ADVERTISEMENT

മകളെ ഉറക്കാൻ ബോളിവുഡ് താരം രൺബീർ കപൂർ മലയാളം താരാട്ടു പാട്ട് പഠിച്ചെന്നു വെളിപ്പെടുത്തി ആലിയ ഭട്ട്. സാന്ത്വനം സിനിമയ്ക്കു വേണ്ടി മോഹൻ സിത്താര ഈണമിട്ട 'ഉണ്ണി വാവാവോ' എന്ന ഗാനമാണ് മകൾ റാഹയെ ഉറക്കാൻ രൺബീർ കപൂർ പഠിച്ചത്. കുഞ്ഞിനെ പരിപാലിക്കുന്ന നഴ്സാണ് ഈ പാട്ടു പാടി കുഞ്ഞിനെ ഉറക്കാറുള്ളതെന്നും ഇപ്പോൾ ആ പാട്ട് രൺബീറിന് പഠിക്കേണ്ടി വന്നുവെന്നും ആലിയ പറഞ്ഞു. ഒരു ടെലിവിഷൻ ഷോയിലാണ് ആലിയ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. 

ആലിയയുടെ വാക്കുകൾ ഇങ്ങനെ: "ഞങ്ങളുടെ നഴ്സ് കുഞ്ഞിന് ചെറുപ്പം മുതൽ പാടി കൊടുക്കുന്ന ഒരു താരാട്ടു പാട്ട് ഉണ്ട്. ഉണ്ണി വാവാവോ പൊന്നുണ്ണി വാവാവോ എന്ന മലയാളം പാട്ട്. ഇപ്പോൾ റാഹയ്ക്ക് ഉറങ്ങണമെങ്കിൽ അവൾ പറയും, മമ്മ വാവോ... പപ്പ വാവോ! അതിനർഥം, അവൾക്ക് ഉറങ്ങണമെന്നാണ്. രൺബീർ ഇപ്പോൾ ആ പാട്ട് പഠിച്ചെടുത്തു." 

ബോളിവുഡ് താരദമ്പതികളുടെ മകൾ മലയാളം താരാട്ടു പാട്ടു കേട്ടാണ് ഉറങ്ങുന്നതെന്ന രസകരമായ വിവരം സമൂഹമാധ്യമങ്ങളിൽ വൈറലായി. ആലിയ ഇക്കാര്യം പറയുന്നതും ഉണ്ണി വാവാവോ എന്ന പാട്ടിന്റെ ആദ്യ വരി പാടുന്നതും മലയാളികൾ ആഘോഷമാക്കി. മോഹൻ സിത്താര ഈണമിട്ട് കൈതപ്രം ദാമോദരൻ നമ്പൂതിരി വരികളെഴുതിയ ഗാനം മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് താരാട്ടുപാട്ടാണ്. കെ.ജെ യേശുദാസും കെ.എസ് ചിത്രയും ഈ ഗാനം പാടിയിട്ടുണ്ട്. 

വിഡിയോയുടെ കമന്റ് ബോക്സ് നിറയെ മലയാളത്തിലുള്ള രസകരമായ പ്രതികരണങ്ങളാണ്. മലയാളികൾക്ക് 'ഉണ്ണി വാവാവോ വെറും ഒരു പാട്ടല്ല, വികാരമാണ്' മലയാളികൾ കുറിച്ചു. മലയാളി കുഞ്ഞുങ്ങളുടെ ദേശീയ ഗാനമാണ് ഇതെന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. 

'അങ്ങനെ ഉണ്ണി വാവാവോ പാൻ‌ ഇന്ത്യൻ ആയി' എന്നാണ് ആരാധകരുടെ രസകരമായ കമന്റ്. റാഹ കഴിഞ്ഞ ജന്മത്തിൽ 'മല്ലു' ആയിരുന്നെന്നും ചില ആരാധകർ കുറിച്ചു. കുഞ്ഞിനു ഇഷ്ടമുള്ള പാട്ട് പഠിച്ചെടുക്കാൻ രൺബീർ കാണിച്ച താൽപര്യത്തെയും ആരാധകർ അഭിനന്ദിച്ചു. 

ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ മകൾ മല‌യാളം പാട്ടു പഠിച്ചെടുത് കാര്യവും ചിലർ പരാമർശിച്ചു. മകളെ പരിപാലിക്കാനെത്തിയ മലയാളി നഴ്സിൽ നിന്നാണ് ധോണിയുടെ മകൾ സിവ മലയാളം പാട്ടു പഠിച്ചത്. സിവ 'അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ' പാടിയതും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

English Summary:

Ranbir Kapoor singing a Malayalam lullaby to his daughter? Alia Bhatt reveals Ranbir learned "Unni Vaavaavo" to soothe baby Raha, melting hearts across India!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com