ഹനുമാൻകൈൻഡിനെ കെട്ടിപ്പിടിച്ച് മോദി പറഞ്ഞു, ‘ജയ് ഹനുമാൻ’; വിഡിയോ വൈറൽ
Mail This Article
‘ബിഗ് ഡോഗ്സ്’ എന്ന ഒറ്റപ്പാട്ടുകൊണ്ട് സംഗീതലോകത്തു തരംഗമായ മലയാളി റാപ്പർ ഹനുമാൻകൈൻഡിനെ കെട്ടിപ്പിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി ന്യൂയോർക്കിൽ നടന്ന മോദി ആൻഡ് യുഎസ് പരിപാടിയില്‍ ഹനുമാൻകൈൻഡും സംഘവും സംഗീതപരിപാടി അവതരിപ്പിച്ചിരുന്നു. ‘ബിഗ് ഡോഗ്സ്’ എന്ന ഗാനവും സംഘം ആലപിക്കുകയുണ്ടായി.
സംഗീതപരിപാടി കഴിഞ്ഞയുടൻ നരേന്ദ്രമോദി വേദിയിലേക്കെത്തി, കലാകാരന്മാരെ ഓരോരുത്തരെയായി അഭിനന്ദിച്ചുകൊണ്ട് ആലിംഗനം ചെയ്തു. അക്കൂട്ടത്തിൽ ഹനുമാൻകൈൻഡിനെ കെട്ടിപ്പിടിച്ചപ്പോൾ ‘ജയ് ഹനുമാൻ’ എന്ന് മോദി പറഞ്ഞു. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
മലപ്പുറം പൊന്നാനി സ്വദേശിയായ സൂരജ് ചെറുകാട്ട് ആണ് റാപ്പ് ലോകത്ത് ഹനുമാൻകൈൻഡ് എന്ന പേരിൽ അറിയപ്പെടുന്നത്. ഹനുമാൻകൈൻഡിനൊപ്പം ആദിത്യ ഗാധ്‌വി, സംഗീത സംവിധായകനും ഗായകനുമായ ദേവി ശ്രീ പ്രസാദ് എന്നിവരും ന്യൂയോർക്കിലെ വേദിയിലുണ്ടായിരുന്നു.
‘ബിഗ് ഡോഗ്സ്’ എന്ന ഗാനം ഹനുമാൻകൈൻഡിനു നേടിക്കൊടുത്ത ആരാധകരുടെ എണ്ണം ചെറുതല്ല. ഈ വർഷം ജൂലൈയിലാണ് പാട്ട് യൂട്യൂബിൽ റിലീസ് ചെയ്തത്. വൈകാതെ ഈ ട്രാക്ക് ഹിറ്റ്ചാർട്ടിൽ ഇടം നേടി. പിന്നാലെ, ആഗോളതലത്തിൽ ചർച്ചയാവുകയും ചെയ്തു. നിലവിൽ 12 കോടിയിലധികം പ്രേക്ഷകരെയാണ് പാട്ട് സ്വന്തമാക്കിയിരിക്കുന്നത്.