‘ദേവസഭാതലം’ എം.ജി.ശ്രീകുമാറും പാടി, പക്ഷേ സിനിമയിൽ ഉപയോഗിച്ചത് രവീന്ദ്രൻ–യേശുദാസ് പതിപ്പ്!
Mail This Article
‘ഹിസ് ഹൈനസ് അബ്ദുള്ള’ എന്ന ചിത്രത്തിലെ പാട്ടുകളുടെ പിന്നണിക്കഥയോർത്തെടുത്ത് ഗായകൻ എം.ജി.ശ്രീകുമാർ. ചിത്രത്തിൽ 6 പാട്ടുകളുള്ളതിൽ ഒന്ന് മാത്രമാണ് താൻ ആലപിച്ചതെന്നും മറ്റുള്ളവയ്ക്കെല്ലാം യേശുദാസ് സ്വരമേകിയെന്നും അതിൽ സന്തോഷം മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. യേശുദാസിനെ അനുകരിക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നും എന്നാൽ അതൊക്കെ വെറുതെയാണെന്നും അദ്ദേഹത്തിനു പകരമാകാൻ മറ്റാർക്കും സാധിക്കില്ലെന്നും എം.ജി.ശ്രീകുമാർ കൂട്ടിച്ചേർത്തു. ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പുറത്തിറക്കുന്ന ‘ഓർമകൾ’ എന്ന സംവാദന പരമ്പരയിൽ ആണ് ‘ഹിസ് ഹൈനസ് അബ്ദുള്ള’ എന്ന ചിത്രത്തിലെ പാട്ടുവിശേഷങ്ങൾ എം.ജി.ശ്രീകുമാർ ഓർത്തെടുത്തത്.
‘മോഹൻലാൽ അന്ന് സിനിമയിൽ കത്തി നിൽക്കുന്ന സമയമാണ്. അദ്ദേഹമാണ് സിബി മലയിലിന്റെ ‘‘ഹിസ് ഹൈനസ് അബ്ദുള്ള’’ എന്ന ചിത്രമൊരുങ്ങുന്ന വിവരം എന്നെ അറിയിച്ചത്. 6 പാട്ടുകളുണ്ടെന്നും പറഞ്ഞു. അപ്പോൾ എനിക്കു വലിയ സന്തോഷമായി. 6 പാട്ട് എന്നു പറയുന്നത് ചെറിയ കാര്യമല്ലല്ലോ. അങ്ങനെ പടത്തിന്റെ ജോലികൾ പുരോഗമിക്കവെ, ഒരു ദിവസം ലോഹിയേട്ടനും (ലോഹിതദാസ്) സിബി മലയിലും കൂടെ എന്റെയടുത്ത് വന്ന് പറഞ്ഞു, ‘ശ്രീക്കുട്ടാ, ഞങ്ങൾക്ക് ഒരു പാട്ട് ദാസേട്ടനു കൊടുക്കണമെന്നുണ്ടെന്ന്’. അതൊക്കെ ചോദിക്കേണ്ട കാര്യമുണ്ടോയെന്നു ഞാൻ തിരിച്ചു ചോദിച്ചു. കാരണം ദാസേട്ടൻ വേറെ ലെവലിലുള്ള ഒരു വ്യക്തിയല്ലേ. അദ്ദേഹത്തിനു പാടാൻ അവസരം കൊടുക്കണമെന്ന കാര്യം എന്നോട് പറയേണ്ട ആവശ്യമില്ലല്ലോ.
ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചിത്രത്തിലെ ഒരു പാട്ട് മാത്രമേ എനിക്കുള്ളുവെന്ന് അറിയിച്ചു. മറ്റുള്ളവയെല്ലാം ദാസേട്ടനെക്കൊണ്ട് പാടിപ്പിച്ചു. അതിൽ എനിക്കൊരിക്കലും സങ്കടം തോന്നിയിട്ടില്ല. ‘‘നാദരൂപിണി’’ എന്ന ഗാനമാണ് ചിത്രത്തിനു വേണ്ടി ഞാൻ ആലപിച്ചത്. മൂകാംബികാ ദേവിയെക്കുറിച്ചുള്ള ഗാനമാണത്. സന്തോഷത്തോടെ ഞാൻ ആലപിച്ചു. ചിത്രത്തിലെ ദേവസഭാതലം എന്ന ഗാനം ഞാനും ദാസേട്ടനും പാടിയിട്ടുണ്ട്. അതിൽ അഹങ്കാരിയായ ഒരു സംഗീതജ്ഞൻ പാടുന്നതുപോലെ ശബ്ദത്തിൽ വ്യത്യാസങ്ങൾ കൊണ്ടുവരണമെന്ന് എന്നോടു പറഞ്ഞു, ഞാൻ സമ്മതിച്ചു. പക്ഷേ അതു കേട്ടപ്പോൾ, എന്റെയും ദാസേട്ടന്റെയും ശബ്ദങ്ങൾ തമ്മിൽ താരതമ്യം ചെയ്യാൻ സാധ്യതയുണ്ടെന്നു തോന്നി. അതുകൊണ്ട് ആ അവസരം എനിക്കു വേണ്ടെന്നു ഞാൻ പറഞ്ഞു. അങ്ങനെ എനിക്കു പകരം രവീന്ദ്രൻ മാസ്റ്റർ അത് പാടുകയും ആ പതിപ്പ് സിനിമയിൽ ഉപയോഗിക്കുകയും ചെയ്തു. ഇതാണ് ശരിക്കും സംഭവിച്ചത്. ചിത്രത്തിലെ ഒരു ഗാനമൊഴികെ മറ്റുള്ളവയെല്ലാം ദാസേട്ടൻ പാടിയതിൽ എനിക്കു സന്തോഷം മാത്രമേയുള്ളു. കാരണം അദ്ദേഹത്തെപ്പോലെ മറ്റാരാണുള്ളത്?
ദാസേട്ടനെ അനുകരിക്കുന്നവരോടൊക്കെ എന്താ പറയുക? കാരണം, ദാസേട്ടൻ ഏതൊരു തലത്തിൽ നിൽക്കുന്ന മനുഷ്യനാണ്. അദ്ദേഹത്തിന്റെ ശബ്ദം ഇന്നും മലയാളികൾ നെഞ്ചിലേറ്റുന്നതല്ലേ. അങ്ങനെയൊരു ശബ്ദം ഇതിനു മുൻപ് ഭൂമിയിലുണ്ടായിട്ടില്ല. ഇനിയുണ്ടാകുമോയെന്ന് അറിയില്ല. ദാസേട്ടനെ പലരും അനുകരിക്കുന്നുണ്ട്, അദ്ദേഹത്തിന്റെ ശബ്ദത്തോടു സാമ്യമുണ്ടെന്നൊക്കെ പറയുന്നുണ്ട്, അദ്ദേഹത്തിന്റെ വസ്ത്രധാരണരീതി പോലും പിന്തുടരുന്നവരുണ്ട്. പക്ഷേ അതുകൊണ്ടൊന്നും യാതൊരു കാര്യവുമില്ല. അവരോടൊക്കെ എന്താ പറയുക? ദാസേട്ടൻ വന്നിട്ട് ഒന്ന് മൂളിയാൽ ഈ അനുകരിക്കുന്നവരൊക്കെ ഒന്നുമല്ലാതായിപ്പോകും’, എം.ജി.ശ്രീകുമാർ പറഞ്ഞു.
1990 ലാണ് മോഹൻലാലിനെ നായകനാക്കി ‘ഹിസ് ഹൈനസ് അബ്ദുള്ള’ എന്ന ചിത്രം പ്രദർശനത്തിനെത്തിയത്. ചിത്രവും പാട്ടുകളും ഞൊടിയിടയിൽ ആരാധകഹൃദയങ്ങളിൽ കയറിക്കൂടി. കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് പാട്ടുകളുടെ രചന നിർവഹിച്ചത്. ‘ദേവസഭാതലം’ എന്ന ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നതും കൈതപ്രം തന്നെ. പുറത്തിറങ്ങി രണ്ടര പതിറ്റാണ്ടുകളോട് അടുക്കുമ്പോഴും ചിത്രത്തിനും ഗാനങ്ങൾക്കും ആരാധകർ ഏറെയാണ്.