരച്ചിടാനുള്ള ആ കൈത്തഴക്കം കാവ്യവഴിയിലെ അസൂയപ്പെടുത്തുന്ന ചേലുതന്നെ. പക്ഷേ, വേണുവിലെ വേദന തികഞ്ഞ ഒരു നിരാശാകാമുകന്റേതായിപ്പോകാതെ നോക്കാൻ കവി ശ്രദ്ധിച്ചു, ഒപ്പം സംഗീതകാരനും.

"കഥ മുഴുവൻ തീരും മുമ്പേ യവനിക വീഴും മുമ്പേ...." വേണുവിന് നിശ്ചയിച്ച നിയോഗം കഥാവഴിയിൽ പിന്നെയും ബാക്കി. തന്നെ ഒരുപാട് സ്നേഹിക്കുന്ന രാധ പക്ഷേ അകന്നുകഴിഞ്ഞു, കവിളത്ത് കദനത്തിൻ കണ്ണീരുമായി.... രാധയിലെ വേദനയുടെ ആഴവും രാധയെ നന്നായി ഉൾക്കൊണ്ടുകഴിഞ്ഞ വേണുവിന്റെ മാനസികാവസ്ഥയും ചരണത്തിലേക്കെത്തുമ്പോൾ കൂടുതൽ തെളിയും. ആയാസരഹിതമായ ആസ്വാദനം സാധ്യമാകുമ്പോൾ കേൾവിയിടങ്ങൾ ആ എഴുത്തഴകിനെ ഒന്നു മാറോടു ചേർക്കും, ആലാപന ഭംഗിയുടെ മൂർദ്ധാവിൽ ഒരു ചുംബനം നൽകും..... ഓരോ വാക്കിലും ഉലഞ്ഞുവീഴുന്ന ഭാവമാധുര്യം ഏതെങ്കിലും കാതുകൾക്ക് കേട്ടുമടുത്തിട്ടുണ്ടാവുമോ? അങ്ങനെ വരാനേ തരമില്ലെന്ന് ആലാപനങ്ങളുടെ ആറു പതിറ്റാണ്ടുകളും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണല്ലോ. ആരോഗ്യം അനുവദിച്ച കാലത്തോളം സാന്നിധ്യമറിയിച്ച വേദികളിലൊക്കെ എത്രയോ വട്ടം ആ ഭാവാലാപനം ആരാധകരെയിങ്ങനെ മഞ്ഞലയിൽ മുങ്ങിത്തോർപ്പിച്ചു! 

പുത്തൻ സാങ്കേതിക വിദ്യകൾ കൂടി ആയപ്പോൾ ആസ്വാദനം അതിന്റെ അപാര റേഞ്ചിലേക്കെത്തി.

"വേദന തൻ ഓടക്കുഴലായ് പാടിപ്പാടി ഞാൻ നടന്നു

മൂടുപടം മാറ്റി വരൂ നീ രാജകുമാരി, കുമാരി ..." ശ്രോതാക്കൾ അത്ര കേട്ട് പരിചിതമല്ലാത്ത അനുചരണം. പുതിയ ഗായകന്റെ പാട്ടിന് ദൈർഘ്യം കൂട്ടി സമയം വെറുതെ കളയണ്ടെന്നു കരുതിയിട്ടാവാം റെക്കോഡ് ചെയ്തെങ്കിലും അണിയറക്കാർ കസെറ്റുകളിൽ വേണ്ടെന്നു വച്ചുകളഞ്ഞ വരികൾ! പക്ഷേ, കാലം ചില  'കടന്നകൈകൾക്ക്' മുതിരുമല്ലോ....  സിനിമയേക്കാൾ പാട്ട് ഹിറ്റായി, ഒപ്പം ജയചന്ദ്രൻ എന്ന ഗായകനും! ഒട്ടും വൈകിയില്ല, ദേവരാജൻ മാസ്റ്റർക്ക് പ്രിയപ്പെട്ടവനായി മാറാൻ ജയചന്ദ്രന് പിന്നെ ഏറെ ദൂരം നടക്കേണ്ടതായും വന്നില്ല.

"മാഷ് അന്ന് ആ പാട്ട് എനിക്കു തന്നില്ലായിരുന്നെങ്കിൽ എന്തായേനേം കാര്യങ്ങൾ.... ദൈവമാണ് അദ്ദേഹം, എന്റെ ദൈവം!" കടന്നുപോയ കാലത്തിന്റെ ഓർമകളെ നെഞ്ചോടു ചേർത്തുപിടിച്ച് പാട്ടുവഴിയിലെ ആ രാജരക്തം കൈകൾ കൂപ്പിയിട്ടുള്ളത് എത്രവട്ടം! കണ്ഠനാളത്തിൽ നിന്നും ഉയർന്നുപൊങ്ങുന്ന ശബ്ദവീചികളെ ചുണ്ടും നാവുമൊക്കെ ചേർത്ത് സംഗീതമാക്കുന്ന പ്രക്രിയയിൽ നാസികയേയും ഇത്ര വിദഗ്ധമായി ഉപയോഗിക്കുന്ന മറ്റൊരു ഗായകനെ വർത്തമാനത്തിന്റെ സ്വരഭേദങ്ങളിൽ കണ്ടെത്തുക അസാധ്യം! യേശുദാസിനു വേണ്ടിയുള്ള പാട്ടാണ് എന്നു പറഞ്ഞിരുവെങ്കിലും കളിത്തോഴനിൽ ഒരു പാട്ടുപോലും ദാസേട്ടൻ അന്ന് പാടിയിരുന്നില്ല!!

singer p jayachandran
പി.ജയചന്ദ്രൻ ∙ചിത്രം മനോരമ

പാഞ്ഞോടിയ കാലത്തിന്റെ നേർവഴിയിൽ ഓർമകൾ ഒന്നു പുറകോട്ടോടി.... 1958 ലെ സംസ്ഥാന യുവജനമേളയുടെ പ്രധാന വേദിയിലെത്തി കിതച്ചു നിൽക്കുമ്പോൾ കാണാം താളമേളക്കൊഴുപ്പുമായി ഒരു പാട്ടരങ്ങ്. ലളിത സംഗീതത്തിലെ ഒന്നാം സ്ഥാനക്കാരന്റെ ആലാപനത്തിന് പിന്നണി കൂടുന്നതോ മൃദംഗവാദനത്തിലെ ഒന്നാം സ്ഥാനക്കാരൻ! വിരൽ താളങ്ങളിൽ വിസ്മയത്തിന്റെ ശുദ്ധനടകൾ തീർത്ത ആ വെളുത്തുരുണ്ട യുവാവാണ് വഴിതെറ്റി ഭാവഗായകൻ പട്ടം നേടിയതെന്ന സത്യം ബാക്കിയാണ്! അന്ന് അരങ്ങത്ത് പാടിയ ഗായകനോ, സാക്ഷാൽ ഗാനഗന്ധർവനും!! വിസ്മൃതിയിലാവാത്ത വിസ്മയങ്ങൾ കാലത്തെ നോക്കി പുഞ്ചിരിക്കുകയാണ്, പിന്നെയും... പിന്നെയും...

English Summary:

Back story of superhit song Manjalayil Mungithorthi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com